കൂത്തും കൂത്തച്ചികളും


നമ്മൾ പവിത്രമെന്ന് കരുതിപ്പൊരുന്ന ക്ഷേത്രസംസ്കാരങ്ങൾ മുൻപ് അസാന്മാർഗികമായിട്ടുള്ളതായിരുന്നു എന്നാണ് ചില ചരിത്ര സൂചനകളിൽ കാണുന്നത്.
  കേരളത്തിൽ എട്ട് ഒൻപത് നൂറ്റാണ്ടുകളിൽ രൂപീകൃതമായ ബ്രാഹ്മണഗ്രാമങ്ങളിലും മറ്റുമായാണ് ക്ഷേത്രനിർമ്മാണം നടന്നതായി പറയപ്പെടുന്നത്. അതിന് വ്യക്തമായ ക്ഷേത്രരേഖകളുമുണ്ട്. ഇങ്ങിനെ രൂപീകൃതമായ ക്ഷേത്രങ്ങളിൽ തേവടിച്ചി സമ്പ്രദായം നിലനിന്നതായും ഈ തേവടിച്ചികൾ വലിയതോതിൽ ക്ഷേത്രങ്ങളിലേയ്ക്ക് വസ്തുവകകൾ ദാനമായി നൽകിയതിനും രേഖകളുണ്ട്.
 ഇതുമാത്രമല്ല ക്ഷേത്രങ്ങളിൽ പാഠശാലകളും കലാശാലകളും ആതുരശാലകളും സരസ്വതി ഭണ്ടാരങ്ങളും ഉണ്ടായിരുന്നു. കൂടാതെ മതബോധമുണ്ടാക്കാനായി  മഹാഭാരതം വായനക്കാരായ മാവാരതപട്ടരും മറ്റുചില പട്ടത്താനങ്ങളും ഉണ്ടായിരുന്നു.
 ജനങ്ങളെ ക്ഷേത്രത്തിലേക്കാകർഷിക്കാനായി സൃഷ്ടിക്കപ്പെട്ട തേവടിച്ചികളെ, കൂത്തികൾ, കൂത്തസ്ത്രീകൾ, കൂത്തത്തികൾ, കൂത്തച്ചികൾ, ആടുംപാത്രങ്ങൾ, കുടിക്കാരികൾ, തളിച്ചേരിപെണ്ടുകൾ, തളിനങ്ങൾ, നങ്ങച്ചിയാർ എന്നെല്ലാം വിളിച്ചുപോന്നിരുന്നു. ഇവരുടെ പുരുഷന്മാരെ നമ്പിയാർ എന്നാണ് വിളിക്കപ്പെട്ടത്. ക്ഷേത്രത്തിന് തൊട്ടടുത്തായി പടിഞ്ഞാറ് വശത്തായാണ് ഇവരുടെ കോയിലുകൾ സ്ഥിതിചെയ്തിരുന്നത്. ഇതിന് മേറ്റളിയിൽ എന്നത്ര പേര്. മേറ്റളി കാലാന്തരത്തിൽ മേത്തളിയാവുകയും ചെയ്തു. ഈ സ്ഥലം പിന്നീട് മേത്തളിച്ചേരി, മേറ്റളിപറമ്പെന്നും വിളിച്ചുപോന്നു.

  കേരളത്തിൽ ആദ്യമായി തേവടിച്ചി സമ്പ്രദായം നടപ്പിലായത് ചോക്കൂർ ക്ഷേത്രത്തിലാണ്. കോതരവിയുടെ പതിനഞ്ചാം ഭരണവർഷം പറയുന്ന എ.ഡി 886 ലെ രേഖയാണിത്.
 'ചുഴിയിലിൽ ചിറ്ററയിൽ നങ്ങയാർ കൊടുത്ത പൂമി' എന്നാണ് ലിഖിതത്തിൽ പറയുന്നത്. ക്ഷേത്രത്തിലേയ്ക്ക് പത്തുതുണിപ്പാട് ഭൂമി ദാനമായി നൽകിയ രേഖ.
 ഭാസ്കരരവിയുടെ പതിനൊന്നാം ഭരണവർഷം പറയുന്ന എ.ഡി 973 ലെ നെടുംമ്പുറം തളിരേഖയിൽ,
 'തരിപ്പൂവന മാതേവിയായിന ചൈരിതരാനങ്ങച്ചി ഉടൈയ പൂമി ചേരലൂരും,ചാത്തനൂരും,പെരുമ്പലമും,ചിറമങ്ങാത്തൂരും,പെരുമനങ്ങാടും ഏഴുകലം പട്ടവിരുത്തിയും മരുങ്ങാടും തളിക്ക് കിഴക്ക് കോയിലുക്കുള്ള പുരയിടവും ഏഴും കുടാ...'
 എന്നിങ്ങനെ വളരെയേറെ ഭൂമി നൽകിയതായി പറയുന്നു.

   ശുചീന്ദ്രം ക്ഷേത്രത്തിൽ നാടകശാല, വസന്തമണ്ഡപം, ഇളയനയിനാർ മണ്ഡപം തുടങ്ങി പലതും തേവടിച്ചികൾ പണികഴിപ്പിച്ചതാണ് എന്ന് ക്ഷേത്രലിഖിതം പറയുന്നുണ്ട്. അവിടുത്തെ തേവടിച്ചിയായിരുന്ന സീതമ്മയുടെയും മാതാവായ മാലകുട്ടിയുടെയും നൃത്തം ചെയ്യുന്ന രീതിയിൽ തീർത്ത ശില്പങ്ങൾ അവിടെയുണ്ടെന്നാണ് ഇളംകുളം പറയുന്നത്.

  കന്യാകുമാരി ഗുഹനാഥക്ഷേത്രത്തിൽ തേവടിച്ചിയായ കണ്ടൻചോലൈ ഒരു നന്ദാവിളക്ക് നൽകുന്നു. തിരുവല്ല ക്ഷേത്രത്തിലെ തേവടിച്ചിയായ പെരിയമടവാർ അടക്കമുള്ള നാലാളുകൾക്ക് ദിനംപ്രതി പന്ത്രണ്ട് നാഴി അരി നൽകാൻ പറയുന്ന രേഖയുണ്ട്.
  വേണാട് വാണ കേരളവർമ്മൻെറ ധർമ്മപത്നിയായ സ്ത്രീരത്നം കണ്ടിയൂർ തേവടിച്ചിയായ ഉണ്ണികളത്തിരയും  കേരളവർമ്മനും ഓടനാടുടയവരായ ഇരാമൻ കോതവർമ്മനും ചേർന്നത്രെ കണ്ടിയൂർ ക്ഷേത്രത്തിലെ കലശമാട്ടും മറ്റും ആലോചിച്ചിരുന്നത് എന്നതിൽ നിന്നും ഈ തേവടിച്ചികളുടെ അധികാരപദവി എത്രയെന്ന് നമുക്ക് മനസ്സിലാക്കാം.

 മറ്റൊരു ഓടനാട് ഭരണകർത്താവായ ഇരവികേരളവർമ്മൻെറ ഭാര്യമാരിൽ പ്രഥമസ്ഥാനം നർത്തകീനാം വരിഷ്ഠയായ ചെറുകര കുട്ടത്തിയായിരുന്നു.
  മണിപ്രവാളകവികൾ പ്രകീർത്തിക്കുന്ന ഉത്തരാചന്ദ്രിക എന്ന തേവടിച്ചി നിരണത്തിന് സമീപം ആതെൻ തുരുത്തിയിൽ ചിറവായില്ലാത്ത ഒരു സുന്ദരിയത്രെ. തെക്കൻ തിരുവിതാംകൂറിലെ നമ്പൂരികുട്ടന്മാരുടെ ഉറക്കം കെടുത്തിയ മാദകസുന്ദരിയായ കൗണോത്തര ഒരു തേവടിച്ചിയായിരുന്നു.
  ഈ മണിപ്രവാള കൃതികൾ ഇവർ രചിക്കാനുള്ള കാരണം തന്നെ ഇത്തരം തേവടിച്ചികളുമായുള്ള ശയനം സ്വപ്നം കണ്ടുകൊണ്ടാണ് എന്ന് ഈ കൃതികൾ തന്നെ പറയുന്നുണ്ട്.

  ദേവദാസി എന്നപേരിൽ തേവടിച്ചി സമ്പ്രദായം കേരളത്തിലെത്തിയത് ചോളന്മാർ മുഖേനയാണ്. ചോളന്മാർ ക്ഷേത്രനിർമ്മാണം കഴിഞ്ഞാൽ അവിടെ തേവടിച്ചികളെ കുടിയിരുത്താറുണ്ട്. കൊല്ലവർഷം 179 ൽ തഞ്ചാവുർ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ചപ്പോൾ 400 തേവടിച്ചികളെ അവിടെ കുടിയിരുത്തി. അതുപോലെ തെക്കൻതിരുവിതാംകൂർ ചോളന്മാരുടെ കൈവശമായതോടെ ഇവിടെയും അവർ ഈ സമ്പ്രദായം നടപ്പിലാക്കി.
  യഥാർത്ഥത്തിൽ ദേവന് വേണ്ടി ആടാനും പാടാനുമായിരുന്നു ദേവദാസികളെ കുടിയിരുത്തിയിരുന്നത്. എന്നാൽ ക്ഷേത്രഭരണവും ഊരായ്മയും നമ്പൂതിരിമാരിലേയ്ക്ക് എത്തപ്പെട്ടതും നമ്പുരിമാർ കേരളത്തിലെ പ്രബലശക്തിയായി തീർന്നതിനുശേഷവുമാണ് ദേവദാസി സമ്പ്രദായം അധപതിച്ച് തേവടിച്ചി സമ്പ്രദായമായി മാറിയത്.

 പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം കേരളത്തിലെ സന്മാർഗ്ഗികനിലവാരം തീരെ അധപതിച്ചു എന്നുള്ളതിൻെറ തെളിവുകളാണ് ഭാഷാകൗടലീയം, വൈശികതന്ത്രം, ഓണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുദേവിചരിതം, ശുകസന്ദേശം, ഉണ്ണുനീലീസന്ദേശം, ഉണ്ണിയാടീചരിതം, കൗണോത്തര, ഇളയച്ചി, മാരലേഖാമലർബാണകേളി തുടങ്ങിയ ഗ്രന്ഥങ്ങളും വിദേശികളായ ബാർബസോയും ബുക്കാനനും, ഹാമിൽട്ടനുമെല്ലാം അടങ്ങുന്നവരുടെ യാത്രാരേഖകളും. 
ഇനി സായിപ്പന്മാർ കളവാണ് പറയുന്നതെന്നിരിക്കെ,
 പതിനഞ്ചാം നൂറ്റാണ്ടിലെ വെൺമണി നാട് ഭരിച്ച നാടുവാഴിയുടെ വിളമ്പരം സൂചിപ്പിക്കുന്നതോ:
  'നമ്മുടെ രാജ്യത്ത് സ്വജാതിയിലൊ ഉയർന്ന ജാതിയിലൊപെട്ട പരപുരുഷനു വശംവദയാകാത്ത സന്മാർഗ്ഗഹീനകളായ സ്ത്രീകൾ ഉണ്ടെങ്കിൽ അവരെ ഉടനെ വധിക്കേണ്ടതാണ്'.
 ഇതാണ് ആ വിളംബരം.

 Babu Rajan Manassery

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Christian Contribution

കുന്തക്കാരൻ പത്രോസ്

സംവരണം മൂലം സാമൂഹ്യ വേർതിരിവ് നിലനിൽക്കുന്നു..