പാലക്കാട്ടെ മതം മാറ്റം.

ജോൺ കിട്ടയും(Ex MLA) കല്പാത്തി തേരും
******************************************
ഇന്ന് ജോൺ കിട്ടയുടെ ജന്മദിനമാണ്.( 26-10-1904----6-6-1968 )

കല്പാത്തി പൊതു വഴിയിലൂടെ അവർണ്ണർക്ക് വഴി നടക്കാൻ മതം മാറിയ സ്വാതന്ത്ര്യ സമര സേനാനി,KPCC അംഗം, 1957ലെ ഇ.എം.എസ് ഗവന്മെന്റിന് പിന്തുണ നൽകിയ 5 സ്വതന്ത്രന്മാരിൽ ഒരാൾ.

കല്പാത്തി സമരം
××××××××××××××××
ദക്ഷിണ കാശി എന്നറിയപ്പെടുന്ന, പാലക്കാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന കല്പാത്തി(കാശിയിൽ പാതി കല്പാത്തി) വിശ്വനാഥസ്വാമി ക്ഷേത്രം പ്രസിദ്ധമാണ്. ക്ഷേത്രത്തിന് 700 വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു.1425 ലാണ് ക്ഷേത്രം പണികഴിപ്പിച്ചത്.തമിഴ് ബ്രാഹ്മണർ താമസിക്കുന്ന കല്പാത്തി പൊതു വഴിയിലൂടെ 1925 വരെ അവർണ്ണർക്ക് വഴി നടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിച്ചിരുന്ന സമ്പന്ന കുടുംബത്തിലെ അംഗമാണ് കണ്ണാടി കുടുവക്കോട് വേലായുധൻ മകൻ കിട്ട. ശീ നാരായണ ഗുരുവിന്റെ ആശയങ്ങളും ഗാന്ധിജിയുടെ നേതൃത്വത്തിൽ1923 ൽ ആന്ധ്രയിലെ കാക്കിനാഡയിൽ ചേർന്ന കോൺഗ്രസ്സ് സമ്പൂർണ്ണ സമ്മേളനം പാസ്സാക്കിയ അയിത്തത്തിനെതിരായ പ്രമേയവും കിട്ടയെ കർമ്മനിരതനാക്കി. 

അയിത്തത്തിനും ജാതി വ്യവസ്ഥയ്ക്കുമെതിരെ പോരാടിയ കിട്ടയുടെ നേതൃത്വത്തിൽ 1924ൽ പ്രശസ്ത എഴുത്തുകാരൻ ഒ.വി.വിജയന്റെ മുത്തച്ഛൻ ചാമി എന്നിവരടങ്ങുന്ന 20 ലധികം ഈഴവ യുവാക്കൾ കല്പാത്തി തേര് കാണാൻ പോയി. ബ്രാഹ്മണർ ഇവരെ ക്രൂരമായി മർദ്ദിക്കുകയും കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്തു
.അടുത്ത വർഷം തേര് കാണാൻ വരുമെന്ന് പ്രതിജ്ഞയെടുത്ത യുവാക്കൾ  കല്പാത്തി പൊതുവഴിയിൽ റോഡ് മാർച്ച് നടത്തുവാൻ തീരുമാനിച്ചു. കണ്ണനൂർ, തച്ചങ്കാട്, തേങ്കുറുശ്ശി, കൊട്ടേക്കാട് എന്നീ പാലക്കാട് പട്ടണത്തിനടുത്തുള്ള പ്രദേശങ്ങളിലെ യുവാക്കളാണ് റോഡ് മാർച്ചിന് പ്ലാൻ ചെയ്തത്.ഇതറിഞ്ഞ അന്നത്തെ വെള്ളക്കാരൻ RDO ( തുക്കിടി സായ്പ്) 144 പ്രഖ്യാപിച്ചു.
പാലക്കാട്ടെ സമ്പന്ന ഈഴവ കുടുംബത്തിലെ ചെരുപ്പക്കാരാണ് റോഡ് മാർച്ച് പ്രഖ്യാപിച്ചത് എന്ന ഭയമാണ് 144 പ്രഖ്യാപിക്കാൻ കാരണം. നിരോധനാജ്ഞ ലംഘിച്ച് ജയിലിൽ പോവാൻ തീരുമാനിച്ച യുവാക്കളെ SNDP സംസ്ഥാന നേതാക്കളായിരുന്ന സഹോദരൻ അയ്യപ്പനും,  ടി.കെ.മാധവനും സന്ദർശിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.ഒടുവിൽ അന്നത്തെ മലബാർ കലക്ടർ തോമസ് ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിച്ചു.നിയമം ലംഘിച്ച് പ്രകടനം നടത്തിയാൽ പാലക്കാട് താലൂക്കിലെ ഒന്നര ലക്ഷം വരുന്ന ഈഴവരിലെ ഏക ബിരുദധാരി അഡ്വ: രാഘവൻ, വടക്കേ മലബാറിൽ നിന്നു വന്ന് പാലക്കാട് ജോലി ചെയ്യുന്ന ഈഴവരായ ഡോ: കൃഷ്ണൻ, സർക്കിൾ ഇൻസ്പെക്ടർ വാസു, സബ്ബ് ഇൻസ്പെക്ടർ മാധവൻ എന്നീ 4 പേരെയും സർവ്വീസിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി.ഭീഷണി ഫലിച്ചു. തങ്ങൾ കാരണം സമുദായത്തിലെ ആകെയുള്ള 4 പേരുടെയും ജോലി നഷ്ടപ്പെടുന്നത് അവർക്ക് സങ്കല്പിക്കാൻ പോലും കഴിയുമായിരുന്നില്ല. അവസാനം പിന്നോക്ക പട്ടികജാതി ജനവിഭാഗങ്ങളൂടെ മൗലികാവകാശമായ സഞ്ചാരസ്വാതന്ത്ര്യത്തിനായി മതം മാറാൻ തീരുമാനിച്ചു.കാരണം അന്ന് ക്രിസ്തുമതക്കാർക്കും ഇസ്ലാം മതക്കാർക്കും സഞ്ചാരസ്വാതന്ത്ര്യമുണ്ടായിരുന്നു. തൃശൂരിൽ നിന്ന് മാർത്തോമ സഭക്കാർ വന്ന് 20 ലധികം പേരെ ക്രിസ്തുമതത്തിൽ ചേർത്തു. കുറച്ചു പേർ ഇസ്ലാം മതത്തിലും ആര്യസമാജത്തിലും ചേർന്നു.അങ്ങിനെ കിട്ട ജോണായി . അന്ന് കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു മതം മാറ്റം. ഉത്തരേന്ത്യയിൽ നിന്ന് നിരവധിഹൈന്ദവ സംഘടനകളും ആര്യസമാജക്കാരും, കോഴിക്കോട് കേന്ദ്രമായി ഡോ: അയ്യത്താൻ ഗോപാലന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ബ്രഹ്മസമാജക്കാരും പാലക്കാട്ടെത്തി വീട് കയറി മതപരിവർത്തനത്തിനെതിരെ വ്യാപക പ്രചരണം നടത്തി. 
അടുത്ത വർഷം (1925) ജോൺ കിട്ടയും സഹപ്രവർത്തകരും കല്പാത്തി പൊതുവഴിയിലൂടെ സഞ്ചരിക്കുകയും യോഗം നടത്തുകയും ചെയ്തു. ബ്രാഹ്മണർക്ക് നോക്കിനില്ക്കാനേ കഴിഞ്ഞുള്ളൂ. ആപത്ത് മനസ്സിലാക്കിയ സവർണ്ണർ അന്നു മുതൽ അവർണ്ണർക്ക് കല്പാത്തി പൊതുവഴിയിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചു.

 മതം മാറിയവർ
××××××××××××××××××××
1.കെ.വി.കിട്ട---------- ജോൺ(യഥാർത്ഥ പേര് കൃഷ്ണൻ എന്നായിരുന്നു, ജന്മിത്വം കിട്ടയായേ അംഗീകരിച്ചുള്ളൂ) |
2. കെ ടി.മാധവൻ ........... ഫിലിപ്പ്( തണ്ണീരങ്കാട് സർവീസ് സഹ:ബാക് പ്രസിഡന്റ്)
3. ഇ.കെ.ചാമി............... തോമസ് (ഒ.വി.വിജയന്റെ മുത്തച്ഛൻ )
4. കല്യാണി.......        അലക്സാൻഡ്രിയ
5.കണ്ടുണ്ണി................. വർഗ്ഗീസ്
6 മുത്തു ..................... ചാൾസ് (എരിമയൂർ)
7. മധുരമ്മ............. .    എലിസബത്ത് (ടി )
8. പഴണൻ:.... :......... പീററർ
9. മധുസൂദനൻ ........ ഹെന്റി
10. പഴണിമല:........... പത്രോസ് (തേങ്കുറുശ്ശി )
11. കേശവൻ: ......... അലക്സാണ്ടർ ( ടി ) 
12. അപ്പുക്കുട്ടൻ:.. വിൻസെന്റ് ( ടി )
മറ്റു നിരവധി പേരും ഇവരോടൊപ്പം മതം മാറി. ചിലർ ഇസ്ലാം മതത്തിലും ആര്യസമാജത്തിലും ചേർന്നു.കേശവൻ ഇസ്ലാം മതം സ്വീകരിച്ച് അബ്ദുൾ റസാഖായി.

ആര്യസമാജത്തിൽ ചേർന്നവർ:
......................................................:....
1.രാമസ്വാമി .........ധർമ്മപാലൻ (കൊട്ടേക്കാട്)
2. ചാത്രായി........... സഹസ്രനാമൻ( ടി)
3.അപ്പുശാന്തി .......അപ്പുശർമ്മ( യാക്കര)
ആര്യസമാജത്തിൽ ചേർന്നവർ പൂനൂൽ ധരിച്ചു.ഇവരോട് പൂനൂൽ പൊട്ടിച്ചെറിയാൻ ശ്രീനാരായണ ഗുരു ആവശ്യപ്പെട്ടിരുന്നു. 

1932ൽ കോൺഗ്രസ്സിൽ ചേർന്ന ജോൺ കിട്ട KPCC മെമ്പർ വരെയായി.കുഴൽമന്ദം സർവ്വീസ് സഹ: ബാങ്ക് സ്ഥാപക പ്രസിഡണ്ടായിരുന്നു. മിശ്രവിവാഹം, മിശ്രഭോജനം എന്നീ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കുന്നതിൽ കോൺഗ്രസ്സ് ശക്തമായ നിലപാട് സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കെ.കേളപ്പന്റെ കിസാൻ മസ്ദൂർ പാർട്ടിയിലും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ചേർന്നു.1957ൽ കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായും, 1960 ൽ പാർട്ടി സ്ഥാനാർത്ഥിയായും കുഴൽമന്ദം അസംബ്ലി മണ്ഡലത്തിൽ നിന്നും മത്സരിച്ച് MLA യായി.1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം CPI(M) നൊപ്പം നിലകൊണ്ടു.

ഞാൻ കണ്ണാടി LC സെക്രട്ടറിയായിരിക്കെ 2000 ത്തിൽ AKG സെന്ററിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുത്തിരുന്നു. അവിടുത്തെ ഒരു ക്ലാസ്സാണ് ജോൺ കിട്ടയുടെ സ്മരണയ്ക്ക് എന്തെങ്കിലും ചെയ്യണം എന്ന തീരുമാനത്തിലെത്തിച്ചത്.

തുടർന്ന് കണ്ണാടി ഗ്രാമപഞ്ചായത്തും കണ്ണനൂർ ജനകീയ സമിതിയും സംയുക്തമായി 2002ൽ അദ്ദേഹത്തിന്റെ 32ആം ചരമവാർഷികത്തിന് ഒരു ബസ് വെയ്റ്റിംഗ് ഷെഡ്ഡും തുടർന്ന് സ്മരണികയും പുറത്തിറക്കി. വലിയ ജനപങ്കാളിത്തം തന്നെ ചടങ്ങുകളിലുണ്ടായി. സഖാക്കൾ: V.S .അച്ചുതാനന്ദൻ ,T.ശിവദാസമേനോൻ ,എ.കെ.ബാലൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

സാമൂഹ്യ മാറ്റത്തിന് വേണ്ടി പാലക്കാട്ട് പോരാടിയ ഒരു മഹത് വ്യക്തിക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യാനും പുതിയ തലമുറയ്ക്ക് ഒരു കാലഘട്ടത്തിന്റെ ചരിത്രം പകർന്ന് നല്ക്കാനും കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്.

എന്തുകൊണ്ട് ഗുരുവായൂർ, വൈക്കം, പാലിയം സമരം പോലെ ചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം കല്പാത്തി സമരത്തിന് ലഭിക്കാതെ പോയി എന്ന് പഠിക്കേണ്ടതുണ്ട്. 

മാർക്സിസ്റ്റ് സൈദ്ധാന്തികനും ഒന്നാം കേരള നിയമസഭ അംഗവുമായിരുന്ന സ:പി.ഗോവിന്ദപ്പിള്ളയുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. 2003 ൽ അദ്ദേഹം ഇറക്കിയ കേരള നവോത്ഥാനം; ഒരു മാർക്സിസ്റ്റ് വീക്ഷണം എന്ന ഗ്രന്ഥത്തിൽ ജോൺ കിട്ട നടത്തിയ കല്പാത്തി സമരം ഒരു അദ്ധ്യായമായി ഉൾപ്പെടുത്തിയിട്ടുണ്ട്.O.V. വിജയന്റെ തലമുറകൾ എന്ന നോവലിൽ തന്റെ മുത്തച്ഛൻ കല്പാത്തിയിൽ മർദ്ദനമേറ്റ സംഭവം ചാമിയാരപ്പൻ എന്ന കഥാപാത്രത്തിലൂടെ വർണ്ണിക്കുന്നുണ്ട്. ആലത്തൂർ ആർ.കൃഷ്ണൻEx MLA യുടെ വീഴുമലയുടെ താഴ്വരയിൽ  എന്ന ആത്മകഥയിൽ കല്പാത്തി സമരം പരാമർശിക്കുന്നുണ്ട്.
രണ്ടു അലമാറ നിറയെ, നിയമസഭ രേഖകളും ഫോട്ടോകളും ഉൾപ്പെടെ വിലപ്പെട്ട രേഖകൾ പൂർണ്ണമായും ജോൺ കിട്ടയുടെ വസതിയിൽ നഷ്ടപ്പെടാൻ ഇടയായത് അദ്ദേഹത്തെയും അദ്ദേഹം നടത്തിയ പോരാട്ടങ്ങളെയും സൂക്ഷ്മമായി അറിയുന്നതിന് തടസ്സമായി.ഇനിയും ജോൺ കിട്ടയെക്കുറിച്ചും കല്പാത്തി സമരത്തെ കുറിച്ചും കൂടുതലായി പഠിക്കേണ്ടതുണ്ട്.( ഔദ്യോഗിക രേഖകളില്ലൊംK.V. ജോൺ എന്നാണുള്ളത്. നാട്ടിലറിയപ്പെടുന്നത് ജോൺ കിട്ട എന്നാണ് )

S.RadhaKrishnan Kannadi.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI