നായർ ഭ്രിത്യ ജന സംഘം
🌸നായർ സമാജത്തിൽ മന്നം നടപ്പിലാക്കിയ സംഘ മര്യാദകൾ🌻🏵️
നായർ ഭൃത്യജനസംഘത്തിന്റെ ആദ്യത്തെ പ്രസിഡന്റായി ശ്രീ.കെ.കേളപ്പൻ നായരെയും (കേളപ്പജി) സെക്രട്ടറിയായി ശ്രീ.മന്നത്തെയും ട്രഷററായി ശ്രീ. പനങ്ങോട്ട് കേശവപ്പണിക്കരെ തിരഞ്ഞെടുത്തു. സ്ഥാപകാംഗങ്ങളുടെ ശ്രമഫലമായി ചങ്ങനാശ്ശേരി, അമ്പലപ്പുഴ താലൂക്കുകളിലെ മുട്ടാർ, രാമങ്കരി, വേഴപ്ര മണലാടി, ഊരുക്കരി, പുതുക്കരി, കൊടുപ്പുന്ന എന്നീ സ്ഥലങ്ങളിൽ നായർ സമാജങ്ങൾ രൂപം കൊണ്ടു.
നായർ ഭൃത്യജന സംഘാംഗളുടെ പ്രവർത്തനഫലമായി സമുദായാംഗങ്ങളിലെ അന്തഃച്ഛിദ്രം, വ്യവഹാര പ്രവണത, താലികെട്ടുകല്യാണങ്ങൾ എന്നിവ ഒഴിവാക്കി.
കുറുമ്പനാട് താലൂക്ക്, നീരേറ്റുപുറം, നാടുവിലേമുറി, കാരിക്കുഴി, എന്നീ കരകളിലെ നായന്മാരെ കേളപ്പജിയുടെ ശ്രമഫലമായി സംഘടിപ്പിച്ച് അവിടെയെല്ലാം എൻ.കെ. നായർ സമാജം രൂപീകരിച്ചു.
സംഘ മര്യാദ എന്ന വിഷയത്തെക്കുറിച്ച് 1915-ൽ മുട്ടാർ നായർ സമാജത്തിൽ മന്നം പ്രസംഗിച്ചു. നായർ സമൂഹത്തിൽ മരണാനന്തര അടിയന്തിരത്തിൽ അവാന്തരജാതി വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി പന്തിഭോജനം, നായർ കുടുംബങ്ങളിലെ ബ്രാഹ്മണസദ്യ നിർത്തലാക്കി, പരിഷ്കൃത വിവാഹച്ചടങ്ങുകൾ നടപ്പിലാക്കി, നാലുദിവസത്തെ വിവാഹച്ചടങ്ങുകൾ ഒരു ദിവസമാക്കി. നായർ സമാജങ്ങൾ ഓരോ കരയിലും സ്ഥാപിച്ച് കൂടുതൽ അംഗങ്ങളെ ചേർത്തു എന്നീ പ്രകടമായ മാറ്റങ്ങൾ മന്നത്തിന്റെ പ്രസംഗാഹ്വാനം അനുസരിച്ചു് നടപ്പിലാക്കി.
സർ. സി. ശങ്കരൻനായരെ നായർ സമാജത്തിൽ ബഹുമതാംഗമായി ചേർത്തു.
അക്കാലങ്ങളിലൊക്കെ നായർ സമാജത്തിന്റെ യോഗം കൂടുമ്പോൾ വെള്ളമുണ്ട്, മഞ്ഞ കുടുതുണി, ആകാശനിറത്തിലുള്ള സിൽക്ക് ഉത്തരീയം എന്നിവ ധരിക്കണമായിരുന്നു. 'സമുദായ പരിഷ്കരിണി' എന്ന പ്രസിദ്ധീകരണം നായർ സമുദായ സംഘടനാ പ്രവർത്തനത്തെ അഭിനന്ദിച്ചുകൊണ്ട് മുഖപ്രസംഗമെഴുതി. സംഘടനയുടെ പ്രാരംഭകാലത്ത് ബഡ്‌ജറ്റിലെ വരവു ചിലവുകൾ 21 രൂപ 13 അണ വരവും 25 രൂപ ചിലവും ആയിരുന്നു. സംഘടനാ പ്രവർത്തന മൂലധനം വർദ്ധിപ്പിക്കാൻ മന്നം നായർ മഹായോഗം നായർ മഹായോഗം വിളിച്ചുകൂട്ടി ബോധവത്കരണം നടത്തി.
നായർ സമുദായ ഭൃത്യജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരിയിൽ വെച്ച് മുട്ടാർ എം. എ. പരമുപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന ആദ്യത്തെ പൊതുസമ്മേളനം 1915 (1990 ഇടവം 23) ന് ആയിരുന്നു. ഖജാൻജി പനങ്ങോട്ട് ശ്രീ.കേശവപ്പണിക്കരുടെ ജേഷ്ഠൻ ശ്രീ. പനങ്ങോട്ടു പരമേശ്വരപ്പണിക്കർ നായർ സമുദായ ഭൃത്യജന സംഘത്തിന് ആദ്യമായി 80 പറ നിലം ദാനം ചെയ്തു. പ്രജാസഭ മെമ്പറായ ശ്രീ നടമേൽ ഇരവിക്കുറുപ്പ് എഴുപതേക്കർ സ്ഥലവും നായർ ഭൃത്യജന സംഘത്തിന് ദാനം ചെയ്തു.
1915 (1990 മിഥുനം 27) നു നായർ ഭൃത്യജനസംഘം നായർ സർവീസ് സൊസൈറ്റി ആയി. ശ്രീ. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള നായർ സർവീസ് സൊസൈറ്റിയുടെ ആദ്യത്തെ അദ്ധ്യക്ഷനായി. നായർ സർവീസ് സൊസൈറ്റിയുടെ സംഘടനാ പ്രവർത്തനങ്ങൾക്കായി ശ്രീ മന്നം, ശ്രീ. പനയ്ക്കാട്ട് പരമേശ്വരക്കുറുപ്പ് എന്നിവരെ യോഗം തിരഞ്ഞെടുത്തു.
❤🌸🏵️❤
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ