NARAYANA GURU


കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിമകള്‍ ഉള്ളതും, ഫോട്ടോകള്‍ ഉള്ളതും നാരായണ ഗുരുവിന്റെതാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ജീവ ചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ് (അച്ഛനും മകനും പോലും വെവ്വേറെ ജീവചരിത്രങ്ങള്‍ എഴുതിയിട്ടുണ്ട്). മലയാളത്തില്‍ ഏറ്റവും അധികം സിനിമകള്‍ നിര്‍മ്മിച്ചതും ഗുരുവിനെ പറ്റിയാണ്. 

എന്നിരുന്നാലും നമ്മള്‍ മലയാളികള്‍ക്ക് ഗുരുവിനെക്കുറിച്ച് ആഴത്തില്‍ അറിയുമോ എന്ന് ചോദിച്ചാല്‍ ഉത്തരം അത്ര ആശ്വാസകരം ആകില്ല. അഞ്ചു കൊല്ലം ശ്രീ നാരായണ കോളേജില്‍ പഠിച്ചിട്ടു പോലും എനിക്ക് ആകെ അറിയാവുന്നത് “ഒരു ജാതി ഒരു മതം ഒരു ദൈവം” എന്നും “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി” എന്നും “മദ്യം എടുക്കരുത് കൊടുക്കരുത് കുടിക്കരുത്” എന്നുമുള്ള നാലഞ്ചു വാചകങ്ങള്‍ മാത്രമാണ്. അതിനൊക്കെ രസകരമായ പാരഡി വചനങ്ങളും നാട്ടില്‍ സുലഭമായിരുന്നു. അതേ സമയം വിവേകാനന്ദനെയും രാമകൃഷ്ണ പരമ ഹംസനെയും എന്തിനു ചിന്മയാനന്ദനെ പറ്റി പോലും ഏതാണ്ട് കുറച്ചൊക്കെ അറിവുണ്ടായിരുന്നു. ഇവരെക്കാളും ആദ്ധ്യാത്മികമായും പാണ്ഡിത്യത്തിലും കുറച്ചു കുറവുള്ള ഒരു സന്യാസ്യി എന്നായിരുന്നു ഗുരുവിനെപറ്റിയുള്ള ഒരു പൊതു ധാരണ.

പിന്നീട് കാലങ്ങള്‍ കടന്നു പോയപ്പാഴാണ് അറിയുന്നത് സംസ്കൃതത്തിലും  തമിഴിലും മലയാളത്തിലുമായി അറുപതില്‍ പരം കൃതികള്‍ രചിച്ചയാളാണ് ഗുരു എന്നത്. സംസ്കൃതം ഒരു അക്കാദമിക്ക് ഭാഷയല്ലാതെ നിത്യവ്യവഹാരത്തില്‍ സംസാരഭാഷയായി കൈകാര്യം ചെയ്യാന്‍ അറിവുള്ള ആളായിരുന്നു എന്നും. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയാത്തത് കൊണ്ട് സംസ്കൃതത്തില്‍ സംസാരിക്കാം എന്ന് പറഞ്ഞപ്പോള്‍ സംസ്കൃതം സംസാരഭാഷയായി കൈകാര്യം ചെയ്യാന്‍ കഴിയാതിരുന്ന ഗാന്ധിജി ലജ്ജിച്ചതും ഒക്കെ പിന്നീടാണ് അറിയുന്നത്. ജാതിക്കെതിരെ നിരന്തരം സമരം ചെയ്തതിനാല്‍ നമ്മള്‍ ഗുരുവിനു ഒരു പ്രത്യേക ജാതി പരിവേഷം തന്നെ ചാര്‍ത്തിക്കൊടുത്തു. സങ്കുചിതമായ ദേശീയതക്ക് എതിരായി നിരന്തരം വാദിച്ച ടാഗോറിനെ രണ്ടു രാജ്യങ്ങള്‍ ദേശീയ കവി ആയി അംഗീകരിച്ച പോലെ. 

സന്യാസത്തിലും ഗുരുവിനു ചില പ്രത്യേകതയുണ്ട്.ആരില്‍ നിന്നും ദീക്ഷ സ്വീകരിച്ചിട്ടില്ല. അതേ സമയം അവധൂത വൃത്തി, തപസ്സ്, ഭിക്ഷ മുതലായ ആധ്യാത്മികതയുടെ എല്ലാ പടവുകളും കടന്നിട്ടുമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ശിഷ്യ പരമ്പരയും സ്വന്തമായുള്ളത് ഗുരുവിനു തന്നെ. കവികളും, സാഹിത്യകാരന്മാരും, യുക്തിവാദികളും, സന്യാസികളും, പൊതു പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന നീണ്ട ശിഷ്യ സമ്പത്ത്. എത്ര എഴുതിയാലും അവസാനമില്ലാത്തത് ആയി പോകും എന്നതിനാല്‍ കുറെ വിവരങ്ങള്‍ താഴെ കുറിക്കുന്നു.

ജനനം: 1855 ചിങ്ങ മാസത്തിലെ ചതയം നാളില്‍  6.15 A.M, ചെമ്പഴന്തിയില്‍.

1860:വിദ്യാഭ്യാസം. ആദ്യ ഗുരു അച്ഛന്‍ മാടനാശാന്‍. പിന്നീട് അമ്മാവന്മാരായ കൃഷ്ണന്‍ വൈദ്യര്‍, രാമന്‍ വൈദ്യര്‍.
1877-80: ഉപരിപഠനം. വാരാണപ്പിള്ളി ചൊവ്വണ്ണൂര്‍ കളരി 

1881-82: അദ്ധ്യാപകവൃത്തി – അറിയപ്പെട്ടിരുന്നത് “നാണുവാശാന്‍”
 
1882:അവദൂതവൃത്തി ആരംഭം.
1884-87: തപോവൃത്തി മരുത്വാമയിലെ പിള്ളത്തടം ഗുഹകള്‍.
1887: തപോവൃത്തി അരുവിപ്പുറം ഗുഹകള്‍.
1888:അരുവിപ്പുറം ശിവ പ്രതിഷ്ഠ നടത്തി
 
അരുവിപ്പുറത്ത് 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും, 
സോദരത്വേനെ വാഴുന്ന മാതൃകാസ്ഥാനമാണിത്.' എന്ന് എഴുതി വെച്ചു. 
(യേശുദാസ് ആദ്യമായി പാടി റെക്കോര്ഡ് ചെയ്ത സിനിമാ ഗാനം ഈ വരികള്‍ ആയിരുന്നു. കാല്പാടുകള്‍ എന്ന സിനമക്ക് വേണ്ടി. യേശുദാസിന്റെ നിര്‍ബന്ധപ്രകാരം ഈ സൂക്തം ന്യൂയോര്‍ക്കിലെ കേരള സെന്‍ട്രല്‍ കോംപ്ലക്സിന്റെ കവാടത്തില്‍ എഴുതി വെച്ചിട്ടുണ്ട്. ജയചന്ദ്രന് ആദ്യമായി നാഷണല്‍ അവാര്‍ഡ്‌ ലഭിക്കുന്നത് ഗുരു എഴുതിയ “ശിവപ്രസാദ പഞ്ചകം” എന്ന കൃതി ആലപിച്ചപ്പോഴാണ്. ധാരാളം നാരായണ കൃതികള്‍ മലയാള സിനിമയില്‍ ആലപിക്കപ്പെട്ടിട്ടുണ്ട്)

1904:  കൊല്ലം പരവൂറില്‍ അനാചാരങ്ങള്‍ക്കെതിരെ മഹാസമ്മേളനം സംഘടിപ്പിച്ചു. 

1904:ശിവഗിരിയില്‍ ഹരിജനങ്ങള്‍ക്ക്നിശാപഠന ശാല സ്ഥാപിച്ചു.

1905: ഇന്ത്യയിലെ ആദ്യത്തെ കാര്‍ഷിക വ്യവസായ പ്രദര്‍ശനം കൊല്ലത്ത് 
സംഘടിപ്പിച്ചു.

1908:  തമിഴ്നാട്ടില്‍ കോട്ടാര്‍ എന്ന സ്ഥലത്ത് ജന്തു ബലിയും അന്ധവിശ്വാസങ്ങളും കൊണ്ടാടിയിരുന്ന 42 ക്ഷേത്രങ്ങള്‍ക്ക് പകരമായി “പിള്ളയാര്‍ കോവില്‍ ക്ഷേത്രം നിര്‍മ്മിച്ച്‌ ഗണപതിയെ പ്രതിഷ്ടിച്ചു.

1914: ആലുവ അദ്വൈതആശ്രമം സ്ഥാപിച്ചു

1914: കോട്ടയത്ത്‌ കേരളീയ നായര്‍ സമാജം സമ്മേളനത്തില്‍ പങ്കെടുത്തു. NSS ന്റെ ആദ്യ രൂപം ഈ സമ്മേളനത്തില്‍. മന്നത്ത് പദ്മനാഭന്‍ മൂന്നു തവണ ഗുരുവിനെ കണ്ടു ചര്‍ച്ച നടത്തുന്നു. ചട്ടമ്പി സ്വാമികളെ ഒരു തവണ പോലും കണ്ടില്ല !

1915:  അദ്വൈതആശ്രമം സംസ്കൃത പാഠശാല സ്ഥാപിച്ചു.
 
1911: കരിങ്ങുളത്‌ വെച്ച് കെട്ടു കല്യാണം എന്ന ആചാരം വേണ്ടെന്നു വെയ്പ്പിക്കുന്നു.

1916:  നമുക്ക് ജാതിയില്ലാ വിളംബരം

1916: ”ഇനി നമുക്ക് ക്ഷേത്രങ്ങള്‍ വേണ്ട. പ്രധാന ദേവാലയം വിദ്യാലയം“ –  എന്ന സന്ദേശം പ്രചരിപ്പിച്ചു.

1921: സമസ്ത കേരള സഹോദര സമ്മേളനം സംഘടിപ്പിച്ചു. ""മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നായിരുന്നതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല''. എന്ന് സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു.. 

1921: മുരുക്കും പുഴ ക്ഷേത്ര പ്രതിഷ്ഠ – “ ഓം , സത്യം ,  ധര്‍മം , ദയ , ശാന്തി” എന്നെഴുതിയ പ്രഭ സ്ഥാപിച്ചു. ജന്തു ബലി തെറിപ്പാട്ട് തുടങ്ങിയവ ഉണ്ടായിരുന്ന പഴയ കാളി പ്രതിഷ്ഠ എടുത്തു മാറ്റി.

1922. കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനം “തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍” രൂപീകരിക്കാന്‍ ഗൃഹസ്ഥ ശിഷ്യനായ ശ്രീ പി.കെ.ബാവക്ക് പ്രചോദനവും ആശിര്‍വാദവും കൊടുത്തു. പ്രഥമ സമ്മേളനത്തില്‍ “ഭയപ്പെടേണ്ട,  തൊഴിലാളികളുടെ കാലമാണ് വരാന്‍പോകുന്നത്. ധൈര്യമായി എല്ലാവരുടെയും വിശ്വാസം നേടി മുന്നോട്ടു പോകുക" എന്ന ഗുരുസന്ദേശം ശിഷ്യന്‍ സത്യവൃത സ്വാമികള്‍ അവിടെ വായിച്ചു.

1924: ഏഷ്യയിലെ ആദ്യത്തെ സര്‍വമത സമ്മേളനം ആലുവയില്‍ സംഘടിപ്പിച്ചു. “വാദിക്കുവാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കുവാനുമാണ്” എന്ന വാക്യം ഇതിന്റെ പ്രവേശന കവാടത്തില്‍ എഴുതി വെച്ചു. 

1924: വൈകം സത്യാഗ്രഹ ആശ്രമം സന്ദര്‍ശിച്ചു.

1925: ശിവഗിരി ബ്രഹ്മവിദ്യലയം തറ കല്ലിട്ടു.

1926: Sivagiri free Industrial and Agricultural Gurukula – ഇന്ത്യയിലെ ആദ്യത്തെ തൊഴിലധിഷ്ടിത വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചു.

1928: ശിവഗിരി തീര്‍ത്ഥാടനത്തിനു അനുമതി നല്‍കി. 1.വിദ്യാഭ്യാസം ,2. ശുചിത്വം , 3.ഈശ്വര ഭക്തി , 4.സഘടന, 5.കൃഷി , 6.കച്ചവടം , 7.കൈതൊഴില്‍ , 8.സാങ്കേതിക പരിശീലനങ്ങള്‍ എന്നിവയുടെ നിരന്തര വിപുലീകരണങ്ങള്‍ തീര്‍ത്ഥാടന ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചു.

ഗുരു ഉപദേശിച്ച പഞ്ചശുദ്ധി “ശരീരശുദ്ധി, വാക്ശുദ്ധി, മനശുദ്ധി, ഇന്ദ്രിയശുദ്ധി,ഗൃഹശുദ്ധി”

ഗുരു നിര്‍ദ്ദേശിച്ച പഞ്ചധര്‍മ്മം “അഹിംസ, സത്യം, അസ്തേയം, അവ്യഭിചാരം, മദ്യനിഷേധം”

1928: സെപ്തംബര്‍ 20. കന്നി 5, 3.30 നു സമാധിയായി

കേരളീയരില്‍  ഭൂരിപക്ഷവും നേരിട്ട് ഗുരുധര്‍മ്മം പിന്തുടരുന്നില്ല എങ്കിലും നമ്മള്‍ അറിയാതെ ഗുരു ധര്‍മ്മം കേരളത്തിലെ എല്ലാ വിഭാഗത്തിലും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. അത് കൊണ്ടാണ് പ്രളയം വന്നപ്പോള്‍ ജാതിയും മതവും നോക്കാതെ നമ്മള്‍ ഒരുമിച്ച് നിന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ നീണ്ട പാരമ്പര്യവും ഒന്നിനൊന്നു മെച്ചമായ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ നീണ്ട നിര ഉണ്ടായിട്ടും ബംഗാളിനേക്കാള്‍ മികച്ചത് നമ്മളായത് എന്ത് കൊണ്ട്? നമ്മുടെതിനേക്കാള്‍ എത്രയോ മടങ്ങ്‌ ഇരട്ടിയോളം പ്രവാസികള്‍ ഉള്ള  തമിഴ് നാടിനേക്കാളും നമ്മള്‍ എങ്ങിനെ സാമൂഹികമായി വികാസം പ്രാപിച്ചു എന്നതിനൊക്കെ ഉത്തരം തേടുമ്പോള്‍ ആ ഉത്തരങ്ങളില്‍ ഒന്നാമത് വരുന്ന പേരാണ് ശ്രീ നാരായണ ഗുരു എന്ന് എളുപ്പം മനസിലാകും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലദ്വാർ ഗോൾഡ് DYFI ക്ക് ജീവ വായു.

CONVERSION OF THIYA& EZHAVA INTO NAMBU & NAAYAN CASTES..