കുന്തക്കാരൻ പത്രോസ്




മാർച്ച് 9: കെ.വി. പത്രോസ് ദിനം- പുന്നപ്ര വയലാറിന്റെ യഥാര്‍ത്ഥ കുന്തക്കാരന്‍ 

“ഉയരും ഞാന്‍ നാടാകെ/ പടരും ഞാനൊരു പുത്ത/നുയിര്‍ നാട്ടിന്നേകിക്കൊ/ണ്ടുയരും വീണ്ടും/ ഉയരും ഞാന്‍ നാടാകെ/യുയരും ഞാന്‍ വീണ്ടുമ/ങ്ങുയരും ഞാന്‍/വയലാറലറിടുന്നു/അവിടത്തെ ധീരത/യിവിടെപ്പകര്‍ത്തുവാന്‍/കഴിവറ്റ തൂലികേ/ലജ്ജിക്കൂ നീ/പുകയുമാവെണ്ണീറില്‍ തൂലികകൊണ്ടൊന്നു/ചികയണേ നാടിന്‍/ചരിത്രകാരാ…” (വയലാര്‍ ഗര്‍ജിക്കുന്നു – പി.ഭാസ്‌കരന്‍)

കേരളാസ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന കെ.വി.പത്രോസായിരുന്നു ആ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നായകന്‍.
തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സ്റ്റേറ്റ് സെക്രട്ടറി. പത്രോസെന്ന പാറമേലായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടത്‌.

കേരളത്തെ ചുവപ്പിച്ച പുന്നപ്ര-വയലാര്‍ സമരത്തിന്റെ കണ്‍വീനറും തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായിരുന്ന കെ.വി പത്രോസിനെ കേരളത്തിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റുകാര്‍ ഓര്‍ക്കാറു പോലുമില്ല. അവരുടെ ഓര്‍മ്മകളിലോ, ചരിത്രത്തിലോ, രക്തസാക്ഷിമണ്ഡപങ്ങളിലോ, കെട്ടിപൊക്കിയ കൊട്ടാരസമാനമായ പാര്‍ട്ടി മന്ദിരങ്ങളിലോ ഈ തൊഴിലാളി നേതാവിന്റെ ഒരു ചിത്രം പോലുമില്ല. വളരെ ബോധപൂര്‍വ്വം, അല്ല വളരെ സംഘടിതമായി പത്രോസിന്റെ പേര് കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങളില്‍ നിന്ന് വെട്ടി നിരത്തി. കാരണം, പത്രോസ് നട്ടെല്ല് വളയ്ക്കാത്ത തൊഴിലാളി നേതാവും സര്‍വ്വോപരി അടിസ്ഥാന വർഗ്ഗത്തിൽ നിന്നും ഉയർന്നുവന്നവനുമായിരുന്നു.

സി.പി.ഐയോ സി.പി.ഐ.എമ്മോ ഒരിക്കലും പത്രോസിനെ അനുസ്മരിച്ചു കണ്ടിട്ടില്ല. (പുന്നപ്ര – വയലാർ സമരത്തിൻറെ 75-ാം വാർഷികത്തോടനുബന്ധിച്ച് പത്രോസ് അന്ത്യവിശ്രമംകൊള്ളുന്ന എസ്എൻഡിപിയുടെ മംഗലത്തെ കുഴിമാടത്തിൽ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ (AITUC) പുഷ്പാർച്ചന നടത്തിയിരുന്നു എന്നതൊഴികെ)

സഖാവ് പി.കൃഷ്ണപിള്ള കണ്ടെത്തിയ പത്രോസിനെ ചരിത്രത്തില്‍ ജീവനോടെ കുഴിച്ചുമൂടിയത് ആരാണെന്ന് അടിമകൾ അല്ലാതെ ചരിത്രം പഠിച്ചാൽ ആർക്കും മനസിലാവും."വാലന്മാരായ" പാർട്ടിയുടെ പിൽക്കാല നേതൃത്വമാണ്. അല്ലെങ്കിൽ സ്വന്തം ചരിത്രം രചിച്ച് പാർട്ടി ചരിത്രമാക്കിയ തിരുമേനിമാർ എന്ന് പറയാം. അവരുടെ ചരിത്രം ‘ഹിസ് ‘ സ്റ്റോറിയും മൈ സ്റ്റോറിയും മാത്രമാണ്. "ഞാനും എൻ്റെ പാർട്ടിയും...." എന്നിങ്ങനെയായിരുന്നല്ലോ തിരുമേനിയുടെ ചരിത്ര നിർമ്മിതി.

തിരുവിതാംകൂർ ദിവാനായ സർ സിപി യെ വിറപ്പിക്കുകയും , തൊഴിലാളി വർഗത്തിൽ നിന്ന് ഉയർന്ന് നേതാവാകുകയും ചെയ്ത കെ.വി. പത്രോസിനെ കമ്മ്യൂണിസ്റ്റുകാര്‍ എന്തിനാണ് ചരിത്രത്തില്‍ നിന്നുതന്നെ മായിച്ചുകളഞ്ഞത്?

ഒരുകാലഘട്ടത്തിന്റെ കടിഞ്ഞാണ്‍ കൈയിലേന്തിയിരുന്ന പോരാളിയെക്കുറിച്ചുള്ള പ്രമാണിക രേഖകളും വസ്തുതകളും നശിപ്പിച്ചതാരാണ്? സഖാവ് വർഗീസ് വൈദ്യർ പത്രോസിൻറെ ജീവചരിത്രം എഴുതിയിരുന്നു. പക്ഷേ പാർട്ടിക്കാർ വാങ്ങിക്കൊണ്ടുപോയി നശിപ്പിച്ചുകളയുകയും ചെയ്തതായി മകൻ ചെറിയാൻ കൽപ്പകവാടി തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. (വാടപ്പുറം ബാവായുടെ ജീവചരിത്രവും ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടതായാണ് അറിയുന്നത്.) 

ചരിത്രത്തില്‍ കെ.വി. പത്രോസ് ആരായിരുന്നു? ചെഗുവേരയെ ആരാധിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്തുകൊണ്ടാണ് ധീരവിപ്ലവകാരിയായ പത്രോസിനെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചത്?
ആ ചതിയുടെയും വഞ്ചനയുടെയും കഥകള്‍ അന്വേഷിച്ച് കേരളമാകെ അലഞ്ഞ് തിരിഞ്ഞ ചരിത്രാന്വേഷിയേയും അധികമാർക്കും അറിയാമെന്നു തോന്നുന്നില്ല. പത്രോസിനെ പ്പോലെ ഒതുങ്ങിക്കൂടിയ നിസംഗനാണ് ആ എഴുത്തുകാരനും. കലാകൗമുദിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ യദുകുലകുമാർ.

മറവിയിലായിപ്പോയ ഈ ചരിത്രം ചികഞ്ഞെടുക്കാന്‍ ഈ മാധ്യമപ്രവര്‍ത്തകന്‍ ഒരുപാട് അലഞ്ഞു. പത്രോസിന്റെ സമകാലീനരായ പലരും യദുകുലകുമാറിന്റെ അന്വേഷണത്തോട് സഹകരിക്കാതെ വിട്ടുനിന്നു, ചിലര്‍ മൗനം പാലിച്ചു, ചിലര്‍ ആട്ടിയോടിച്ചു. കേരളത്തിലെ ആസ്ഥാന ചരിത്രകാരന്മാരും ഇടത് പക്ഷ നേതാക്കളും ചരിത്രത്തിൻ്റെ പിന്നാമ്പുറത്ത് കെട്ടിയിട്ട രണ്ട് ധീരന്മാരെ കുറിച്ച് പുസ്തകമെഴുതിയ വ്യത്യസ്തനായ ചരിത്രകാരനാണ് യദുകുല കുമാർ. കെ വി പത്രോസിൻ്റെ ചരിത്രത്തിന് പുറമെ സർ.സിപിയെ വധിക്കാൻ ശ്രമിച്ച കെ. സി. എസ് മണിയെക്കുറിച്ചും ഒരു പുസ്തകമെഴുതിയിട്ടുണ്ട് അദ്ദേഹം

'പാർടിയുടെ നയപരിപാടികൾ കർശനമായി നടപ്പാക്കാൻ ശ്രമിച്ചു എന്ന കൊടിയ കുറ്റത്തിന് പത്രോസിനെ പാർടി സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കുന്നു. സ്റ്റേറ്റ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കുന്നു, ഗ്രാസ്റൂട്ട് ലെവലിലേക്ക്, ആറാട്ട് വഴി ബ്രാഞ്ചിലേക്ക് തരം താഴ്ത്തുന്നു. കെ വി . പത്രോസ് വിസ്മരിക്കപ്പെട്ടു. ചരിത്ര രേഖകളോ പാർട്ടി പ്രസിദ്ധീകരണങ്ങളോ പരിശോധിച്ചാൽ കെ വി പത്രോസ് എന്നൊരാൾ കേരളത്തിൽ ജനിച്ചിട്ടുപോലുമില്ല. തിരുമേനിയുടെ " ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര"ത്തിൽ ഡോ. അംബേദ്‌കർ എന്നൊരാൾ ഇന്ത്യയിൽ  ജനിച്ചിട്ടുപോലുമില്ലാത്തതുപോലെ!
ഈ വീര സാഹസികന് ഇത്തരമൊരു പരമദാരുണമായ അന്ത്യം എങ്ങനെ സംഭവിച്ചു? ഒരു കമ്യൂണിസ്റ്റ് കാരനായി അന്ത്യശ്വാസം വലിച്ച ആ ആദർശധീരൻ എങ്ങനെ അജ്ഞാതനും വിസ്മരണീയനുമായി അവസാനിച്ചു?’.

ഊതിപെരുപ്പിച്ച ചരിത്രവും നാലും അഞ്ചും സ്വയം പൊങ്ങി ആത്മകഥകളും എഴുതികൂട്ടുന്ന പാർടി നേതാക്കളും കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരും എന്തുകൊണ്ടാണ് പത്രോസിനെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രങ്ങളില്‍ നിന്ന് ഒഴിവാക്കിയ തെന്നതിന് കൃത്യമായ മറുപടി പറയാനുള്ള ധൈര്യം കാണിച്ചിട്ടില്ല. കമ്മ്യണിസ്റ്റ് പാര്‍ട്ടിയുടെ ഈ നന്ദിക്കേടിനെക്കുറിച്ച് ഒരു അന്വേഷണം നടത്തി പത്രോസിന്റെ പങ്കാളിത്തം, അയാള്‍ പാർട്ടിയിലും തിരുവിതാം കൂറിലും കോറിയിട്ട ചരിത്രം ഇതൊക്കെ വീണ്ടെടുത്തത് ജി.യദുകുലകുമാര്‍ എന്ന ചരിത്രകാരനാണ്.

ആ വിപ്ലവകാരി വഹിച്ച അവിസ്മരണീയമായ പങ്ക് മാത്രമാണ് ചരിത്ര രചനയിൽ തന്നെ സ്വാധീനിച്ചതെന്ന് യദുകുല കുമാർ പുസ്തകത്തിൻറെ ആമുഖത്തിൽ പറയുന്നുണ്ട്. താൻ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പത്രോസിനോടും അദ്ദേഹം രചിച്ച ചരിത്രത്തോടും നീതിപുലര്‍ത്തിയ ആ പുസ്തകം 1996 ൽ പുറത്തുവന്നു- കെ.വി പത്രോസ്-കുന്തക്കാരനും ബലിയാടും. (ഡി.സി. ബുക്ക്സ്)

പത്രോസിൻ്റെ ജീവചരിത്ര പുസ്തകത്തോട് ആസ്ഥാന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ മുഖംതിരിച്ച് നിന്നു. അവര്‍ക്ക് അപ്രിയമായ ഒട്ടേറെ സത്യങ്ങള്‍ ഈ ഗ്രന്ഥത്തിലൂടെ യദുകുലകുമാർ വിളിച്ചു പറഞ്ഞു. പുസ്തക രചനയുടെ ഭാഗമായി ഇ.എം.എസിനെ കണ്ടുവെങ്കിലും പത്രോസിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് യദുകുലകുമാര്‍ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇ.എം.എസ് ആലപ്പുഴയിലെത്തിയാല്‍ പലപ്പോഴും താമസിച്ചിരുന്നത് പത്രോസിന്റെ കുടിലിലായിരുന്നു. എന്നിട്ടുപോലും ഇ.എം.എസ് രചിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍, പാര്‍ട്ടിയുടെ ചരിത്രം തുടങ്ങിയ ഗ്രന്ഥങ്ങളിലൊന്നും പത്രോസിനെ ഓര്‍ക്കാനോ, അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് എഴുതാനോ? തയ്യാറായിട്ടില്ല. പത്രോസിനെക്കുറിച്ചറിയാന്‍ യദുകുലകുമാര്‍ ഇ.എം.എസിനെ നേരില്‍കണ്ട കൂടികാഴ്ചയെക്കുറിച്ച് പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്.

“പത്രോസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തായതിനെപറ്റി വീണ്ടും ചോദിച്ചപ്പോള്‍ അദ്ദേഹം (ഇ.എം.എസ്)ഒരു നിമിഷം ഒന്നാലോചിച്ചു.’ കൃത്യമായി ഞാന്‍ ആ കാര്യങ്ങള്‍ ഓര്‍ക്കുന്നില്ല. വളരെ ‘വെയ്ഗ്’ (vague) ആയിട്ടേ ഓര്‍മ്മിക്കുന്നുള്ളൂ. 1942-ലൊക്കെ ശേഷം കൂടുതല്‍ പാര്‍ട്ടിയുടെ കേന്ദ്ര കാര്യങ്ങളൊക്കെ നോക്കി ഡല്‍ഹിയിലായിരുന്നു. ഇവിടെയുള്ളപ്പോഴും സംസ്ഥാനത്തെ കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നില്ല’. വീണ്ടും ഇക്കാര്യം അറിയാനുള്ള താല്‍പര്യം കാണിച്ചപ്പോള്‍ ഇ.എം.എസ് ഇത്രയും കൂടി പറഞ്ഞു – കല്‍ക്കത്ത തിസീസ് കാലത്ത് പാര്‍ട്ടി നയം നടപ്പിലാക്കുന്ന കാര്യത്തില്‍ പത്രോസ് കര്‍ക്കശമായി പെരുമാറിയെന്ന ഒരാക്ഷേപം പാര്‍ട്ടിക്കാര്‍ക്കിടയിലുണ്ടായിരുന്നുവെന്ന് തോന്നുന്നു. തുടര്‍ന്നുള്ള കാര്യങ്ങളെപറ്റി ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നില്ല. പത്രോസുമായി ചില ബന്ധങ്ങളുണ്ടായിരുന്നു. പിന്നീടാ ബന്ധം വിട്ടു. പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ എന്നും അങ്ങനെ ആയിരിക്കണമെന്നില്ല. അതു വലിയ കാര്യമൊന്നുമല്ല. പാര്‍ട്ടിയുടെ സെക്രട്ടറിയായി രുന്നില്ലേ പി.സി ജോഷി. പിന്നീടോ? അങ്ങനെയൊക്കെ സംഭവിക്കാം”

ഇതായിരുന്നു പത്രോസിനെക്കുറിച്ചുള്ള ഇ.എം.എസിന്റെ നിലപാട്. നേതാവിൻ്റെ സെലക്ടീവ് ഓർമ്മക്കുറവും മാടമ്പിത്തരവും ! ഒരു നേതാവിന് ഇത്രയും ഹൃദയശുന്യനാവാമോ? അദ്ദേഹമെഴുതിയ ചരിത്രത്തിൽ എൻ്റെ തല, എൻ്റെ ഫുൾ ഫിഗർ മാത്രം!  ആത്മവഞ്ചന വശമില്ലാത്തതു കൊണ്ട് പത്രോസ് ചരിത്രത്തിൽ ഒന്നുമായില്ല. എന്നതാണ് പരമ സത്യം.

അവസാന കാലത്ത് പത്രോസിന് നക്സൽ പ്രസ്ഥാനത്തോട് ആയിരുന്നു അടുപ്പം. അവരുടെ ആത്മാർത്ഥതയിൽ അദ്ദേഹത്തിന് തികഞ്ഞ മതിപ്പായിരുന്നു. എന്നാൽ അവരുടെ മാർഗത്തോട് വിയോജിപ്പുമായിരുന്നു. അവരുടെ പരിപാടികളിൽ ക്ഷണിതാവായി പങ്കെടുത്തിട്ടുണ്ട്. ആലപ്പുഴ കൈ ചൂണ്ടി മുക്കിൽ നടന്ന യോഗത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ഇങ്ങനെ  ”വഴിക്ക് നിങ്ങൾ വഞ്ചിക്കപ്പെട്ടു പോവരുത്. എവിടെയും അതാണ് സംഭവിക്കുന്നത്. സവർണ മേധാവിത്വം പ്രസ്ഥാനം കയ്യടക്കിയാൽ നിങ്ങളും മറ്റൊരു കക്ഷിയായി മാറും. ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഇഞ്ച് നിങ്ങൾക്ക് മുന്നോട്ട് കാൽവയ്ക്കാനാവില്ല. ഇഞ്ചിനിഞ്ച് സന്ധിയും സമാധാനവുമായി നിങ്ങളെ വലയ്ക്കാൻ ആളെത്തും.” 
തിരുവിതാംകൂർ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ഓർമ്മകളിൽ നിന്നു മെല്ലാം പത്രോസ് സമ്പൂർണമായി തുടച്ചു മാറ്റപ്പെട്ടതിൻ്റെ കാരണം സവർണ മേധാവിത്തം നിമിത്തമാണെന്ന് പച്ചക്ക് പറഞ്ഞു വെച്ചിട്ടുണ്ട് പത്രോസ് ആ പ്രസംഗത്തിൽ. 
അതായത് അവർണന് കഞ്ഞി കുഴി കുത്തിക്കൊടുക്കുകയാണ്. അതാണ് പത്രോസിനെക്കുറിച്ച് ചോദിക്കുമ്പോൾ വളരെ വെയ്ഗായി മാത്രം ഓർമ്മകൾ പുറത്തു വരുന്നത്. മനസിലും ഓർമ്മകളിലും നമ്പൂരിത്തം പുന്ത് വിളയാടി നിൽക്കുന്നു? ഗൗരി ചോവത്തിയെന്ന് ഒരു ഉണ്ണി വിളിച്ചതും വെറുതെയല്ല!

തിരുവിതാംകൂറിൽ 1948ൽ നടന്ന തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മാത്രം സ്ഥാനാർത്ഥിയെ നിർത്തി മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസുമായി ധാരണ ഉണ്ടാക്കാമെന്ന EMട നമ്പൂതിരിപ്പാടിൻറെ ന്റെ നിർദ്ദേശത്തെ നഖശിഖാന്തം എതിർത്തതിനാൽ പതിയെ പതിയെ പാർട്ടിയുടെ കണ്ണിലെ കരടായി തീർന്ന് പുറത്താക്കപ്പെടുകയായിരുന്നു. പാർട്ടിയുടെ പാർലമെന്ററി വ്യാമോഹങ്ങളെയും നയവൈകല്യങ്ങളെയും പാർട്ടി കമ്മറ്റികളിൽ തുറന്ന് എതിർത്തു എന്നതാണ് പത്രോസിന് മേൽ ആരോപിക്കപെട്ട കുറ്റം.

"പത്രോസിന്റെ ഓലക്കൂരയില്‍ അലൂമിനിയം പാത്രത്തില്‍ അമ്മ വിളമ്പുന്ന കപ്പപ്പുഴുക്കും ചമ്മന്തിയും കഴിക്കാന്‍ എത്തുമായിരുന്നു കൃഷ്‌ണപിള്ളയും കെ.ദാമോദരനും ആര്‍.സുഗതനും ഉണ്ണിരാജയും. മിക്കവാറും എ.കെ.ജിയും ചിലപ്പോള്‍ എല്ലാം ഇ.എം.എസ്‌ ഉം…"
പത്രോസിന്റെ അമ്മ അന്ന റോസയെ മാക്‌സിം ഗോര്‍ക്കിയുടെ അമ്മയോട്‌ ആണ്  എ.കെ.ജി താരതമ്യപ്പെടുത്തിയിട്ടുള്ളത്.

കമ്യൂണിസ്റ്റുകളെ ചെകുത്താന് സമാനമായി കണ്ടിരുന്ന കാലമായതിനാൽ സഭയും പത്രോസിനെ പരമാവധി ഉപദ്രവിച്ചു. സഭ ഇന്നും തുടരുന്ന അവസാന അടവായ കുടുംബം കലക്കൽ വരെ വെള്ള നൈറ്റിക്കാർ പ്രയോഗിച്ചു, ഇന്നും അവിശ്വാസിയും സഭയ്ക്ക് അനഭിമതനും ആയ ഒരാൾ ഒരു വിശ്വാസിയെ കെട്ടിപ്പോയാൽ അയാളുടെ കാര്യം ഗോവിന്ദ എന്നതാണ് അവസ്ഥ.

"അവസാന കാലത്ത് ആസ്മയുടേയും ക്ഷയരോഗത്തിന്റയും ശല്യം അധികരിച്ചെങ്കിലും ജീവൻ നിലനിർത്താൻ കമ്പനികളിൽ നിന്നും തള്ളിക്കളയുന്ന കയർ തടുക്കുകൾ വാങ്ങി കച്ചവടം നടത്തിയും മീൻ വിൽപന നടത്തിയും ആന്ധ്രയിൽ നിന്നും ചെറുനാരങ്ങയും മാങ്ങയും വരുത്തി അച്ചാർ ആക്കി വിൽപന നടത്തി പരാജയപെട്ടപ്പോൾ ചായ കട നടത്തിയും ജീവൻ നിലനിർത്താൻ പാടുപെട്ടു. കണ്ടം വച്ച ഷർട്ടുമിട്ട് ഏന്തി വലിഞ്ഞ്” നടന്നു നീങ്ങുന്ന സഖാവ് പത്രോസിന്റെ ദയനീയ രൂപം ഏവരുടേയും കണ്ണുകൾ നനയിച്ചു."

"1957 ലെ ആദ്യ കമ്യൂണീസ്റ്റ് മന്ത്രിസഭയുടെ കാലത്ത് തിരുവനന്തപുരം പുത്തരി കണ്ടത്തിലെ കാർഷിക വ്യവസായ പ്രദർശനം കാണാൻ മുഖ്യമന്ത്രി EMS എത്തി.ഗതികിട്ടാ പ്രേതം പോലെ അവിടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന പത്രോസിന് അവിടെ കയർ ഉൽപന്നങ്ങളുടെ ഒരു സ്റ്റാൾ ഉണ്ടായിരുന്നു. ഭാര്യയും മക്കളും പാർട്ടിയും കൈ ഒഴിഞ്ഞ പത്രോസിന്റെ വയറ്റു പിഴപ്പായിരുന്നു ആ സ്റ്റാൾ…"

"അതിനു മുന്നിലെത്തിയ EMS നമ്പൂതിരിപ്പാട്  അതു ശ്രദ്ധിക്കാതെ നടന്നു നീങ്ങുന്നത് കണ്ണീരോടെ നോക്കി നിന്നു പത്രോസ്. അന്നത്തെ സ്പീക്കർ ശങ്കരനാരായണൻ തമ്പി കണ്ണുനീർ തുടച്ചു കൊണ്ട് കടന്നു പോയി. അതേ സ്റ്റാളിലെത്തിയ റിട്ട.ഐ ജി ചന്ദ്രശേഖരൻ നായരുടെ മനസ്സിൽ വാരി കുന്തമേന്തി തോക്കുധാരികളായ പട്ടാളക്കാർക്കു നേരെ കുതിച്ച് വരുന്ന സമര നേതാവിന്റെ ദയനീയാവസ്ഥ വിവരിച്ചിട്ടുണ്ട്:” 
പിരിയാൻ നേരത്ത് ചന്ദ്രശേഖരൻ നായർ പറഞ്ഞു ഞാനിപ്പോൾ ഒരു സഹകരണ ബേങ്കിന്റെ പ്രസിഡന്റാണ് ലോൺ തരാൻ പ്രയാസമില്ല’ എന്നാണ്. 
സഖാവ് പത്രോസ് അതിന് മറുപടി പറഞ്ഞില്ല….. 
”താങ്കൾ ഈ മന്ത്രിസഭയിൽ ഇരിക്കേണ്ട അളല്ലേ എന്നോർത്ത് ഒരു നിമിഷം നിന്നതാണ് ” എന്നു പറഞ്ഞ് നടന്നു നീങ്ങി!!

പത്രോസ് ചെയ്തിട്ടുള്ളതിനപ്പുറം ആക്റ്റിവിസമൊന്നും ഒരു വാലന്മാരും  കേരളത്തിൽ കാണിച്ചിട്ടില്ല!

"ഇനിയൊരൊറ്റ തൊഴിലാളിയെ തൊട്ടാല്‍ ആലപ്പുഴ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കത്തിക്കുമെന്ന്‌" സര്‍ സി.പിയെ താക്കീതു ചെയ്‌ത സഖാവ്. സര്‍ സി.പി യുടെ ഭക്തിവിലാസത്തിനു മുകളില്‍ പാറിയിരുന്ന മഹാരാജാവിന്റെ ശംഖടയാളമുള്ള കൊടിയഴിച്ച്‌ പകരം അവിടെ ചെങ്കൊടി ഉയര്‍ത്താന്‍ ഉയര്‍ന്ന ആ കൈകള്‍…
ഇദ്ദേഹത്തെ പിടികിട്ടിയാൽ ഇടിവണ്ടിയുടെ പുറകിൽ കെട്ടി ആ രൂപത്തിൽ തനിക്ക് കാണാൻ എത്തിക്കണം എന്നാണ് സർ സിപി ഉത്തരവിട്ടത്! തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ രക്തലിപികളില്‍ എഴുതപ്പെടേണ്ട പേരായിരുന്നു അത്. കുന്തക്കാരൻ പത്രോസ് എന്ന കെവി പത്രോസ്.
പക്ഷേ 1980 മാർച്ച് 9- ന് എസ്എൻഡിപിയുടെ മംഗലം ചുടുകാട്ടിൽ ആരോരും അറിയാതെ ആ വിപ്ളവ നക്ഷത്രം അഗ്നിജ്വാലയിൽ എരിഞ്ഞടങ്ങി.
മരണവാർത്ത അറിഞ്ഞിട്ടും പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കൾ ആരും എത്തിയില്ല ആരുടേയും റീത്ത് ആ കറുത്ത കരുവാളിച്ച ദേഹത്ത് സമർപ്പിക്കപെടാൻ അനുവദിച്ചില്ല.
ഇദ്ദേഹത്തിന് വേണ്ടി തിരുവിതാംകൂർ പൊലീസിന്റെ ഏറ്റവുംകൂടുതൽ തല്ലുവാങ്ങിയ ആളാണ് അയൽവാസി ആയിരുന്ന പി.കെ. വേലായുധൻ.

കൊമ്മാടിയിലെ ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ സെക്രട്ടറിയും വയലാർ –പുന്നപ്ര സമര സഖാവുമായ രാമൻകുട്ടിയോടാണ് പത്രോസ് തന്റെ അന്ത്യാഭിലാഷം അറിയിക്കുന്നത്.
“രാമൻകുട്ടി ഒരു സഹായം കൂടി ചെയ്യണം”....
"തന്റെ ചുടുകാട്ടിൽ എനിക്കുകൂടി സ്ഥലമുണ്ടാകുമല്ലോ?. വലിയ ചുടുകാട്ടിൽ എനിക്കു വയ്യ. അവരവിടെ ഉണ്ടല്ലോ! (അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാക്കൾ) അവിടെയും കിടന്ന് ഇനി അവരോട് വഴക്ക് വയ്യ. എനിക്കല്പം സ്വസ്തത വേണം”.....
വീണ്ടും ആശബ്ദം ചിതറിവീഴുന്നു.
"പി.കെ. വേലായുധന്റെ അടുത്തു കുഴിച്ചിട്ടാൽ മതി. മന്ത്രവാദവും റീത്തുമൊന്നും വേണ്ട.” അയൽവാസിയായ വേലായുധനെ പത്രോസ് മറന്നിരുന്നില്ല. തന്റെ പേരിൽ ധാരാളം തല്ലുവാങ്ങിയ പാവമാണ്…" 
(കടപ്പാട്: ജി. യദുകുലകുമാർ എഴുതിയ “കെ.വി. പത്രോസ്- കുന്തക്കാരനും ബലിയാടും”എന്ന പുസ്തകത്തിന്) 

ചിത്രത്തിൽ പത്രോസിനോപ്പം ചേർത്തിരിക്കുന്നത് വയലാർ വെടിവയ്പ്പിൻ്റെ വിളംബര നോട്ടീസ് ആണ്. ഇത് ഹെലിക്കോപ്റ്റർ  വഴി ചേർത്തല ഭാഗങ്ങളിൽ വിതറുകയായിരുന്നു.
By Libi Hari

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Christian Contribution

സംവരണം മൂലം സാമൂഹ്യ വേർതിരിവ് നിലനിൽക്കുന്നു..