പട്ടത്താനം പ്രസംഗം


ശ്രീനാരായണ ഗുരുദേവൻ പ്രസംഗവേദിയിൽ .

1916 ജൂലൈ 16. ലെ ദേശാഭിമാനി പത്രത്തിൽ വന്ന ശ്രീ നാരായണ ഗുരുദേവന്റെ പ്രസംഗം അതീവ ശ്രദ്ധേയവും പഠനാർഹവുമാകുന്നു.

 കൊല്ലം പട്ടത്താനത്ത് അച്യൂതൻ മേസ്തിരി 
പുതിയതായി പണി കഴിപ്പിച്ച ബംഗ്ലാവിന്റെ ഉദ്ഘാടന വേളയിൽ ചെയ്തതാണീ പ്രസംഗം .ടി.കെ.മാധവൻ സി.വി.കുഞ്ഞുരാമൻ മുതലായ നേതാക്കന്മാർ ഉൾപ്പെടെ നിറഞ്ഞ ആ സദസിൽ സ്വാമി ചെയ്ത പ്രസംഗത്തിലെ ഒരു ഭാഗം ചുവടെ ചേർക്കാം. ശ്രീ നാരായണ ഗുരുദേവന്റെ മതദർശനം അസന്ദിഗ്ദ്ധമായ ഭാഷയിൽ ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നു.

മനുഷ്യരിൽ ഗുണകർമ്മ വിഭാഗം അനുസരിച്ച് ചാതുർവർണ്യം കല്പിക്കാം. എന്നാൽ ,ഇപ്പോൾ കാണുന്ന മനുഷ്യനിർമ്മിതമായ ജാതി വിഭാഗത്തിനു യാതൊരു അർത്ഥവുമില്ല.
അനർത്ഥകരവുമാണ് . അതു 
നശിക്കതന്നെ വേണം . മേൽജാതിയെന്നും കീഴ്ജാതിയെന്നും ഉള്ള വിചാരം തന്നെ  ഇല്ലാതാക്കണം. ഈ വിചാരം നമ്മിൽ നിന്ന് പോയിട്ട് വളരെക്കാലമായി . സാമുദായിക സംഗതികൾക്കും മതത്തിനും തമ്മിൽ സംബന്ധമൊന്നും പാടില്ല.

 മതം മനസ്സിന്റെ കാര്യമാണ്. ആരുടെയും മത സ്വാതന്ത്ര്യത്തെ തടയരുത് . പല മതക്കാരായ മനുഷ്യരുണ്ടല്ലോ. അവരിൽ ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളർച്ചക്കും അനുസരിച്ച് 
ഭിന്നമതങ്ങൾ കൂടിയേ തീരൂ.

 എല്ലാവർക്കും സ്വീകാര്യമാകുന്ന ഒറ്റ മതം ഉണ്ടാവാൻ പ്രയാസമാണ്. - 'എന്റെ മതം സത്യം . മറ്റുള്ളവരുടെ മതം അസത്യം ' എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട് . അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്യേശ്യത്തോടു കൂടിയാണ്. ഇപ്പോൾ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു പ്രത്യേക മതവുമായി നമുക്ക് യാതൊരു പ്രത്യേക സംബന്ധവുമില്ല. നാമായിട്ട് ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്. ഓരോരുത്തരും അവരവർക്കിഷ്ടമുള്ള മതം ആചരിച്ചാൽ മതി.

 നാം ചില ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളിൽ ചിലരുടെ അഗ്രഹം അനുസരിച്ചാണ്. ഇതു പോലെ ക്രിസ്ത്യാനികൾ, മുഹമ്മദീയർ മുതലായ മറ്റു മതക്കാരും അഗ്രഹിക്കുന്ന പക്ഷം അവർക്കായും വേണ്ടത് ചെയ്യുവാൻ നമുക്കെപ്പോഴും സന്തോഷമാണുള്ളത്.

നാം ജാതി മതഭേദങ്ങൾ വിട്ടിരിക്കുന്നു എന്നു പറയുന്നതിന് യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമത ഇല്ലെന്നു മാത്രമേ അർത്ഥമുള്ളു.' 

കടപ്പാട് 🙏🙏🙏🙏🙏🙏🙏🙏🙏

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI