TIPPU BROKE THE NEDUM KOTTA


 

 
എന്തായിരുന്നു നെടുങ്കോട്ട യുദ്ധം?
AD 1789 ലെ ഡിസംബർ മാസം മുതൽ 1790 ലെ മെയ് വരെ, അഞ്ചുമാസത്തോളം നീണ്ടുനിന്ന സൈനിക മുന്നേറ്റമായിരുന്നു അത്. അന്ന് മൈസൂരിൻ്റെ പ്രവിശ്യയായിരുന്ന മലബാറിൽ കലാപം ഉണ്ടായപ്പോൾ അത് അടിച്ചമർത്താൻ ടിപ്പു സുൽത്താൻ നേരിട്ടു വന്നതായിരുന്നു പശ്ചാത്തലം. കോഴിക്കോട്ടെ ഗവർണറായിരുന്ന അർഷാദ് ബെഗിന് കലാപം ഒതുക്കാൻ കഴിഞ്ഞില്ല. സുൽത്താൻ മൂവായിരത്തോളം പട്ടാളക്കാരുമായി പുറപ്പെട്ടിട്ടുണ്ടെന്നറിഞ്ഞപ്പഴേക്കും പക്ഷേ കലാപകാരികൾ മലബാറിൽ നിന്നു തന്നെ ഓടിക്കളഞ്ഞിരുന്നു. കലാപകാരണം അന്വേഷിച്ച ടിപ്പുവിന് മനസിലായത്, നാട്ടിൽ അസ്വസ്ഥത പടർത്താൻ തിരുവിതാംകൂറുകാരും കൊച്ചി രാജാവും ചേർന്ന് നായന്മാരെ പിരി കയറ്റി വിട്ടതാണെന്നാണ്.
അതിൻ്റെ കൂടെ ഡച്ചുകാരോട് വിലപറഞ്ഞുവെച്ച രണ്ടു കോട്ടകൾ (ഐകോട്ടയും ക്രാംഗനൂർ കോട്ടയും) കൊച്ചി/തിരുവിതാംകൂർ രാജാക്കന്മാർ വാങ്ങിയതും ടിപ്പുവിനെ ചൊടിപ്പിച്ചിരുന്നു. ക്രാംഗനൂർ കോട്ടയിൽ നിന്ന് പിന്മാറാനും കലാപകാരികളെ കൈമാറാനും ആവശ്യപ്പെട്ട ശാസന തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജാക്കന്മാര് തള്ളി.
അങ്ങനെവിട്ടാൽ ശരിയാവില്ലല്ലോന്ന് തോന്നിയ സുൽത്താൻ കോയമ്പത്തൂരുനിന്ന് രണ്ടു ഡിവിഷൻ സൈനികരെ വരുത്തി കൊച്ചിയിലേക്ക് പുറപ്പെട്ടിടത്താണ് കഥ തുടങ്ങുന്നത്. രണ്ടു ഡിവിഷനെന്നുവെച്ചാൽ ('ഖാസ്' എന്നാണിത് അറിയപ്പെടുക) 20000 ഇൻഫൻട്രി പട്ടാളക്കാരുണ്ട്, ഒപ്പം 5000 കുതിരപ്പടയാളികളും ഇരുപത് പീരങ്കികളും.
സൈനികനടപടി ഉണ്ടാകുമെന്ന് അറിയാമായിരുന്ന തിരുവിതാംകൂർ മൈസൂരിനെ നേരിടാൻ അര ലക്ഷത്തിൽ കുറയാത്ത പട്ടാളക്കാരെയാണ് കൊച്ചിയിലേക്ക് വിന്യസിച്ചത്. ബ്രിട്ടീഷ് പരിശീലനവും യൂറോപ്യൻ യൂണിഫോമും അണിഞ്ഞ തിരുവിതാംകൂർ പട്ടാളക്കാർ കൊച്ചി രാജ്യത്ത് പ്രതിരോധ നിര കെട്ടിപ്പൊക്കി. 1789 നവംബർ അവസാനത്തോടെ സുൽത്താൻ്റെ സൈന്യം തൃശൂർ കടന്നു, ഡിസംബർ ആദ്യവാരം തിരുവിതാംകൂർ അതിർത്തിയിലെത്തി. തുറന്ന ഏറ്റുമുട്ടൽ ഒഴിവാക്കാൻ കൊച്ചി/തിരുവിതാംകൂർ സൈന്യങ്ങൾ പിന്മാറിക്കൊണ്ടേയിരുന്നു. പക്ഷേ 1789 ഡിസംബർ 28 ന് തൃശൂരിലെ തന്ത്രപ്രധാനമായ നെടുങ്കോട്ടയിൽ വെച്ചാണ് മൈസൂർ പട്ടാളം തിരുവിതാംകൂറിനെ നേരിട്ടത്. അപ്രതീക്ഷിതമായ മിന്നലാക്രമണത്തിൽ മൈസൂർപട പകച്ചെങ്കിലും പ്രത്യാക്രമണം തുടങ്ങിയതോടെ തിരുവിതാംകൂർ പട്ടാളം ചുറ്റുമുള്ള കാടുകളിലേക്ക് പിൻവാങ്ങി ഗറില്ലാ യുദ്ധം തുടങ്ങി.
ഇതാണ് ടിപ്പു സുൽത്താനെ തോൽപ്പിച്ചോടിച്ചെന്നും കുഴിയിൽ തളളിയിട്ടെന്നും കാലുവെട്ടിയെന്നും മുടന്തനാക്കിയെന്നുമൊക്കെ സംഘികൾ കൊട്ടിഘോഷിക്കുന്നത്. സത്യത്തിൽ നടന്നതെന്താണ്? നെടുങ്കോട്ടയിൽ ടിപ്പു തോറ്റിരുന്നോ? തോറ്റ ടിപ്പു ഇവന്മാര് പറയും പ്രകാരം പിന്മാറിയിരുന്നോ? സുൽത്താന് മുടന്തുവന്നിരുന്നോ?
ഒലക്കയാണ്. തിരുവിതാംകൂർ കൊട്ടാര പണ്ഡിതനായിരുന്ന P.ശങ്കുണ്ണി മേനോൻ (കൊട്ടാര പണ്ഡിതന്മാരുടെ പണി അറിയാല്ലോ, രാജാക്കന്മാരെ സുഖിപ്പിക്കുക, കെട്ടുഥകളുടെ പഴമ്പുരാണമെഴുതി വീമ്പുയർത്തുക) പൊടിപ്പും തൊങ്ങലും ചേർത്ത് എഴുതിവിട്ടതാണ് ഇതെല്ലാം. സത്യത്തിൽ 1789 ഡിസംബർ 29 ന് നെടുങ്കോട്ടയിൽ ടിപ്പു സുൽത്താൻ തിരുവിതാംകൂറിനോട് തോറ്റോടുകയോ വെട്ടു കൊണ്ട് മുടന്തനാകുകയോ ചെയ്തോ? എങ്കിൽ മൂന്നാം ആംഗ്ലോ മൈസൂർ യുദ്ധം തന്നെ സംഭവിക്കില്ലായിരുന്നു.
ഡിസംബർ 28 ന് കാടുകളിലേക്കോടിയ തിരുവിതാംകൂർ പട്ടാളം ഗറില്ലാ ആക്രമണം തുടങ്ങി. കൂടുതൽ പീരങ്കികൾ വരുത്തി നെടുങ്കോട്ട തകർക്കാൻ പദ്ധതിയിട്ട ടിപ്പു സുൽത്താൻ മൈസൂരുന്ന് പീരങ്കികൾ വരുന്നതുവരെ കാത്തിരുന്നു (20 എണ്ണമേ കയ്യിലുണ്ടായിരുന്നുള്ളൂ). അങ്ങനെ മൂന്നു മാസത്തോളം ചെറിയ ഷെല്ലാക്രമണങ്ങൾ മാത്രം നടത്തിവന്നിരുന്നത് മാർച്ച് അവസാനം പീരങ്കികൾ എത്തിയതോടെ യുദ്ധം പുനരാരംഭിക്കുന്നതിലേക്ക് മാറി. അങ്ങനെ തോൽപ്പിച്ച് ഓടിച്ചെന്നും കാല് വെട്ടിയെന്നും മുടന്തനായെന്നും വരെ തട്ടിവിട്ട ടിപ്പു സുൽത്താൻ അതാ 1790 ഏപ്രിൽ 15 ന് നെടുങ്കോട്ട തകർത്തു...!! ഇരച്ചുകയറിയ മൈസൂർ പട്ടാളം കോട്ട കിലോമീറ്ററുകളോളം ഇടിച്ചു നിരത്തി. സംഭവം നടക്കുന്നത് തൃശൂരിലാണ്, യുദ്ധക്കളം വിട്ടോടിയ തിരുവിതാംകൂറുകാർ - അതും ഓട്ടമെന്നുപറഞ്ഞാൽ ഹെജ്ജാതി ഓട്ടം - തൃശൂരുന്ന് കൊടുങ്ങല്ലൂരും കടന്ന് ആലുവ വരെ ഓടി...!!
യുദ്ധത്തിൻ്റെ കാരണങ്ങളിലൊന്ന് ഐക്കോട്ടയും ക്രാങ്കന്നൂർ കോട്ടയും തിരുവിതാംകൂർ വാങ്ങിയതായിരുന്നല്ലോ. രണ്ടു കോട്ടകളും ടിപ്പു സുൽത്താൻ്റെ കീഴിലായി. കൊച്ചി രാജാവ് തിരുവിതാംകൂറിൽ അഭയം തേടി. തിരുവിതാംകൂറോ, ബ്രിട്ടീഷുകാരോടും..!! ജൂൺ മാസം മഴക്കാലം തുടങ്ങിയിരുന്നു. പെരിയാറിൽ വെള്ളം ഉയരും മുമ്പ് തിരുവിതാംകൂറിൽ പ്രവേശിക്കാൻ തീരുമാനിച്ച സുൽത്താൻ സൈന്യത്തെ ആലുവയിലേക്ക് നയിച്ചു. തോറ്റു തുന്നം പാടിയ തിരുവിതാംകൂറിനെ രക്ഷിക്കാനാണ് ബ്രിട്ടീഷുകാർ മൈസൂരിനോട് യുദ്ധം പ്രഖ്യാപിക്കുന്നതും മൂന്നാം ആംഗ്ലോ/മൈസൂർ യുദ്ധം ആരംഭിക്കുന്നതും. ആലുവയിൽ വെച്ച് ചിറപൊട്ടുന്നതും നദിയുടെ നടുക്ക് പെട്ടു പോയ ടിപ്പു സുൽത്താൻ നീന്തിക്കയറിയതുമൊക്കെ പ്രസിദ്ധമാണല്ലോ. മൂന്നു മാസം മുമ്പ് താൻ മുടന്തനായ കാര്യം ടിപ്പു മറന്നുപോയതായിരിക്കും, കുതിച്ചൊഴുകിയ പെരിയാറിനെയാണ് നീന്തിക്കയറിയത്.
ഇതിനോടകം ബ്രിട്ടീഷുകാർ മൈസൂരിനു നേരെ യുദ്ധം പ്രഖ്യാപിച്ചതറിഞ്ഞ ടിപ്പു തിരുവിതാംകൂറിലേക്കുള്ള പടയോട്ടം നിർത്തി കോയമ്പത്തൂരിലേക്ക് മടങ്ങി.
ഇതാണ് "നെടുങ്കോട്ട വിജയ"ത്തിൻ്റെ ചരിത്രം, വിജയം പക്ഷേ ടിപ്പുവിൻ്റെതായിരുന്നു എന്നുമാത്രം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...