MANAVA DHARMMAM


ശ്രീനാരായണഗുരുവിന്റെ മത കാഴ്ചപ്പാട്   വ്യക്തമാക്കുന്ന നീണ്ടൊരു സംവാദം 
1925 ഒക്ടോബർ 9 താം തീയതി കേരളകൗമുദി പത്രത്തിന്റെ ഏഴാം പുസ്തകം ഇരുപത്തഞ്ചാം ലക്കത്തിൽ പ്രസിദ്ധീകരിച്ചതായി കാണുന്നു.

കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ സി വി കുഞ്ഞിരാമൻ ഗുരുവുമായി നടത്തിയ സംഭാഷണങ്ങൾ എഴുതി തയ്യാറാക്കി ബോധാനന്ദ സ്വാമികളെയും സത്യവൃത സ്വാമികളെയും വായിച്ചു കേൾപ്പിച്ചു. സത്യവൃത സ്വാമികൾ ഗുരുവിനെയും ഇത് വായിച്ചു കേൾപ്പിച്ചു. ഗുരു പ്രസിദ്ധീകരിക്കുവാൻ അനുമതി നൽകിയ ശേഷമാണ് ഇത് പ്രസിദ്ധീകരിക്കുന്നതെന്ന് സി വി കുഞ്ഞിരാമൻ ആമുഖത്തിൽ പറയുന്നുണ്ട്.
അതിൽ നിന്നും ചില ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു.

"ഹിന്ദു മതം എന്നൊരു മതമേ ഇല്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് ഗുരു ഇങ്ങനെ വ്യക്തമാക്കുന്നു. 

ഹിന്ദുസ്ഥാനവാസികളെ വിദേശികൾ ഹിന്ദുക്കളെന്ന് വിളിച്ചു വന്നു. ഹിന്ദുസ്ഥാന വാസികളുടെ മതം ഹിന്ദു മതം എന്നാണെങ്കിൽ ഹിന്ദുസ്ഥാനത്ത് ഇപ്പോൾ അധിവസിക്കുന്ന കൃസ്ത്യാനികളുടെയും മുഹമ്മദീയരുടെയും മതങ്ങൾ ഹിന്ദു മതം തന്നെയാണ്. അങ്ങനെയാരും പറയുന്നുമില്ല, സമ്മതിക്കുന്നുമില്ല. 

ഇപ്പോൾ ഹിന്ദുമതം എന്ന് പറയുന്നത് ഹിന്ദുസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന മതങ്ങളെ ഒഴിവാക്കി ഹിന്ദുസ്ഥാനത്ത് നിന്ന് ഉത്ഭവിച്ചിട്ടുള്ള മതങ്ങൾക്കുള്ള പൊതുപ്പേരാകുന്നു. അതുകൊണ്ടാണ് ബുദ്ധമതം ജൈന മതം എന്നിവയും ഹിന്ദുമതം തന്നെയെന്ന് ചിലർ പറയുന്നത്.

വൈദിക മതം, പൌരാണിക മതം, സാംഖ്യ മതം, വൈശേഷിക മതം, മീമാംസക മതം,ദ്വൈത മതം, അദ്വൈത മതം, വിശിഷ്ടാദ്വൈത മതം, ശൈവ മതം, ശാൿതെയ മതം, വൈഷ്ണവ മതം എന്നിങ്ങനെ പ്രത്യക്ഷത്തിൽ വിഭിന്നങ്ങളായിരിക്കുന്ന അനേക മതങ്ങൾക്ക് എല്ലാറ്റിനും കൂടി ഹിന്ദുമതം എന്ന ഒരു പൊതുപ്പേര് പറയുന്നത് യുക്തിഹീനമല്ലെങ്കിൽ മനുഷ്യജാതിക്കെല്ലാത്തിനും മോക്ഷപ്രാപ്തിക്കു ഉപയുക്തങ്ങളായി ദേശകാലാവസ്ഥകൾ അനുസരിച്ച് ഓരോ ആചാര്യന്മാർ ഈഷദീഷൽ ഭേദങ്ങളോട്കൂടി ഉപദേശിച്ചിട്ടുള്ള എല്ലാ മതങ്ങൾക്കും കൂടി ഏകമായ ലക്ഷ്യത്തോട് കൂടിയ "ഏകമതം" എന്ന് പറയുന്നതിൽ എന്തിനാണ് യുക്തിഹീനതയെ സംശയിക്കുന്നത്?

പല പല ആചാര്യന്മാരാൽ സ്ഥാപിതങ്ങളായ എല്ലാ മതങ്ങളെയും ചേർത്ത് അതിന് ഒരു മതമെന്നോ, ഏകമതമെന്നോ, മനുഷ്യമതമെന്നോ മാനവ ധർമ്മമെന്നോ എന്തുകൊണ്ട് ഒരു പൊതുപ്പേര് ഇട്ടുകൂടാ?

അങ്ങനെ ചെയ്യുന്നത് യുക്തിഭംഗവും അസംബന്ധവുമാണെങ്കിൽ ഈ അസംബന്ധവും യുക്തി ഭംഗവും ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന എല്ലാ മതങ്ങൾക്കും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.

ഏകത്വത്തിൽ നാനാത്വവും നാനാത്വത്തിൽ ഏകത്വവും അവനവന്റെ മതത്തെ സംബന്ധിച്ച് ചാതുര്യത്തോടെ പ്രസംഗിക്കുന്നവർക്ക് മനുഷ്യജാതിയുടെ മതത്തെ പൊതുവിൽ എടുത്ത്  അതിന്റ ഏകത്വത്തിൽ നാനാത്വവും, നാനാത്വത്തിൽ ഏകത്വവും കാണ്മാൻ കഴിയാതെ വന്നത് ആശ്ചര്യമായിരിക്കുന്നു.

മഹാത്മജി ഇവിടെ വന്നപ്പോൾ ചെയ്ത പ്രസംഗത്തിൽ ആശ്രമമുറ്റത്ത് നിൽക്കുന്ന ഒരു മാവിനെ ചൂണ്ടിക്കാണിച്ച് അതിന്റ ശാഖകളും ഇലകളും എങ്ങനെ ഒന്നിനൊന്നു ഭിന്നമായിരിക്കുന്നുവോ അതുപോലെ മനുഷ്യരിലുള്ള വ്യക്തികളും ഭിന്നരായിരിക്കും, ഈ ഭിന്നതയുള്ള കാലത്തോളം മനുഷ്യരുടെ മതങ്ങളും ഭിന്നങ്ങളായിരിക്കാനേ നിവൃത്തിയുള്ളു എന്ന് പറയുകയുണ്ടായി.
ശരിയാണ് മഹാത്മജി പറഞ്ഞത്.

എന്നാൽ നൈയായിക ദൃഷ്ട്യ അതിനെ പരിശോധിക്കുന്നതായാൽ ഓരോ വ്യക്തിക്കും ഓരോ മതമുണ്ടെന്ന് സമ്മതിക്കേണ്ടി വരും.
രാമന് ഒരു മതം, കൃഷ്ണന് ഒരുമതം.
ഇരുപത്കോടി ഹിന്ദുക്കൾക്ക് ഇരുപത് കോടി മതമുണ്ടെന്ന് പറയേണ്ടി വരും.

സാഹോദര്യത്തിന് മുഹമ്മദ്‌ മതവും, സ്നേഹത്തിന് കൃസ്തുമതവും പ്രാധാന്യം കൊടുക്കുന്നു.
ബുദ്ധൻ അഹിംസയ്ക്ക് പ്രാധാന്യം നൽകി.
ഇതൊക്കെ ദേശകാലാവസ്ഥകൾക്കനുസരിച്ച് രൂപപ്പെടുന്നതാണ്.
ഇവയിൽ ഓരോന്നും ശ്രേഷ്ഠമെന്ന് വിവാദം ഉണ്ടാകുന്നുവെങ്കിൽ അത് വൃഥാ വാദമാകും. "

സ്നേഹം, സാഹോദര്യം, അഹിംസ ഇവയൊക്കെ സനാതന ധർമ്മമാണെന്നും ഗുരു പറയുന്നുണ്ട്.
അതായത് ക്രിസ്ത്യൻ ഇസ്ലാം ബുദ്ധ മതക്കാരും സനാതനികൾ തന്നെയെന്നാണ് ഗുരു പറഞ്ഞതെന്ന് കാണാൻ പ്രയാസമില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...