POTHERI KUNJAMBU
സഹോദരൻ അയ്യപ്പന് മുൻപുതന്നെ ‘പുലയൻ കുഞ്ഞമ്പു’ ആയിമാറിയ മറ്റൊരു യുക്തിവാദിയുടെ ഓർമ്മദിനം കൂടിയാണ് ഡിസംബർ 24
കേരളത്തിലെ യുക്തിവാദികൾക്ക് ഒരു സംഘടനാ സംവിധാനം ഉണ്ടാക്കുന്നത് 1926 ൽ ആണ്. അതിന് മുഖ്യപങ്ക് വഹിച്ചയാൾ സഹോദരൻ അയ്യപ്പൻ ആയിരുന്നെങ്കിലും യുക്തിവാദികൾ കേരളത്തിൽ അതിന് മുൻപേ ഉണ്ട്. യുക്തിവാദി സംഘമൊക്കെ ഉണ്ടാകുന്നതിന് മുൻപേ "ഞാൻ ഒരു യുക്തിവാദി ആണ്" എന്ന് നാരയണഗുരുവിനോട് തന്നെ തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് പോത്തേരി കുഞ്ഞമ്പു.
സഹോദരൻ അയ്യപ്പൻ ‘പുലയൻ അയ്യപ്പൻ ആകുന്നത് 1917ൽ ആണ്. എന്നാൽ പോത്തേരി കുഞ്ഞമ്പു എന്ന കുഞ്ഞമ്പു വക്കീൽ 1890 ൽ തന്നെ പുലയർക്കുവേണ്ടി സ്വന്തമായി ഒരു പ്രാഥമികവിദ്യാലയം സ്ഥാപിക്കുകയും അതിലൂടെ “പുലയൻ കുഞ്ഞമ്പു” എന്ന അധിക്ഷേപ നാമവും സ്വീകരിച്ചിരുന്നു. ദളിതരെ പഠിപ്പിക്കാൻ സ്വന്തം സഹോദരനൊഴികെ തീയ്യസമുദായത്തിൽ നിന്നുപോലും അവിടെ അദ്ധ്യാപകരാകാൻ ആരും മുന്നോട്ടുവന്നില്ല. ഈ സ്ക്കൂളാണ് ഇപ്പോഴത്തെ ചൊവ്വ ഹയർ സെക്കന്ററി സ്ക്കൂൾ.
അയ്യ൯കാളിക്ക് മു൯പേ ദളിത് പെൺകുട്ടികൾക്ക് മാറ് മറയ്ക്കാൻ സൗജന്യമായി പെററികോട്ട് നൽകിയ അദ്ദേഹം നാരായണഗുരുവിൻറെ മലബാറിലെ ആരാധകരിൽ ഒരാളായിരുന്നു. 1916 ൽ നാരായണാ ഗുരു കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കു എത്തിയപ്പോൾ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചിരുന്നെങ്കിലും ഗുരുവിന് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയശേഷം താൻ ഒരു യുക്തിവാദിയായതിനാൽ പ്രതിഷ്ഠാ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കില്ല എന്ന് ഗുരുവിനോട് തന്നെ തുറന്ന് പറഞ്ഞ് അതിൽനിന്നും വിട്ടുനിന്ന അത്രമാത്രം ആദർശനിഷ്ഠയുള്ള ആളായിരുന്നു കുഞ്ഞമ്പു വക്കീൽ.
അദ്ദേഹത്തിൻറെ മകൾ പാറു ആണ് തീയ്യ സമുദായത്തിലെ ആദ്യ ഗൈനക്കോളജിസററ്. കുഞ്ഞമ്പുവിന്റെ മകന്‍ പോത്തേരി മാധവന്‍ ദേശീയ സ്വാതന്ത്ര്യ സമരപോരാളിയായിരുന്നു. കണ്ണൂര്‍ കോട്ടയില്‍ കാവല്‍ക്കാരുടെയും സൈന്യത്തിന്റെയും കണ്ണുവെട്ടിച്ചുകടന്ന്, ബ്രിട്ടീഷ് പതാക വലിച്ചുതാഴ്ത്തി ത്രിവര്‍ണ പതാക ഉയര്‍ത്തിയ ധീരന്‍. കണ്ണൂര്‍ സിഗാര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ആദ്യ സെക്രട്ടറി അദ്ദേഹമായിരുന്നു . മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹം സെക്രട്ടറിസ്ഥാനമൊഴിഞ്ഞു. അപ്പോള്‍ ആ സ്ഥാനത്തെത്തിയത് സാക്ഷാല്‍ പി. കൃഷ്ണപിള്ളയാണ്. കുഞ്ഞമ്പുവിന്റെ മകനായ കുഞ്ഞിക്കണ്ണന്റെ മകന്‍ രാമചന്ദ്രന്‍ റോയല്‍ നേവിയില്‍ പൈലറ്റായിരുന്നു. കണ്ണൂരില്‍ ആദ്യമായി വിമാനമിറക്കിയതും രാമചന്ദ്രനാണ്.
മലയാളത്തിലെ ആദ്യ ദളിത് നോവലായ ‘സരസ്വതിവിജയം’ ത്തിന്റെ രചയിതാവും പോത്തേരി കുഞ്ഞമ്പു ആണ്. ജാതീയമായ അടിച്ചമർത്തലിനെതിരായുള്ള നോവലായിരുന്നു സരസ്വതീ വിജയം.1892-ലാണ് ഈ കൃതി പുറത്തുവന്നത്. ദളിതനായ ഒരു യുവാവ് നമ്പൂതിരിയായ ജന്മിയുടെ ക്രൂരതകളിൽ നിന്ന് രക്ഷ കിട്ടാനായി നാടുവിട്ട് പോകുന്നതാണു കഥ. ക്രിസ്തുമതം സ്വീകരിച്ച ആ യുവാവ് ആധുനിക വിദ്യാഭ്യാസം നേടി തിരിച്ചുവന്ന് കോടതിയിൽ ജഡ്ജിയാവുന്നു. ദളിത് യുവാവിനെ ജന്മി കൊന്നതാണെന്നു കരുതിയ ഗ്രാമവാസികൾ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുന്നു. വിചാരണയ്ക്കൊടുവിൽ താനാണു ആ ദളിതൻ എന്ന സത്യം ജഡ്ജി വെളിപ്പെടുത്തുന്നു. കീഴാളരുടെ ഉന്നമനത്തിനു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ നോവൽ പറയുന്നത്.
മലയാള സാഹിത്യത്തിൽ ആദ്യമായി സാമൂഹികപരിഷ്കരണം, ദളിത് മുന്നേറ്റം എന്നിവ വിഷയമായ ഈ നോവൽ കുമാരനാശാന്റെ ‘ദുരവസ്ഥ’യ്ക്കും 30 വർഷം മുമ്പാണ് വെളിച്ചം കണ്ടത്. ജാതീയത കൊടികുത്തിവാണിരുന്ന 19ാം നൂറ്റാണ്ടിലാണ് നമ്പൂതിരി-പുലയ വിവാഹമെന്ന വിപ്ലവകരമായ ആശയം അദ്ദേഹം ഈ നോവലിലൂടെ ആവിഷ്കരിച്ചത്. കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരത്തിനും 13 വർഷം മുമ്പാണ് നോവലിലെ സ്മാർത്തവിചാരവും പുറന്തള്ളലുമെന്നതും ശ്രദ്ധേയമാണ്. കീഴാള പക്ഷത്ത് നിന്ന് എഴുതപ്പെട്ട ആദ്യ മലയാള നോവലും സരസ്വതീവിജയമാണ്.
‘പണ്ടെത്ര പുലയരെ ജീവനോടെ കിളങ്കാലിൽ കിടത്തി കിളച്ചിട്ടുണ്ട്. എത്ര എണ്ണത്തിനെ ചളിയിൽ ചവിട്ടി മുക്കീട്ടുണ്ട്. അതിനൊന്നും കുറ്റമുണ്ടായില്ലല്ലോ’ എന്ന് രാമർകുട്ടി നമ്പ്യാർക്ക് തടവുശിക്ഷ വിധിച്ചതറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും കരഞ്ഞുകൊണ്ട് ഉരുവിട്ട വാക്കുകൾ അക്കാലത്ത് കീഴാളർ നേരിട്ട അടിച്ചമർത്തലിന്റെ സാക്ഷിമൊഴിയാണ്.
1857 ൽ കണ്ണൂരിനടുത്ത് പള്ളിക്കുന്നിൽ ജനനം. പിതാവ് നടത്തിയിരുന്ന എഴുത്തുപള്ളിയിലെ പഠനത്തിനുശേഷം സംസ്‌കൃതത്തിലും മലയാളത്തിലും വിദ്യാഭ്യാസം നേടി. മെട്രിക്കുലേഷനുശേഷം മലപ്പുറത്ത് പോസ്റ്റ് മാസ്റ്ററായും തളിപ്പറമ്പിൽ ഗുമസ്തനായും പ്രവർത്തിച്ചു. പിന്നീട് നിയമപരീക്ഷ പാസായി വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. നിയമത്തിൽ ആഴത്തിലുള്ള അറിവും പ്രായോഗിക ജ്ഞാനവും അദ്ദേഹത്തെ മുൻനിരക്കാരനാക്കി.
ചിറക്കൽ, അറക്കൽ രാജകുടുംബാംഗങ്ങളുടെ നിയമോപദേശകനായിരുന്നു. തന്റെ സമ്പത്ത് ദളിതരുടെയും താഴ്ന്ന ജാതിക്കാരുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി ചിലവഴിച്ച കുഞ്ഞമ്പു പുലയ ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കണ്ണൂരിൽ സ്കൂൾ സ്ഥാപിച്ചു. തന്റെ സഹോദരനെ അവിടെ അധ്യാപകനാക്കി. പുലയർക്കായി സ്കൂൾ പണിതതിന്റെ പേരിൽ സവർണരും ഈഴവ സമുദായത്തില്‍പെട്ടവരും ‘പുലയൻ കുഞ്ഞമ്പു’വെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
കണ്ണൂർ ബാങ്ക് എന്ന കമേഴ്സ്യൽ ബാങ്ക് സ്ഥാപിച്ചതും കുഞ്ഞമ്പുവാണ്. കണ്ണൂരിലെ ആദ്യത്തെ ബാങ്കായിരുന്നു ഇത്. നീണ്ടകാലം കണ്ണൂർ നഗരസഭയുടെ ചെയർമാനായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് അദ്ദേഹം സ്ഥാപിച്ച എഡ്വേഡ് പ്രസ് എന്ന അച്ചടിശാലയിൽ നിന്നാണ് അദ്ദേഹം രചിച്ച ‘സരസ്വതീവിജയം’, തീയ്യർ, രാമകൃഷ്ണസംവാദം, രാമായണസാരശോധന, മൈത്രി എന്നീ പുസ്തകങ്ങൾ അച്ചടിച്ചത്.
‘കേരള പത്രിക’, ‘കേരള സഞ്ചാരി’, ‘ഭാഷാപോഷിണി’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജാതിക്കെതിരെ കലാപാഹ്വാനവുമായി തന്നെ അന്നേ ലേഖനങ്ങളെഴുതിയിട്ടുള്ളയാളാണ് കുഞ്ഞമ്പു.
കണ്ണൂർ മട്ടന്നൂർ റോഡിൽ മേലെ ചെവ്വയിൽ നിന്ന് 100 – മീററ൪ അകലെ പോത്തേരി കുഞ്ഞമ്പു വിന്റെ തറവാട് ഇന്നുമുണ്ട്. കുഞ്ഞമ്പുവിന്റെ മറ്റൊരു മകള്‍ ലക്ഷ്മിയുടെ മകന്‍ വിജയരാഘവനും ലക്ഷ്മിയുടെ മകള്‍ ശാന്തയുടെ മകന്‍ അജിത്ത് ഗോപാലും കുടുംബവുമാണ് ഇപ്പോള്‍ ഇവിടെ താമസം.
1919 ഡിസംബർ 24 ന് പോത്തേരി കുഞ്ഞമ്പു അന്തരിച്ചു.
ലിബി CS..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ