Christian Contribution
കേസരി പത്രാധിപർ ഡോ.എൻ ആർ മധുവിന് സ്നേഹപൂർവ്വം.
നവോത്ഥാന നായകർ ക്രൈസ്തവരിൽ എത്രപേരുണ്ട് എന്നാണല്ലോ അങ്ങ് ചോദിച്ചത്?.
കേരളത്തിൻ്റെ സാമൂഹിക പരിവർത്തനത്തിന് അടിത്തറ പാകിയത് ക്രൈസ്തവ മിഷനറിമാരാണ് എന്നതാണ് ചരിത്രം.
1701 ൽ എത്തിയ അർണോസ് പാതിരി ഭാഷാ - വ്യാകരണ രംഗത്ത് നടത്തിയ പ്രവർത്തനം വിലപ്പെട്ടതാണ്.
1705 ൽ ഇന്ത്യയിൽ എത്തിയ ഡാനിഷ് മിഷനറിമാരായ ബാർത്തലോമിയസ് സീഗൻബാൽഗ് , ഹെൻറിച്ച് പ്ലൂറ്റ്‌ഷൗ എന്നിവർ ബൈബിൾ തമിഴിലേക്ക് വിവർത്തനം ചെയ്തു, പ്രിന്റിംഗ് പ്രസ്സ് സ്ഥാപിച്ചു. തമിഴ് ഭാഷയിലേക്കുള്ള ബൈബിൾ വിവർത്തനങ്ങൾ ആരംഭിച്ചു. തമിഴിൽ 300 പുസ്തകങ്ങൾ അച്ചടിച്ച ഒരു അച്ചടിശാലയും അവർ സ്ഥാപിച്ചു.
1806 ൽ എത്തിയ ലണ്ടൻ മിഷനറിമാരും 1816 ൽ എത്തിയ സിഎംഎസ് മിഷണറിമാരും 1836 ൽ എത്തിയ ബാസൽ ഇവാഞ്ചലിക്കൽ മിഷനും കുറ്റിച്ചലിൽ എത്തിയ ലൂഥറൻ മിഷണറിമാരും സാൽവേഷൻ ആർമിയുടെ മിഷണറിമാരുമാണ് കേരളത്തിൽ സ്കൂളുകൾ, ആശുപത്രികൾ, സെമിനാരികൾ, ബോർഡിംഗ് സ്കൂളുകൾ, തിയേറ്ററുകൾ,പ്രസ്സ്, ഡിസ്പെൻസറികൾ, ലൈബ്രറികൾ എന്നിവ പ്രവർത്തിക്കാൻ തുടങ്ങി.
ചായ, കാപ്പി, മരച്ചീനി, പേരയ്ക്ക, പപ്പായ, കൊക്കോ, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങൾ, റബ്ബർ എന്നിവ വളർത്തുന്നതിനായി തോട്ടങ്ങൾ വികസിപ്പിക്കാനും ഇംഗ്ലീഷുകാർ ആരംഭിച്ചു. അവർ വനങ്ങൾ വെട്ടിത്തെളിക്കുകയും റെയിൽവേ ലൈനുകൾ, റോഡുകൾ, പാലങ്ങൾ എന്നിവ സ്ഥാപിക്കുകയും ചെയ്തു. മിഷനറിമാർ ആരംഭിച്ച സംരംഭങ്ങളുടെ ഫലമായിരുന്നു ഈ വികസന പ്രവർത്തനങ്ങളെല്ലാം.
ബാസല്‍ മിഷന്‍റെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ 1882-ല്‍ ഒന്നിച്ചു ചേര്‍ത്ത് മിഷന്‍ ട്രേഡിംഗ് കമ്പനി രൂപീകരിച്ചു. ഇത് ഉയര്‍ന്ന മൂലധനനിക്ഷേപം സാദ്ധ്യമാക്കുന്നതിനും മലബാറില്‍ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനും സഹായിച്ചു. ബാസല്‍ മിഷന്‍ ദളിതര്‍ക്ക് കരകൗശലവിദ്യകളില്‍ പരിശീലനവും നല്‍കിയിരുന്നു.
പിന്നീട് ഓടു നിര്‍മ്മാണം, നെയ്ത്ത്, മെക്കാനിക്കല്‍ വര്‍ക് ഷോപ്പുകള്‍, ബുക് ബൈന്‍ഡിംഗ്, തയ്യല്‍, കൊല്ലപ്പണി, വാച്ച് നിര്‍മ്മാണം തുടങ്ങിയ വ്യാവസായിക സ്ഥാപനങ്ങള്‍ മിഷന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു. മലബാര്‍ ട്രേഡിംഗ് കമ്പനി എന്ന പേരില്‍ ഈ സ്ഥാപനങ്ങള്‍ മലബാറിലെങ്ങും നിറഞ്ഞു നിന്നു. ഓടു നിര്‍മ്മാണമാണ് മിഷന്‍ ആരംഭിച്ച ഏറ്റവും പ്രധാനമായ വ്യവസായം. പുതിയറ, ഫറോക്ക്, കൊടക്കല്‍, ഒലവക്കോട് എന്നിവിടങ്ങളിലെല്ലാം ബാസല്‍ മിഷന്‍റെ ഓട്ടുകമ്പനികളുണ്ടായിരുന്നു. ഇത് അനേകം നാട്ടുകാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി.
1880-ല്‍ രാജ്യം ഗുരുതരമായ പ്രതിസന്ധി നേരിട്ടു. ക്ഷാമവും രോഗങ്ങളും മൂലം അനേകരുടെ തൊഴില്‍ നഷ്ടപ്പെട്ടു. ക്ഷാമം ബാധിച്ച അനേകര്‍ക്ക് അന്ന് ആശ്രയമായത് ബാസല്‍ മിഷന്‍ ഫാക്ടറികളാണ്. 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ മലബാറിലെ ഏറ്റവും വലിയ വ്യവസായ സംരംഭകര്‍ ബാസല്‍ മിഷന്‍ ആയിരുന്നു. എട്ട് നെയ്ത്തുകമ്പനികള്‍, ഏഴ് ഓട്ടുകമ്പനികള്‍ എന്നിവ ക്രൈസ്തവരും അക്രൈസ്തവരുമായ ആയിരകണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കി. ബാസല്‍ മിഷന്‍റെ വ്യവസായ സ്ഥാപനങ്ങള്‍ ദളിതരെ പുനരധിവസിപ്പിക്കുകയും അവരുടെ സാമൂഹിക, സാമ്പത്തിക പദവി ഉയര്‍ത്തുകയും ചെയ്തു. മിഷന്‍ വ്യവസായങ്ങള്‍ സമൂഹത്തിലെ ജാതിവേര്‍തിരിവുകള്‍ തകര്‍ത്തു. താഴ്ന്ന ജാതിയില്‍ പെട്ട ആയിരങ്ങള്‍ക്കു തൊഴില്‍ നല്‍കിയത് ദാരിദ്ര്യം കുറയ്ക്കുകയും മികച്ച ജീവിതസാഹചര്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
മെഡിക്കല്‍ മിഷനുകളാണ് ഇന്ത്യയില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ മറ്റൊരു പ്രധാനപ്പെട്ട സംഭാവന. ആരോഗ്യപരിരക്ഷാസംവിധാനങ്ങള്‍ കേരളത്തില്‍ വളരെ കുറവായിരിക്കെയാണ് മിഷണറിമാര്‍ വൈദ്യശുശ്രൂഷാസ്ഥാപനങ്ങള്‍ ആരംഭിച്ചത്. അന്ധവിശ്വാസങ്ങള്‍ നിറഞ്ഞു നിന്നിരുന്ന മലബാറില്‍ ആധുനിക വൈദ്യചികിത്സ അവഗണിക്കപ്പെടുകയും പരമ്പരാഗത മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിക്കുകയും ചെയ്തു പോന്നു. ഡോ. ഇ ലീബെന്‍ ദാര്‍ഫര്‍ എന്ന മിഷണറി 1892-ല്‍ ആദ്യത്തെ മിഷന്‍ ആശുപത്രി കോഴിക്കോട് ആരംഭിച്ചു. 1903-ല്‍ കോഴിക്കോടി നടുത്ത് ചേവായൂരില്‍ ലെപ്രസോറിയം തുറന്നു. സമൂഹം തിരസ്കരിച്ചിരുന്ന ലെപ്രസി രോഗികള്‍ക്ക് അത് അഭയമായി. പിന്നീട് വയനാട് ജില്ലയിലുള്‍പ്പെടെ നിരവധി ഡിസ്പെന്‍സറികള്‍ ആരംഭിച്ചു. ആധുനിക വൈദ്യശാസ്ത്ര ചികിത്സ കൂടുതല്‍ ജനങ്ങള്‍ക്കു ലഭ്യമായി.
നിസ്സംശയമായും പറയാം, മിഷനറിമാർ സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചു.
കേരളത്തിൻ്റെ സാംസ്കാരിക നവോത്ഥാനത്തിന് തുടക്കം കുറിച്ചത് ബൈബിളിൻ്റെ മലയാള പരിഭാഷയും പ്രൊട്ടസ്റ്റൻ്റ് മിഷനറിമാരുമാണ്.
ആധുനിക വിദ്യാഭ്യാസം, ഇംഗ്ലീഷ് വിദ്യാഭ്യാസം, പത്രം, പ്രസ്സ്, വ്യാകരണം, നിഘണ്ടു, കുഷ്ടരോഗാശുപത്രി, സ്കൂളുകൾ, റോഡുകൾ, അടിമത്വ നിരോധനം, മാറ് മറയ്ക്കാൻ സമരം ചെയ്തത്, നായാടികളുടെയും മലയരയൻന്മാരുടെയും ഉദ്ധാരണം, പലഹാരങ്ങൾ, കാർഷിക വിളകൾ, വസ്ത്രങ്ങൾ തുടങ്ങി എല്ലാ മേഖലയിലും അവർ സംഭാവന നൽകി.
പത്തുപേരുടെ പേര് മതിയോ?
വേദ മാണിക്യം മഹാരസൻ, ചാൾസ് മീഡ്, വില്യം തോബിയാസ്, റിച്ചാർഡ് നിൽ, ജോൺ സ്മിത്ത്, ജോൺ കോക്സ്, ജെ സി തോംസൺ, സാമുവേൽ മെറ്റീർ, എ എഫ് പെയിൻ്റർ, തോമസ് നോർട്ടൻ, ജോൺ ഹോക്സ് വർത്ത്, തോമസ് ജി റാഗ്ലണ്ട്, ഹെൻട്രി ബേക്കർ സീനിയർ, ജെ കെയിലി, ബഞ്ചമിൻ ബെയിലി, ഹെർമ്മൻ ഗുണ്ടർട്ട്, ജോസഫ് പീറ്റ്, ഡബ്ലു എസ് ഹണ്ട്, അർണോസ് പാതിരി, ഫാദർ കെയ്റോണി,
ജോർജ് മാത്തൻ, ആർച്ച് ഡീക്കൻ കോശി കോശി, ചാവറ കുര്യാക്കോസ്, പാമ്പാടി ജോൺ ജോസഫ്, തേവർ പറമ്പിൽ കുഞ്ഞച്ചൻ, ഏബ്രഹാം മൽപ്പാൻ,ജോഷ്വാ നോൾസ്, ആർച്ചി ബാൾഡ് റാസെ, ആർതർ പാർക്കർ, വില്യം എഡ്മണ്ട്സ് കേരളത്തിൽ പ്രവർത്തിച്ച എത്ര മിഷനറിമാരൂടെ പേര് പറയാനുണ്ട്. ഈ ലിസ്റ്റ് ഇനിയും നീണ്ടു പോകും.
സ്വാതന്ത്ര സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരും ഭരണഘടനാ അസംബ്ലിയിൽ പങ്കെടുത്തവരും അനവധി ആളുകൾ. സബർമതി ആശ്രമത്തിൻ്റെ സെക്രട്ടറിയും ദണ്ഡിയാത്രയിൽ പങ്കെടുത്ത തേവർതുണ്ടിയിൽ ടൈറ്റസ്, വൈക്കം സത്യാഗ്രഹത്തിൻ്റെ വോളണ്ടിയറും ഗാന്ധിയുടെ യംഗ് ഇന്ത്യാ പത്രത്തിൻ്റെ പത്രാധിപരുമായ ബാരിസ്റ്റർ ജോൺ ജോസഫ്, ടി എം.വർഗീസ്, ആനി മസ്‌ക്രീൻ, അക്കാമ്മ ചെറിയാൻ, ഭരണഘടനാ അസംബ്ലിയിൽ പങ്കെടുത്ത പി ടി ചാക്കോ, ഫ്രാങ്ക് ആൻ്റണി, ജോസഫ് ഡിസൂസ, ജോൺ മത്തായി തുടങ്ങി അനവധി പേർ.
നായർ സമുദായവും നവോത്ഥാനവും.
കേരളത്തിലെ നായർ സമുദായം( സ്ത്രീകൾ) നേരിട്ട അടിച്ചമർത്തൽ അതിഭീകരമാണ്. ഈ പ്രശ്‌നം ഒ ചന്തുമേനോൻ 1889 ൽ പ്രസിദ്ധീകരിച്ച തൻ്റെ നോവലിൽ വിശദീകരിക്കുന്നുണ്ട്. 1951 മുതൽ 2014 വരെ പ്രസിദ്ധീകരിച്ച ഇന്ദുലേഖ എന്ന നോവൽ അപൂർണ്ണവും തിരുത്തപ്പെട്ടതുമായ വ്യാജ പതിപ്പായിരുന്നു. പ്രസിദ്ധീകരണത്തിൻ്റെ 125 വർഷം പിന്നിട്ട ഇന്ദുലേഖ പിഴവുകൾ പരിഹരിച്ച് 2014 ൽ വീണ്ടും പുറത്തിറക്കി. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്നുമാണ് ഇന്ദുലേഖയുടെ ഒർജിനൽ പതിപ്പ് കണ്ടെത്തിയത്. പ്രശസ്ത നിരൂപകനായ ഡോ. പി കെ രാജശേഖരനും പണ്ഡിതനായ ഡോ.പി വേണുഗോപാലും ചേർന്നാണ് ഇന്ദുലേഖയുടെ ക്രിട്ടിക്കൽ എഡിഷൻ വീണ്ടും പ്രസിദ്ധീകരിച്ചത്. 2014 മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ 13 - 19 ലക്കത്തിൽ ഇവർ വെട്ടിത്തിരുത്തിയ ഇന്ദുലേഖയുടെ ശുദ്ധപാഠം എഴുതിയിരുന്നു. പിഴവ് തീർത്ത നോവൽ ഇപ്പോൾ ലഭ്യമാണ്.
നോവലിൻ്റെ ഇരുപതാം അദ്ധ്യായത്തിൽ( പേജ്404, 405) ഇന്ദുലേഖയോട് പറയുന്ന ഒരു ഭാഗം ഉണ്ട്. നിങ്ങടെ മനസിന് വെളിച്ചം വേണമെങ്കിൽ നിങ്ങൾ ഇംഗ്ലീഷ് തന്നെ പഠിക്കണം. ആ ഭാഷ പഠിച്ചാലേ അറിയേണ്ട കാര്യങ്ങൾ അറിയൂ. പുരുഷന്മാപോലെ നിങ്ങൾക്കും സ്വാതന്ത്ര്യം ഉണ്ടെന്നും കേവലം പുരുഷൻ്റെ അടിമയായി ഇരിപ്പാൻ ആവശ്യമില്ലെന്നും അറിയാം കഴിയുകയുള്ളൂ." ഈ ഭാഗമാണ് വെട്ടിക്കളഞ്ഞത്. കാരണം ഇംഗ്ലീഷ് പഠിയ്ക്കണമെങ്കിൽ മിഷനറിമാർ പഠിപ്പിക്കണം. ഇന്ദുലേഖയെ പോലെ നമ്പൂതിരിമാരുടെ സംബന്ധം വേണ്ടായെന്ന് പറയണമെങ്കിൽ ഇംഗ്ലീഷ് പഠിക്കണം. നായർ സ്ത്രീകൾ നേരിട്ട സംബന്ധം എന്ന ദുരാചാരത്തെ മന്നത്ത് പത്മനാഭന് മുമ്പ് ചന്തുമേനോൻ ചൂണ്ടിക്കാണിച്ചു. ഇന്ദുലേഖ നോവൽ ആദ്യ പതിപ്പ് പുറത്തിറങ്ങുമ്പോൾ മന്നത്ത് പത്മനാഭന് 11 വയസു മാത്രമേ ഉള്ളൂ എന്നോർക്കണം.
പന്ത്രണ്ടാം അധ്യായത്തിൽ നമ്പൂതിരിയും ഇന്ദുലേഖയും തമ്മിൽ നടത്തുന്ന സംഭാഷണം ഉണ്ട്. നമ്പൂതിരി ചോദിക്കുന്നു. ഇന്ദുലേഖയ്ക്ക് ഇംഗ്ലീഷ് അറിയാമോ.. ഇന്ദുലേഖയുടെ മറുപടി ഞാൻ പഠിച്ചിട്ടുണ്ട് എന്നാണ്. "ഞാൻ ആരുടെയും മുന്നിൽ താഴത്തില്ല" ഞാൻ എന്ന വാക്ക് കേട്ട് നമ്പൂതിരിപ്പാട് ഞെട്ടി എന്ന് പറയുന്നുണ്ട് (ഇന്ദുലേഖ,chaper 20) ഇംഗ്ലിഷ് വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും പാശ്ചാത്യരുടെ ഇടപെടലും ആണ് അതിനു കാരണം. ശങ്കര സ്മൃതിയിൽ " പൂണൂൽ ഇടാത്ത എല്ലാവരും ശുദ്രരോ അതിൽ താണവരോ ആണെന്ന് പറയുന്നുണ്ട്( ശങ്കര സ്മൃതി, N P ഉണ്ണി).
ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ളയുടെ ഇരുളടഞ്ഞ ഇന്നലെകൾ എന്ന പുസ്തകത്തിൽ നായർ സ്ത്രീകൾക്ക് വിവാഹം എന്നത് ഇല്ലായിരുന്നു, പെൺകിടാങ്ങൾ 11 വയസ്സിനു മുമ്പായി താലികെട്ട് കല്യാണം നടത്തിയിരുന്നു എന്ന് പറയുന്നുണ്ട് (കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, നായന്മാരുടെ പൂർവ്വ ചരിത്രം, ഭാഗം 2, പേജ് 57, 159,160).
അപ്പൻ്റെ പേര് ചേർക്കാതെ അമ്മയുടെ പേര് ചേർക്കുന്നതിൻ്റെ കാരണവും അപ്പന്മാരിൽ ഒരാൾ നമ്പൂതിരിയും വേറൊരാൾ കുറുപ്പും വേറൊരാൾ വാര്യരും വേറൊരാൾ മേനോനും ആയാൽ പത്തപ്പൻ്റെ മക്കൾ എന്ന് പറയേണ്ടി വരുമെന്ന് കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് വിശദീകരിക്കുന്നുണ്ട് ( പാർട്ട് 1,പേജ് 141).
വിദേശിയായ Duratte Burbosa തൻ്റെ പുസ്തകത്തിൽ നായന്മാരുടെ ധാർമിക ജീവിതം കണ്ട് ഞെട്ടിയതായി പറയുന്നുണ്ട്( E J stanley ed. A description of east africa and Malabar in the Begining of the 16 th century 1886,P132,133).
Duratte തിരുവനന്തപുരം ഫോർട്ട് മിഷൻ സ്കൂളിലെ( അനേകം രാജകുമാരിമാർ പഠിച്ച) പ്രധാന അധ്യാപിക ആയിരുന്നു.
സംബന്ധം എന്ന ഈ ദുരാചാരം അടിച്ചേൽപ്പിച്ചതോ സ്വയം സ്വീകരിച്ചതോ ആണോ?. സ്വയം സ്വീകരിച്ചത് ആണ്. ഇത് ഹിന്ദു ധർമ്മം ആണെന്ന പ്രചാരണം ആയിരുന്നു അതിനു കാരണം. പാശ്ചാത്യ സമ്പർക്കം കൊണ്ടാണ് മരുമക്കത്തായം എന്ന വ്യവസ്ഥ മാറിയതെന്നും പറയുന്നു ( കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് എഴുതിയ നായന്മാരുടെ പൂർവ്വ ചരിത്രം പാർട്ട് 1, പേജ്, 128,181).
സംബന്ധം നമ്പൂതിരിമാരുടെ വിശാല മനസിൻ്റെ ഭാഗമായിരുന്നെന്ന് പി ഭാസ്കരനുണ്ണി തൻ്റെ പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്(പേജ്,478). ധർമ്മത്തിൽ സംബന്ധം എന്ന അശ്ലീലതയെ ആചാരവല്ക്കരിക്കുന്നരീതിയാണ് നിലനിന്നിരുന്നത്.
തലയിൽ നിന്നും( ബ്രാഹ്മണൻ) പാദത്തിലേക്കുള്ള( ശൂദ്രൻ) ജീനുകളുടെ സംക്രമണത്തെ വലിയ ബഹുമതിയായി കരുതിയിരുന്നു. അത് കാലിൻ്റെ പുണ്യമാണ്. (ഋഗ്വേദം പത്താം മണ്ഡലം, ഗീത നാലാം അദ്ധ്യായം, ശ്ലോകം 13, മനുസ്മൃതി10 - 125)
"ചാതുർവർണ്യം മയാ സൃഷ്ടം " എന്നാണല്ലോ പറയുന്നത്.
എം എസ് ഗോൾവാൾക്കർ കേരളത്തിലെ നമ്പൂതിരി - നായർ ക്രോസ് ബ്രീഡിംഗിനെ ന്യായികരിക്കുന്നുണ്ട്.(ഓർഗനൈസർ, 1961, പേജ്5).
നായർ സ്ത്രീകൾക്ക് പുരുഷനില്ലാത്ത വിവാഹമായിരുന്നു( താലിക്കെട്ട്)നടന്നിരുന്നത് എന്ന് മലബാർ മാര്യേജ് കമ്മീഷൻ റിപ്പോർട്ടിലും ഇതിനെപ്പറ്റി പരാമർശമുണ്ട്( 1894 കൃഷ്ണമേനോന് കൊടുത്ത മൊഴി). എഴുത്തച്ഛൻ മുതലുള്ള ബുദ്ധിജീവികളെ എടുത്താൽ കൂടുതൽ ആളുകൾ ഈഴവരല്ല, മറിച്ച് നായന്മാരാണ് എന്ന് കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് പറയുന്നുണ്ട്. കാരണം ക്രോസ് ബ്രീഡിങ് ആണെന്നാണ് കണ്ടുപിടുത്തം. അതിൽ അവർ അഭിമാനിച്ചിരുന്നു (നായന്മാരുടെ പൂർവ്വ ചരിത്രം, പാർട്ട് 1, പേജ് 221). സംബന്ധം എന്ന അനാചാരം എതിർക്കപ്പെടേണ്ട വിഷയം ആണെന്നായിരുന്നു മിഷനറിമാരുടെ അഭിപ്രായം.
മന്നത്ത് പത്മനാഭൻ ജനിക്കുന്നതിനു( 1878) 28 വർഷം മുമ്പ് ചാണ്ടി എന്ന ഒരു സുവിശേഷകൻ( 1850 ജൂൺ 13) സംബന്ധം എന്ന ദുഷിച്ച അനാചാരത്തെ തുറന്നു കാണിച്ചിരുന്നു( റോബിൻ ജെഫ്രി, നായർ മേധാവിത്വത്തിൻ്റെ പതനം, അദ്ധ്യായം 2, പേജ് 83).
റവ.സാമുവേൽ മെറ്റീർ( 1883) എഴുതിയ ഞാൻ കണ്ട കേരളം( Native life in Travancore) എന്ന പുസ്തകത്തിൽ നായർ സമുദായത്തിൻ്റെ അവസ്ഥ ദുഷ്കരമാണെന്ന് ( 9 കാരണങ്ങൾ) പറയുന്നുണ്ട്. നായന്മാർ സംബന്ധം പോലെയുള്ള അനാചാരത്തെ നിഷേധിക്കണം എന്ന് മിഷനറി പറഞ്ഞു ( അദ്ധ്യായം 17, പേജ് 184). മിഷനറി പ്രവർത്തനം കാരണം ഇത്തരം അനാചാരങ്ങളെ എതിർക്കാൻ സമുദായത്തിൻ്റെ അകത്തുനിന്ന് ആളുകൾ രംഗത്ത് വന്നിരുന്നു.
1903 ആയപ്പോൾ നായർ സമുദായം സംബത്ത സംബന്ധം ഉപേക്ഷിക്കാൻ തുടങ്ങി എന്ന് Augusta M Bland ford എന്ന മിഷനറി പറയുന്നുണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് ഇതിൻ്റെ കാരണം( The Land of the conch shell, chapt. 4, P 39,40).
There comes Papa(1893)എന്ന രാജാ രവിവർമ്മയുടെ ചിത്രത്തെ ഡോ. G. അരുണിമ Phd. നടത്തിയ ഒരു പഠനം തന്നെയുണ്ട്. പിതാവിൻ്റെ പ്രസക്തിയും മരുമക്കത്തായവും സംബന്ധവും അവസാനിപ്പിക്കാനുള്ള സൂചനയാണ് ഈ ചിത്രമെന്ന് അവർ നിരീക്ഷിക്കുന്നു. റോബിൻ ജെഫ്രി പറയുന്നത് ചരിത്രം വസ്തുനിഷ്ഠമായി അപഗ്രഥിച്ചാൽ കാര്യങ്ങൾ മനസിലാകും എന്നാണ്(P 373,377).
ഇന്ദുലേഖ മാത്രമല്ല, പോത്തേരി കുഞ്ഞമ്പു എഴുതിയ സരസ്വതിവിജയം എന്ന നോവലിലും( 1892) ക്രൈസ്തവ മിഷനറിമാരുടെ പ്രവർത്തനത്തെ പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ രണ്ടാമത്തെ രചനയായ തീയ്യർ എന്ന പുസ്തകത്തെപറ്റി പ്രൊഫ. ദിലീപ് മേനോൻ്റെ ഒരു പഠനം തന്നെയുണ്ട്. തീയ്യർ എല്ലാം ക്രൈസ്തവർ ആകണം എന്ന ആഹ്വാനം തന്നെയുണ്ട്. ക്രിസ്ത്യാനിയും ബ്രാഹ്മണനും തമ്മിലുള്ള വ്യത്യാസം പോത്തേരി കുഞ്ഞമ്പു പറയുന്നുണ്ട്. എല്ലാവരും വായിക്കേണ്ട നോവൽ ആണ് സരസ്വതി വിജയം.
1622 ൽ നായർ സമുദായത്തിൻ്റെ ഇടയിൽ നടന്ന മിഷനറി പ്രവർത്തനമാണ് നേമം മിഷൻ. 1741 മുതൽ 1751 വരെ ഫാദർ ജെ പി. ബുട്ടാരി വടക്കൻ കുളത്ത് പ്രവർത്തിച്ചിരുന്നു. മാർത്താണ്ഡ വർമ്മയുടെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായ നീലകണ്ഠപിള്ള ക്രിസ്തു മാർഗ്ഗം സ്വീകരിച്ച് ദേവസഹായം പിള്ളയായി മാറിയ കഥ മറ്റൊന്നാണ്.
ദലിതർ എന്തുകൊണ്ട് മതം മാറുന്നു?..
അശോകൻ അനുയായികളുമായി ബുദ്ധമതത്തിലേക്ക് മതം മാറിയതും രജപുത്രന്മാർ ഇസ്‌ലാമിലേക്ക് മതം മാറിയതും1956 ഒക്ടോബർ 14 ന് 6 ലക്ഷം അനുയായികളുമായി ഡോ. ബി ആർ അംബേദ്ക്കർ ബുദ്ധമതത്തിലേക്ക് മതം മാറിയതും എന്തിനാണ്. രണ്ടാം വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധിയുടെ സാന്നിധ്യത്തിൽ "ഞാൻ ഹിന്ദുവായി ജനിച്ചു ഹിന്ദുവായി മരിക്കില്ല " എന്ന പ്രഖ്യാപനം നടത്തിയത്. പിന്നീട് അദ്ദേഹം മനുസ്മൃതി കത്തിക്കുന്നുണ്ട്.
മതം മാറ്റത്തെ സാമൂഹിക വിമോചനത്തിൻ്റെ ഉപകരണമായി പ്രയോഗിച്ച ആളാണ് ഡോ. അംബേദ്ക്കർ.
തമിഴ് നാട്ടിലെ ഒരു ഗ്രാമം( റഹമത്തുള്ള ഗ്രാമം) മുഴുവൻ ഇസ്‌ലാമിലേക്ക് മാറിയിരുന്നു. ഗാന്ധിയുടെ മകൻ ഹരിലാൽ ഇസ്‌ലാം മതവും ബാലചന്ദ്രൻ ചുള്ളിക്കാട് ബുദ്ധമതവും മാധവിക്കുട്ടി ഇസ്‌ലാം മതംവും സ്വീകരിച്ചിരുന്നു.
രാജ്യത്തെ പിന്നോക്ക - ദലിത് - ആദിവാസി - ഗോത്ര വിഭാഗങ്ങൾ ക്രൈസ്തവ മതം സ്വീകരിക്കാൻ ഉണ്ടായ സാമുഹിക - രാഷ്ട്രീയ സാഹചര്യം ചരിത്ര ബോധമുള്ള എല്ലാവർക്കും അറിയാം. വർണ്ണ വ്യവസ്ഥയുടെ അതിക്രൂരമായ അടിച്ചമർത്തൽ അനുഭവിച്ച അടിമ ജനത സമത്വ ദർശനം തേടി ക്രൈസ്തവ മതം സ്വീകരിക്കുകയായിരുന്നു. പാമ്പിനും പട്ടിക്കും പഴുതാരക്കും സ്വാതന്ത്ര്യമുള്ള നാട്ടിൽ വഴിനടക്കാനും മാറ് മറക്കാനും പള്ളിക്കൂടത്തിൽ കയറാനും ഇഷ്ട ദേവനെ ദർശിക്കാനും വിലക്കപ്പെട്ടിരുന്നു. മനുവാദി നിയമങ്ങളുടെ ഉരുക്കുമുഷ്ടിയിൽ ഞെരിഞ്ഞമർന്ന അടിയാള സമൂഹം അവരെ സഹോദരനായി കണ്ട മതത്തെ ആശ്ലേഷിക്കുന്നതിൽ എന്താണു തെറ്റുള്ളത്.
ഉപ്പ് എന്ന് പറഞ്ഞതിൻ്റെ പേരിൽ ഒരു പുലയനെ തെങ്ങിൽ കെട്ടിയിട്ട് തല്ലി കൊന്ന നാട്ടിൽ ആർക്കുവേണം ഈ മതം.
ശ്രീനാരായണ ഗുരു ഹിന്ദു സന്ന്യാസിയോ?
ശ്രീനാരായണ ഗുരു വർണ്ണാശ്രമം ദർശനത്തിൽ അടിസ്ഥാനപ്പെട്ട സനാതന ധർമ്മത്തിൻ്റെ പ്രചാരകൻ ആയിരുന്നോ?. മതംമാറ്റത്തെ ഗുരു അംഗീകരിച്ചിരുന്നുവോ ?
1925 മാർച്ചിൽ നടന്ന ഗാന്ധി ഗുരു കൂടിക്കാഴ്ചയിൽ
മതപരിവർത്തനം ചർച്ചയായി.
ഗാന്ധി ചോദിച്ചു,
അദ്ധ്യാത്മികമായ മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്നു സ്വാമി വിചാരിക്കുന്നുണ്ടോ...
ഗുരുവിൻ്റെ ഉത്തരം, ഇതര മതങ്ങളിലും മോക്ഷമാർഗ്ഗം ഉണ്ടല്ലോ എന്നായിരുന്നു.
ഗാന്ധിയുടെ അടുത്ത ചോദ്യം, മതപരിവര്‍ത്തനം ചെയ്യണമെന്നും സ്വാതന്ത്ര്യലബ്ധിക്ക് അതാണ് ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിന് അനുവാദം നല്‍കുന്നുണ്ടോ?
ഗുരുവിൻ്റെ ഉത്തരം: മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്.അതു കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നന്നെന്നു പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനില്ല എന്നതായിരുന്നു. 1925 ൽ സി വി കുഞ്ഞിരാമനുമായി നടത്തിയ അഭിമുഖത്തിൽ " ഹിന്ദുമതം എന്നൊരു മതം തന്നെ ഇല്ലല്ലോ" എന്ന് ഗുരു പറയുന്നുണ്ട്. രാമാദികളുടെ കാലത്ത് ആയിരുന്നെങ്കിൽ എനിക്ക് ശമ്പുകൻ്റെ ഗതി വരുമായിരുന്നു എന്ന് ഗുരു പറഞ്ഞിട്ടുണ്ട്.
"ഗുരുവിനെ ക്രിസ്തുമതത്തിലേക്ക് പരിവർത്തിപ്പിക്കാൻ വന്ന വ്യക്തിയോട് "നാം നേരത്തെ തന്നെ ക്രിസ്തുവിലാണല്ലോ " എന്ന ഗുരുവിന്റെ മറുപടി ശ്രദ്ധേയമാണ്. രണ്ടാം
ലോകമഹായുദ്ധത്തിൽ ബ്രിട്ടൺ ജയിക്കാൻ നമ്മൾ പ്രാർത്ഥിക്കണം നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ് എന്ന് ഗുരു പറയുന്നുണ്ട്. സനാതന വാദികൾ നാട് ഭരിച്ചാൽ അവർ മനുസ്മൃതി നോക്കിയല്ലെ നാട് ഭരിക്കുക എന്നും അവിടെ നമുക്ക് നീതി കിട്ടുമോയെന്നും ഗുരു പറയുന്നുണ്ട്.
1091 ഇടവം 15 നാണ് നമുക്ക് ജാതിയില്ല എന്ന വിളംബരം ഗുരു പ്രബുദ്ധകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചത്.
" നാം ജാതി മതഭേദങ്ങള്‍ വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍ പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍നിന്നും മേല്‍ പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലിലും ചേര്‍ക്കു എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു". ഇതിലൂടെ മതാതീത ആത്മീയതയാണ് ഗുരു മുന്നോട്ട് വച്ചത്.
അയ്യങ്കാളി ക്ഷേത്രം തുറക്കാൻ സമരം ചെയ്തോ?
ചേർത്തലയിലെ ചെങ്ങണ്ടയിൽ വച്ച് ക്ഷേത്ര പ്രവേശന വിളംബരത്തിനു ശേഷം അമ്പലങ്ങൾ തുറന്നല്ലോ എന്ന് ഗാന്ധി അയ്യങ്കാളിയോട് പറഞ്ഞപ്പോൾ എൻ്റെ സമുദായത്തിൽ നിന്നും പത്ത് ബി എ ക്കാർ ഉണ്ടാകണമെന്നാണ് അദ്ദേഹം പറഞ്ഞത്. ക്ഷേത്ര പ്രവേശനത്തിൽ അയ്യങ്കാളി സന്തോഷിച്ചില്ല. ഞങ്ങളുടെ ദുരിതം കാണാൻ കണ്ണില്ലാത്ത ദൈവത്തിനു ഞങ്ങളുടെ കാണിക്ക എന്തിനാണ് എന്നാണ് അയ്യങ്കാളി ചോദിച്ചത്.
ദലിതർ ഹിന്ദുക്കളോ?
വർണ്ണാശ്രമ വ്യവസ്ഥയ്ക്ക് പുറത്ത് ജീവിക്കുന്ന അവർണ്ണർ/പഞ്ജമർ/ദസ്യൂക്കൾ എങ്ങനെ ഹിന്ദുക്കൾ ആകും.
സഹോദരൻ അയ്യപ്പൻ പറയുന്നത് " ഒരു അടിമ കാലപ്പഴക്കം കൊണ്ട് ചങ്ങല തൻ്റെ സ്വന്തം ആണെന്ന് പറയുന്നത് പോലെ ആണ് ഈഴവൻ ഹിന്ദു എന്ന് പറയുന്നത് എന്നാണ്". സി കേശവൻ്റെ ആത്മകഥയിൽ 110 കരത്തെപറ്റി പറയുന്നുണ്ട്. ആത്മകഥയായ ജീവിത സമരത്തിൽ സവർണ്ണരുടെ പീഡനങ്ങളിൽ നിന്നും രക്ഷപെടാൻ വേണ്ടി ദലിതർ സ്വർഗ്ഗം തേടി പോയെങ്കിൽ തെറ്റ് എന്താണ് എന്ന് പറയുന്നുണ്ട്...
കേരളാ കൗമുദി പത്രാധിപരും SNDP മുൻ സെക്രട്ടറി ആയിരുന്ന സി വി കുഞ്ഞിരാമൻ 1936 -ൽ കോട്ടയം സിഎംഎസ് പ്രസിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ച " ഈഴവ മതപരിവർത്തന സംരംഭം" എന്ന ലഘുലേഖ വായിക്കണം. ഈഴവർ എന്തുകൊണ്ട് മതംമാറണം എന്ന് വിശദീകരിക്കുന്നുണ്ട്. ടി കെ മാധവന് എതിരെ ഉള്ള ക്ഷേത്രാശുദ്ധി കേസിനെ കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. ഇ. മാധവൻ എഴുതിയ " സ്വതന്ത്ര സമുദായം" എന്ന പുസ്തകത്തിൻ്റെ ഒരധ്യായം " ഈഴവർ ഹിന്ദുക്കൾ അല്ല" എന്നതാണ്( ഇ. മാധവൻ, സഖാവ് ബിനോയ് വിശ്വത്തിൻ്റെ അമ്മയുടെ പിതാവ് ആണ്). തിരുവിതാംകൂർ ഹൈക്കോടതി വക്കീൽ സി മാധവൻ പിള്ള 1930 ൽ എഴുതിയ "18 ലക്ഷം ഈഴവർക്ക് ക്രിസ്ത്യാനിത്വമല്ലാതെ വേറെ ഗത്യന്തരമില്ല" എന്ന ലേഖനവും പ്രസക്തമാണ്. ഡോ. അംബേദ്കറിൻ്റെ 'അധസ്ഥിതർ ഹിന്ദുക്കളല്ല', "ഞാൻ എന്തുകൊണ്ട് ഹിന്ദുമതം വിട്ടു", "ഹിന്ദുമതത്തിലെ പ്രഹേളികകൾ", " who was Surdas"?, " Abolition of caste " തുടങ്ങിയ പുസ്തകങ്ങളും
ഈ വി രാമസ്വാമി നായ്‌കർ എഴുതിയ " എന്തുകൊണ്ട് ഞാൻ ഹിന്ദുവല്ല" എന്ന പുസ്തകം, കാഞ്ജലയ്യ എഴുതിയ why I am not a Hindhu? Baffalow nationality, God as a political philosopher എന്ന പുസ്തകങ്ങളും വായിക്കണം.
ദലിത് - നാടാർ - ഈഴവ വിഭാഗങ്ങൾ വ്യാപകമായി തിരുവിതാംകൂർ, കൊച്ചി ഭാഗത്ത് മതം മാറിയിരുന്നു. നിരവധി ഈഴവർ ലാറ്റിൻ സഭയിൽ ചേർന്നിരുന്നു. അതുപോലെ കുട്ടനാട് / അപ്പർ കുട്ടനാട് മേഖലകളിൽ ഈഴവർ കൂട്ടത്തോടെ മതം മാറിയിരുന്നു( 1920 ജൂലൈ 8, മിതവാദി പത്രത്തിൻ്റെ മുഖപ്രസംഗം). " തിരുവിതാംകൂർ - കൊച്ചി പ്രദേശങ്ങളിൽ കാണുന്ന പകുതി മുക്കാലും ആളുകൾ നമ്മുടെ സമുദായത്തിൽ നിന്നും മതം മാറിയവരാണെന്ന്.." പി ഭാസ്കരനൂണ്ണി പറയുന്നു.
1840 ന് ശേഷം സിഎംഎസ് മിഷനറിമാർ ഈഴവരുടെ ഇടയിൽ പ്രവർത്തിക്കാൻ തുടങ്ങി( ഗുരു ജനിക്കുന്നതിന് മുമ്പ് ആണ്).1850 കളിൽ വലിയ ഒഴുക്ക് തന്നെ ഉണ്ടായി. 1887 ൽ ഒരു ഈഴവനെ സിഎംഎസ് മിഷനറിമാർ പുരോഹിതനാക്കുന്നുണ്ട് എന്ന് റോബിൻ ജഫ്രി പറയുന്നുണ്ട്. മാവേലിക്കര - കായംകുളം- കരുനാഗപ്പള്ളി ഭാഗത്ത് ശക്തമായ പ്രവർത്തനമാണ് ജോസഫ് പീറ്റിൻ്റെ നേതൃത്വത്തിൽ നടന്നത്. 1875 ൽ സിഎംഎസ് മിഷനിൽ 4500 ഈഴവ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. ചേപ്പാട്,പുതുപള്ളി, കൃഷ്ണപുരം, ഞക്കനാൽ, കന്നേറ്റി, കറ്റാനം, ഭവാനിക്കര, ക്ലാപ്പന, ആയിരംതെങ്ങ് ഭാഗത്ത് ഈഴവ സഭകൾ ഉണ്ടായിരുന്നു. ഇവരെ തെക്കൻ ഇടവകകൾ/ തെക്കൻമാർ എന്നും വിളിച്ചിരുന്നു. ഈഴവർ കൂട്ടത്തോടെ സിഎംഎസ് മിഷനിൽ ചേരുന്നത് കണ്ടപ്പോൾ കുപതിരായ സവർണ്ണർ CMS എന്നാൽ "ചോവൻ മാമോദീസ മുങ്ങിയ സഭ" എന്ന പരിഹാസ പേരിട്ട് വിളിച്ചു.
പൂവത്തൂർ, ഇലന്തൂർ, തെക്കൻ പുതുപള്ളി, ചങ്ങനാശേരി, പന്തളം, തുരുത്തി, ആർപ്പൂക്കര, കൂത്താട്ടുകുളം, ത്രിശൂർ, ഇരിങ്ങാലക്കുട ഇവിടെല്ലാം ഈഴവ സഭകൾ ഉണ്ടായിരുന്നു. മധ്യ കേരളാ മഹായിടവകയിലെ എല്ലാ പള്ളികളിലും ഈഴവ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു.
1851 ൽ തിരുവല്ല, തുകലശേരി പള്ളിയിൽ ചെറിയാൻ എന്നു പേരുള്ള ഈഴവ ക്രിസ്ത്യാനി തിരുവല്ലാ ക്ഷേത്ര റോഡിലൂടെ നടന്നത് വിവാദം ആകുന്നുണ്ട്. ഈഴവൻ ക്രിസ്ത്യാനി ആയാൽ അയിത്തം മാറില്ല എന്ന് തിരുവിതാംകൂർ സർക്കാർ ഓർഡർ പുറപ്പെടുവിക്കുന്നുണ്ട്. ഇത് ലംഘിച്ച് റോഡിലൂടെ നടന്ന ജിനോ എന്ന ഈഴവ ക്രിസ്ത്യാനി ആയ യുവാവിനെ ബ്രാഹ്മണർ മർദ്ദിച്ചു. ധനികനായ ഒരു ഈഴവൻ ആലുംമൂട്ടിൽ ചാന്നാൻ കാറിൽ പോകുമ്പോൾ ക്ഷേത്രത്തിൻ്റെ മുന്നിൽ എത്തുമ്പോൾ നായർ ഡ്രൈവർ ആകും. ഈഴവനായ ചാന്നാൻ ഇറങ്ങി ഊടുവഴിയിലൂടെ നടക്കും. ഇതായിരുന്നു
1936 മാർച്ച് 17 ന് സി വി കുഞ്ഞിരാമൻ ഈഴവ നേതാക്കളുമായി കോട്ടയത്ത് ആഗ്ലിക്കൻ കത്തീഡ്രലിൽ പ്രാർഥനയിൽ സംബന്ധിച്ചു. 1936 ജൂലൈ പത്തിന് കോട്ടയത്ത് ചേർന്ന യോഗം ഹിന്ദുമതം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതിനിടെ ശ്രീനാരായണ ഗുരുവിൻ്റെ സഹോദരൻ്റെ മകൻ യാക്കോബായ സഭയിൽ ചേർന്നത് വിവാദമായി.
ഈ മതമാറ്റ ഭീഷണി മറികടക്കാനും ഈഴവരാദി പിന്നോക്ക - ദലിത് ജനതയെ ഹിന്ദുക്കൾ ആക്കാനും വേണ്ടി സർ സി പി രാമസ്വാമി അയ്യർ കണ്ടുപിടിച്ച കൗശലമാണ് , ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ നടത്തിയ 1936 നവംമ്പർ 12 ലെ ക്ഷേത്രപ്രവേശന വിളംബരം.
ദലിതന് ഇന്നും അയിത്തം തന്നെ..
" അമ്പലത്തിൻ്റെ മതിലിനകത്തും ബലിവട്ടത്തും ശ്രീകോവിലിലും തിരുമുറ്റത്തും വിളക്കുമാടത്തിനകത്തും തീണ്ടൽ ജാതിക്കാരായ ദലിതർ കയറരുത് എന്ന് കുഴിക്കാട്ട് പച്ച തന്ത്ര ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്(കുഴിക്കാട്ട് പച്ച, തന്ത്ര ഗ്രന്ഥം, തന്ത്രി കക്കാട് നാരായണൻ നമ്പൂതിരി, പത്താം പടലം, പേജ് 298)ക്ഷേത്രം അശുദ്ധമാകുന്നതിനെ കുറിച്ചും അതിൻ്റെ പ്രായശ്ചിത്ത വിധികളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.
" എൻ്റെ ജനനമാണ് എൻ്റെ മരണത്തിന് കാരണം" ഇത് പറഞ്ഞത് രോഹിത് വെമുല ആണ്. ഐജി ലക്ഷ്മണ, സി ടി സുകുമാരൻ ഐഎഎസ്, പി സി സനൽ കുമാർ ഐഎഎസ് ഇവരൊക്കെ അനുഭവിച്ച ജാതി പീഡനം സർവീസ് സ്റ്റോറിയിൽ പറഞ്ഞിട്ടുണ്ട്. RLV രാമകൃഷ്ണൻ, മുൻ മന്ത്രി എം എ കുട്ടപ്പൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ജാതിയ അധിക്ഷേപം നേരിട്ടിട്ടുണ്ട്.
വർക്കലയിലെ ജാതിക്കുളം, പേരാമ്പ്ര സ്കൂളിൽ സാമ്പവ കുട്ടികളെ പ്രത്യേകം ഇരുത്തിയത്, വട്ടവടയിലെ പ്രത്യേക ബാർബർ ഷോപ്പ്, പാലക്കാട്ടുള്ള പ്രത്യേക പൈപ്പ് ഇതൊക്കെ കടുത്ത ജാതിവിവേചനങ്ങൾ ആയിരുന്നു. ദേവസ്വം മന്ത്രി ആയിരുന്ന കെ. രാധാകൃഷ്ണൻ ക്ഷേത്ര ഉൽഘാടന പരിപാടിയിൽ ജാതി വിവേചനം നേരിട്ടെന്ന് തുറന്നു പറഞ്ഞിരുന്നു.
ദേവസ്വം ബോർഡ് നിയമിച്ച
യഥുകൃഷ്ണൻ എന്ന ദലിത് പൂജാരിയെ വളഞ്ഞവട്ടത്ത് യോഗക്ഷേമ സഭ ബഹിഷ്‌കരിച്ചത് നാം കണ്ടതാണ്. മേൽശാന്തിമാരായി മലയാളി ബ്രാഹ്മണർക്ക് മാത്രമാണ് അവകാശം.
ഉത്തര ഇന്ത്യയിലെ കാര്യങ്ങൾ പിന്നെ പറയേണ്ടതില്ലല്ലോ.
പണ്ട് ഗുരുവായൂരിൽ ബാബു എന്ന ഒരു സാംബവ യുവാവ് ഇലത്താളം അടിക്കുന്നത് വിലക്കിയത് ഓർക്കുന്നുണ്ടോ. വയലാർ രവിയുടെ കൊച്ചുമകൻ്റെ ചോറൂണിന് ശേഷം പുണ്യാഹം തളിച്ചതും മറന്നു പോയോ.
ഈഴവനായ സുധികുമാർ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പൂജ ചെയ്താൽ ദേവി കോപിക്കുമെന്ന് പറഞ്ഞത് ക്ഷേത്ര ഭാരവാഹികൾ ആണ്. കുടൽ മാണിക്യം ക്ഷേത്രത്തിൽ ബാലൂ എന്ന ഈഴവൻ കഴകക്കാരൻ ആയപ്പോൾ തന്ത്രിമാർ കത്ത് നൽകി. ഈഴവൻ അമ്പലത്തിൽ മാല കെട്ടാൻ പാടില്ലായെന്ന്. ഈ വിഷയം അടുത്തിടെ വിവാദമായി. ദലിത് പൂജാരിമാരെ സർക്കാർ നിയമിച്ചപ്പോൾ യോഗക്ഷേമ സഭയുടെ നേതൃത്വത്തിൽ സമരം ചെയ്തത് മറന്നുപോയോ.
ഇന്നും അധിക്ഷേപം നേരിടുന്ന ഹിരൺദാസ് മുരളിയുടെയും ബിന്ദുവിൻ്റെയും നാട്ടിൽ ആര് കൂടെ നിൽക്കും മധു സാറെ.
ജെയ്സ് പാണ്ടനാട്
9847340346
റെഫറൻസ് ഗ്രന്ഥങ്ങൾ:
1. ഇന്ദുലേഖ( നോവൽ), ഒ ചന്തുമേനോൻ, ഡിസി ബുക്സ്
2. നായന്മാരുടെ പൂർവ്വ ചരിത്രം പാർട്ട് 1,2, കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്
3. ഞാൻ കണ്ട കേരളം, സാമുവേൽ മെറ്റീർ
4. പ്രാചീന കേരള സമൂഹവും ജാതി വ്യവസ്ഥയും ഡോ. പി ശ്യാമള
5. പോത്തേരി കുഞ്ഞമ്പു, സരസ്വതി വിജയം( നോവൽ)
6. സി വി കുഞ്ഞിരാമൻ: ഈഴവ മതപരിവർത്തന സംരംഭം,CMS,1936
7. കെ. ഐ നൈനാൻ: സഭാ ചരിത്രം,ആംഗ്ലിക്കൻ കാലഘട്ടം.
8. പി. ഭാസ്കരനുണ്ണി, 19 ആം നൂറ്റാണ്ടിലെ കേരളം
9. സാമുവേൽ നെല്ലിമുകൾ: കേരളത്തിലെ സാമൂഹിക പരിവർത്തനം.
10. സി. കേശവൻ: ജീവിത സമരം.
11. റോബിൻ ജെഫ്രി: നായർ മേധാവിത്വത്തിൻ്റെ പതനം.
12. J W ഗ്ലാഡ്സൺ : പ്രൊട്ടസ്റ്റൻ്റ് സഭാ മുന്നേറ്റങ്ങൾ
13. ഇ. മാധവൻ: സ്വതന്ത്ര സമുദായം
14. ഡോ. മോഹൻദാസ് വള്ളിക്കാവ്: മിഷനറിമാരുടെ കേരളം
15. ഡോ. വിനിൽ പോൾ: കേരളത്തിലെ ക്രിസ്ത്യാനികൾ, ആർട്ടിക്കിൾ, മാധ്യമം.
16. ജാതി വ്യവസ്ഥയും കേരളവും, പി കെ ബാലകൃഷ്ണൻ
17. കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, ഇളംകുളം കുഞ്ഞൻപിള്ള
18. മന്നത്ത് പത്മനാഭൻ, ജീവ ചരിത്രം, ഡോ. എൻ പത്മനാഭൻ നായർ
19. ജെറി തോമസ്, പ്രബന്ധം, സാക്ഷി അപ്പോളജറ്റിക്സ് നെറ്റ്‌വർക്ക്.
20.കുഴിക്കാട്ട് പച്ച, തന്ത്ര ഗ്രന്ഥം, തന്ത്രി കക്കാട് നാരായണൻ നമ്പൂതിരി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ