KURUMBAN DAIVATAN


ക്ഷേത്രപ്രവേശന വിളമ്പരത്തിനും മുമ്പ്2000 പുലയരുമായി ഒരുശിവരാത്രി ദിവസം ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ പ്രവേശിച്ച കുറുമ്പൻദൈവത്താൻ്റെ ഓർമ്മദിനം ഏപ്രിൽ15

'മേലാന്മാര്‍ക്ക് വേലയെടുത്താല്‍ കൂലി തരത്തില്ല. അഞ്ചാഴി തന്നാല്‍ മുന്നാഴി കാണും വേലനടക്കില്ല' 

എന്ന ചുവരെഴുത്തു കർഷക തൊഴിലാളി സംഘടനകൾ രൂപം കൊള്ളുന്നതിനു മുന്നേ സവർണ്ണ - ജന്മിമാരുടെ ചുവരുകളിൽ എഴുതിയതിന് ഒളിവിൽ പോകേണ്ടി വന്ന നവോത്ഥാന നായകൻ കുറുമ്പൻ ദൈവത്താൻ ഓർമ്മയായത് 1927-ലെ ഇതേ ദിവസമായിരുന്നു.ആറന്മുള പഞ്ചായത്തിലെ ഇടയാറന്മുള കുരവയ്ക്കല്‍ ചക്കോളയില്‍ കുറുമ്പന്‍- താളി ദമ്പതികളുടെ മകനായി പിറന്ന കുറുമ്പന്‍ ദൈവത്താന്‍. സവര്‍ണസമൂഹത്തിന്റെ എതിര്‍പ്പുകളെയും ശാരീരിക ആക്രമണങ്ങളെയും അതിജീവിച്ചാണ് ബാല്യത്തില്‍ അക്ഷരജ്ഞാനം നേടിയത്. അവര്‍ണനും സവര്‍ണനും ഒരുപോലെ വിദ്യയ്ക്ക് അവകാശമുണ്ടെന്ന് വിശ്വസിച്ചിരുന്ന നിരവധി ഗുരുകുലങ്ങളും ഗുരുക്കന്മാരും അധിവസിച്ചിരുന്ന നാടാണ് പഴയകാല ആറന്മുള. അത്തരം ദീര്‍ഘവീക്ഷണമുള്ള ളാഹ കൊച്ചുകുഞ്ഞാശാനായിരുന്നു കുറുമ്പന്‍ ദൈവത്താനെ രാത്രിയില്‍ സവര്‍ണര്‍ അറിയാതെ പഠിപ്പിച്ചിരുന്നത്. ഏഴു വയസുള്ളപ്പോള്‍ 18 മീറ്റര്‍ വീതിയുണ്ടായിരുന്ന കോഴിത്തോട് രാത്രിയില്‍ നീന്തിക്കടന്ന് ഗുരുസന്നിധിയിലെത്തിയായിരുന്നു പഠനം.   സാധുജന പരിപാലന സംഘത്തില്‍ അയ്യങ്കാളിക്കൊപ്പം അണിനിരന്ന ഇദ്ദേഹം 1916 ഒക്ടോബറില്‍ തിരുവല്ല ആറന്മുള ഹിന്ദു പുലയ സമാജവും 1917ല്‍ മധ്യതിരുവിതാംകൂര്‍ ഹിന്ദുപുലയ സമാജവും 1924ല്‍ തിരുവിതാംകൂര്‍ ഹിന്ദുപുലയ സമാജത്തിനും രൂപം കൊടുത്ത കുറുമ്പന്‍ ദൈവത്താനെ 1915ല്‍ സരസകവി മൂലൂര്‍ എസ് പത്മനാഭപണിക്കരുടെ ശ്രമഫലമായാണ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാള്‍ പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. 1914ല്‍ ആറന്മുള കൊട്ടാരത്തില്‍ സ്കൂളിലേയ്ക്ക് പുലയകുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്നതിനും പുല്ലാട് സ്കൂള്‍ അവര്‍ണ കുട്ടികളെ ചേര്‍ത്തതിന് തീവച്ചതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലും നേതൃത്വപരമായ പങ്കുവഹിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.കേരളത്തില്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുന്നതിനും, ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടക്കുന്നതിനും ഒരു വ്യാഴവട്ടക്കാലം മുമ്പ് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഒരു ശിവരാത്രി നാളില്‍ രണ്ടായിരം പുലയരുമൊന്നിച്ച് ക്ഷേത്രത്തില്‍ ബലമായി കയറി ക്ഷേത്രദര്‍ശനം നടത്തുകയുണ്ടായി. മദ്ധ്യതിരുവിതാംകൂറില്‍ അങ്ങനെയാണ് പുലയര്‍ക്ക് ക്ഷേത്ര പ്രവേശനം സാദ്ധ്യമാക്കിയത്. ഇന്ത്യയില്‍ തന്നെ അയിത്ത ജനവിഭാഗത്തിന് ക്ഷേത്ര പ്രവേശനം അസാദ്ധ്യമായിരുന്ന അക്കാലത്ത് ചെങ്ങന്നൂര്‍ ക്ഷേത്രത്തിന്റെ കവാടം തള്ളി തുറന്ന് പുലയര്‍ക്ക് ക്ഷേത്രദര്‍ശനം നേടി .ഇദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗത്തില്‍ നിറഞ്ഞ നിവേദനങ്ങളെ തുടര്‍ന്നാണ് പുലയകുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്(ഇപ്പോഴതെത ലംസംഗ്രാന്റ്) ലഭ്യമാക്കിയത്. കോളനി എന്ന ആശയവും കൃഷിക്കുള്ള സഹായവുമൊക്കെ നേടിയെടുക്കാന്‍ കഴിഞ്ഞതും ദൈവത്താന്റെ ഇടപെടലുകളുടെ ഫലമായിരുന്നു. 1927 ഏപ്രിൽ 15-ന് നാൽപ്പത്തിയേഴാമത്തെ വയസ്സിൽ ഈ വിപ്ലവകാരി മരണമടഞ്ഞു.
✍️ സചേതന ലൈബ്രറി📚

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...