മന്നം നവോദ്ധാന നായനോ നവോദ്ധാന നായകനോ?!
മന്നത്തുപദ്മനാഭൻ നവോത്ഥാന നായരോ, അതോ നായകനോ.??
=============================
ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടാൻ കാരണമായ 1959 ലെ വിമോചനസമരം നയിച്ച മന്നത്ത് പദ്മനാഭൻ. വിമോചന സമരത്തിൻറെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ച നായൻമ്മാരുടെ സ്വന്തം നായകൻ.
1914 ൽ 'നായർ സമുദായ ഭൃത്യജനസംഘം' എന്ന സംഘടന രൂപീകരിക്കുകയും, പിന്നീട് പേരിന് അന്തസ് കുറവാണ് എന്നു കണ്ടത്തി പരമുപിള്ള നിർദ്ദേശിച്ച 'നായർ സർവീസ് സൊസൈറ്റി' എന്ന പേര് സ്വീകരിച്ച് സമുദായ പ്രവർത്തനം ആരംഭിച്ച ശേഷം മന്നത്തിന്റെ പ്രവർത്തനം ഒട്ടും സാമൂഹികമായ പരിഷ്ക്കരണം ലക്ഷ്യമിട്ടു കൊണ്ടായിരുന്നില്ല എന്നു തന്നെ കാണാം.
ഒരിക്കൽ അവർണ്ണർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തിനായി സവർണ്ണർ ജാഥ നയിക്കുക. മാത്രവുമല്ല വീട്ടിലെ അടുക്കളയിലിരുത്തി ഒരു പുലയനെ ഇലയിട്ടൂട്ടി ഊണുകഴിഞ്ഞ് ആ ഇല തന്റെ അമ്മയെക്കൊണ്ട് എടുപ്പിച്ചയാളുമാണ് മന്നത്ത് പദ്മനാഭൻ.. എന്നാൽ സംഘബലത്തിലും. ഒപ്പം ജാതി ആഢ്യതയിൽ ക്ഷയിച്ചു പോയ നമ്പൂതിരി മേൽക്കോയ്മ്മയ്ക്ക് മുകളിലേക്കും എത്തിയതോടെ ചരിത്രത്തിൽ ഒട്ടും നവോത്ഥരിക്കപ്പെടാത്ത മന്നത്തിനെയാണ് കാണാൻ കഴിയുക.. ജാതി ചിന്തയുടെ അവസാന വാക്കായി മന്നം മാറുന്നതിന് ഏതാനും ഉദാഹരണങ്ങൾ ചരിത്രത്തിൽ നിന്ന് ചൂണ്ടിക്കാണിക്കാൻ ശ്രമിക്കാം..
"ഈഴവര്‍ പന്നി പെറ്റുപെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്. ഇവര്‍ക്ക് സഞ്ചാര സ്വാതന്ത്യ്രവും ക്ഷേത്ര പ്രവേശനവും കൊടുത്തത് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു''
(ആര്‍. ശങ്കറെ മന്ത്രിസഭയില്‍നിന്ന് താഴെയിറക്കിയ സന്ദര്‍ഭത്തില്‍ മന്നം നടത്തിയ ശാസ്തമംഗലം പ്രസംഗം- 1964, 'സരസകവി മൂലൂര്‍ പത്മനാഭ പണിക്കര്‍' എന്ന കൃതി, കുമ്പളംചിറ വാസവപ്പണിക്കര്‍ എഴുതിയത്, 1976, പേജ് 399). [ഇതിന് മറുപടിയായി ആർ ശങ്കർ പറഞ്ഞത് ഇങ്ങനെയായിരുന്നു..
" ഈഴവ സ്ത്രീ ഒന്ന് പെറ്റാലും പത്ത് പെറ്റാലും എല്ലാറ്റിന്റേയും തന്ത ഒന്നായിരിക്കും " എന്നാണു്..]
"രാവണഭരണം (ശങ്കര്‍ഭരണം) അവസാനിപ്പിക്കണമെന്ന് ഞാന്‍ പറഞ്ഞത് രാജ്യസ്നേഹം കൊണ്ടാണ്''
(പെരുന്ന പ്രസംഗം, കേരള കൌമുദി 23-9-1964).
"ഒരു ജാതിക്കാരെ മാത്രം പോറ്റുന്ന ഭരണമാണ് നടക്കുന്നത്. കമ്യൂണിസ്റുകാരെ ഇറക്കിവിട്ടതുപോലെ ഇവരെയും (ശങ്കര്‍ മന്ത്രിസഭയെ) ഇറക്കിവിടണം''
(മന്നത്തിന്റെ പൊന്‍കുന്നം പ്രസംഗം, കൌമുദി മെയ് 26, 1964). അന്ന് ഈഴവരെ ഉദ്ദേശിച്ചാണ് മന്നം ഈ വര്‍ഗീയ വിഷം വമിച്ചത്
"മന്ത്രിസഭയെ നിയന്ത്രിക്കാനുള്ള കെല്‍പ് നായര്‍ക്കുണ്ടായിരിക്കണം. നായരെ ആരും ഭയപ്പെടുത്താന്‍ വരണ്ടാ. അവര്‍ ഭയപ്പെടുന്നവരല്ല. നായര്‍ ജന്മനാ തന്നെ വലിയവനാണ്''
(മന്നത്തിന്റെ അമ്പലപ്പുഴ പ്രസംഗം, കൌമുദി 2-8-1964)
പുലയക്കുട്ടിയെ അടുത്തിരുത്തി ചോറു കൊടുത്ത മന്നം പുലയന്‍ മന്ത്രിയായപ്പോള്‍ പറഞ്ഞത് ഇതാണ് 'ചാത്തന്‍ പുലയന്‍ മന്ത്രിയായിരിക്കുന്ന നാട്ടില്‍ ജീവിക്കാന്‍ സാധ്യമല്ല' എന്നായിരുന്നു
(മുതുകുളം പ്രസംഗം, മുമ്പു പറഞ്ഞ വാസവപ്പണിക്കരുടെ പുസ്തകം, പേജ് 387).
''ഒരു ജാതി, ഒരു പത്രം, ഒരു തെങ്ങ് മനുഷ്യന് " എന്ന ആക്ഷേപം എന്‍.എസ്.എസ് മുഖപത്രമായിരുന്ന മലയാളിയില്‍ വന്നിരുന്നു (1961 ഏപ്രില്‍ 15). നിവര്‍ത്തന പ്രക്ഷോഭ നായകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സി.കേശവനെ ആക്ഷേപിക്കാനായിരുന്നു ഇത് പ്രസിദ്ധീകരിച്ചത്. ഈഴവരെയും കൌമുദി പത്രത്തെയുമാണ് ലക്ഷ്യമിട്ടിരുന്നത്.
ശങ്കര്‍ മന്ത്രിസഭ വീണപ്പോള്‍ മന്നം പറഞ്ഞത് ഇങ്ങനെ: 'എല്ലാം ഭംഗിയായി കലാശിച്ചിരിക്കുന്നു, പാല് കുടിച്ച് കിണ്ണം താഴത്തുവെച്ച സംതൃപ്തി.'
മന്നത്തിന്റെ ഈ നിലപാടുകളിൽ അന്നും വിയോജിപ്പ് ഉണ്ടായിരുന്നവർ ഉണ്ടായിരുന്നു.നായര്‍ സമുദായ നേതാവായിരുന്ന ടി. ഭാസ്‌കരമേനോന്‍ എന്‍.എസ്.എസില്‍ നിന്ന് രാജിവെച്ചുകൊണ്ട് മന്നത്ത് പത്മനാഭന് അയച്ച കത്ത് ഇപ്രകാരമാണ്…
ശ്രീ മന്നത്ത് പത്മനാഭന്,
അങ്ങയാല്‍ സ്ഥാപിക്കപ്പെട്ടതും അങ്ങയുടെ സംരക്ഷണയില്‍ തഴച്ചുവളര്‍ന്നതുമായ നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ ഞാന്‍ ഒരു ആജീവനാന്ത അംഗമാണെന്ന് അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അങ്ങയുടെ രാഷ്ട്രീയ ചിന്താഗതിയും പ്രവര്‍ത്തനവും ഈ സംസ്ഥാനത്തിനും ഈ രാജ്യത്തിന് തന്നെയും നാശകരമാണെന്ന് ഞാന്‍ കരുതുന്നു.
വ്യക്തി വൈരാഗ്യം കൊണ്ടും തല്‍ക്കാലത്തെ ആവേശം കൊണ്ടും നിങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്ന് പിരിഞ്ഞ് മാറേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുകയും അതുപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എ്‌ന്റെ 769/ 1490 നമ്പര്‍ കാര്‍ഡ് ഇത് സഹിതം അയച്ചുതരുന്നു. ദയവായി സ്വീകരിച്ചാലും" അതായിരുന്നു ആ കത്ത്.
ഗാന്ധി വധത്തിന് തൊട്ടുപിന്നാലെ 1957-ൽ RSS ന്റെ എറണാകുളത്ത് വച്ച് നടന്ന ശാഖാ വാർഷികത്തിൽ ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കാര്‍ പങ്കെടുത്ത ചടങ്ങില്‍ പങ്കെടുക്കുകയും.''ഹിന്ദുക്കളുടെ ആലംബവും, ആശാകേന്ദ്രവും ആര്‍.എസ്.എസ് ആണ് " എന്ന് പ്രഖ്യാപിക്കുകയും കൂടി ചെയ്ത നേതാവായിരുന്നു മന്നത്തു പദ്മനാഭൻ എന്നും, ഇന്നും NSS ന്റെ സംഘപരിവാർ അനുകൂല നിലപാട് അന്നേ മന്നം കൈകൊണ്ടതാണന്നും നാം മനസ്സിലാക്കണം..
''സമുദായത്തിനുവേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിക്കും, അങ്ങനെയുള്ള ശ്രമങ്ങളിൽ ഇതര സമുദായാഗംങ്ങൾക്ക് ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല'' എന്നു് പ്രതിജ്ഞ എടുത്തു കൊണ്ടു് ആരംഭിച്ച NSS എന്ന സംഘടനയുടെ സ്ഥാപക നേതാവിന്റെ നിലപാടുകളാണ് നാം മുകളിൽ കണ്ടത്.. മന്നം സ്വ സമുദായത്തെ മാത്രമാണ് നവോത്ഥാനത്തിലേക്ക് നയിച്ചത്.. ഭൃത്യജനസംഘമായിരുന്ന ഒരു പല ജാതി കൂട്ടായ്മ്മയെ നായർ എന്ന ഒറ്റ കുടക്കീഴിൽ കൊണ്ടുവരികയും.. ക്ഷയം സംഭവിച്ച നമ്പൂതിരിമാരുടെ ആഢ്യസ്ഥാനത്ത് സ്വ സമുദായത്തെ പ്രതിഷ്ടിക്കുകയും മാത്രമാണ് മന്നത്തുപദ്മനാഭൻ ചെയ്തത്.. അതു കൊണ്ട് തന്നെ മന്നം ഒരു നവോത്ഥാന നേതാവാണന്നും, NSS ഒരു നവോത്ഥാന സംഘടനയാണന്നും പറയുന്നതു് തന്നെ ചരിത്രപരമായ ഒരു തമാശ മാത്രമാണ്..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ