ദുരിതമകറ്റിയ ഹോമം


*🙏🏻 ദുരിതങ്ങളകറ്റിയ ഹോമം...*
*📚 ചെമ്പഴന്തി വയൽവാരം വീടിനു സമീപത്തെ മണയ്ക്കൽ ക്ഷേത്രവും അതിനോടു ചേർന്ന സ്‌ഥലങ്ങളും അതിന്റെ അവകാശികൾ ഒരിക്കൽ ഗുരുവിൻ്റെ പേർക്ക് ദാനാധാരം എഴുതുകയുണ്ടായി. അവരുടെ അഭ്യർഥനയെത്തുടർന്ന് ഒരു ദിവസം ആ ദാനാധാരം വാങ്ങുന്നതിനായി ഗുരുദേവൻ ചെമ്പഴന്തിയിൽ എത്തി. ആ വിവരമറിഞ്ഞ് ഗുരുവിന്റെ അമ്മാവൻ കൃഷ്‌ണൻവൈദ്യൻ്റെ ചെറുമകൻ ദാമോദരൻ വാധ്യാരും ഒട്ടേറെ നാട്ടുകാരും അപ്പോൾ അവിടെ സന്നിഹിതരായിട്ടുണ്ടായിരുന്നു. അവരുമായി ഗുരു സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ അതിനു സമീപത്തുള്ള മുളയ്ക്കൽ ഭവനത്തിലെ ഒരമ്മയും മകളും വളരെ വിഷമത്തോടെ അവിടേക്കു വന്നു.  ഒരുകാലത്ത് ചെമ്പഴന്തിയിലെ വളരെ സമ്പന്നമായ ഒരു കുടുംബമായിരുന്നു മുളയ്ക്കൽ ഭവനം.  പിന്നീട് രോഗങ്ങളും ആപത്തുകളും മരണങ്ങളും അടിക്കടിയുണ്ടായതോടെ ആ കുടുംബം ക്ഷയിക്കുകയും ദാരിദ്ര്യത്തിൽപ്പെട്ടു പോവുകയും ചെയ്തു. അതിൽ നിന്നെല്ലാമുള്ള രക്ഷയ്ക്കായി ഒട്ടേറെ മന്ത്രവാദങ്ങളും പൂജാദികർമങ്ങളുമൊക്കെ ആ കുടുംബത്തിലുള്ളവർ നടത്തുകയുണ്ടായി. പക്ഷേ , അതുകൊണ്ടൊന്നും അവരുടെ കഷ്ടകാലം മാറിയില്ല. വീണ്ടും പരിഹാരം തേടി പല ജോത്സ്യന്മാരെയും ആ അമ്മയും മകളും കണ്ടുവരികയായിരുന്നു. ഒടുവിൽ ഒരു ജോത്സ്യൻ പരിഹാരക്രിയകൾ നടത്തിക്കൊടുക്കാമെന്നേറ്റു. അതിനു വേണ്ടുന്ന സാധനസാമഗ്രികളുടെ വലിയൊരു ചാർത്തും അദ്ദേഹം എഴുതിനൽകി. എന്നാൽ അവ വാങ്ങാനുള്ള ശേഷി അവർക്കുണ്ടായിരുന്നില്ല. ആ ധർമസങ്കടം ഗുരുവിനെ അറിയിക്കാനാണ് ആ അമ്മയും മകളുംകുടി ആ നേരത്ത് ഗുരുസന്നിധിയിൽ എത്തിച്ചേർന്നിരുന്നത്...* 

 
*📚 ഗുരു അവരുടെ സങ്കടങ്ങളെല്ലാം കേട്ടശേഷം നാലു പനയോലകളിലായി എഴുതിനിറച്ചിരുന്ന ആ ചാർത്തു വാങ്ങി നോക്കി. എന്നിട്ട് അത് അവിടെ നിന്നിരുന്ന വേലുവൈദ്യൻ എന്നൊരു പ്രശസ്തനായ ജ്യോത്സ്യന്റെ കയ്യിൽ കൊടുത്തു. വൈദ്യൻ ആ പനയോലച്ചാർത്ത് നോക്കി നിൽക്കെ ഗുരു ചോദിച്ചു:  "ഈ ചാർത്തുപ്രകാരം വൈദ്യനത് ചെയ്ത് തീർക്കാമോ....?'* 

 
*📚 വേലുവൈദ്യൻ :-  'ഈ ചാർത്തുപ്രകാരമുള്ള കർമങ്ങളത്രയും ചെയ്യുന്നതിന് ആയിരത്തിലധികം രൂപയുടെ ചെലവു വരും സ്വാമീ.'* 

*📚 ഗുരു :- 'ഓ അങ്ങനെയാണോ..? അവർക്കുണ്ടായിരുന്ന സ്വത്തുകൂടി നഷ്ടപ്പെട്ടിരിക്കയാണല്ലോ… '* 

*📚 മുളയ്ക്കലമ്മയുടെ ദൈന്യത കണ്ടിട്ട് ഗുരു മറ്റൊരു ജ്യോത്സ്യനോടായി ചോദിച്ചു: 'ഇതു വലിയ ചെലവു കൂടാതെ ചെയ്‌തു തീർക്കാമോ...?'  അതിനുള്ള കഴിവ് തനിക്കില്ലെന്നു പറഞ്ഞ് ആ ജ്യോത്സ്യൻ ഒഴിഞ്ഞുമാറി. അപ്പോൾ ഗുരു വേലുവൈദ്യൻ്റെ കയ്യിൽനിന്നും ചാർത്തു തിരികെ വാങ്ങി അതു തിരിച്ചും മറിച്ചുമൊക്കെ നോക്കി. എന്നിട്ടു സങ്കടപ്പെട്ടു നിൽക്കുകയായിരുന്ന മുളയ്ക്കലമ്മയോടായി ചോദിച്ചു.  'നാം ഒരു ഹോമം ചെയ്യുന്നതു സമ്മതമാണോ..?'  തൊഴുകയ്യോടെ ആ അമ്മ അതു മതി എന്നറിയിച്ചു..!  അപ്പോൾ ഗുരു ഒരു തിരിയെടുപ്പിച്ച് അതു കത്തിച്ചിട്ട് ആ ചാർത്തിന്റെ ഒരറ്റത്ത് തീപിടിപ്പിച്ചു. ക്ഷണനേരംകൊണ്ട് അതു കത്തിച്ചാമ്പലായി. ആരും ഒരക്ഷരം പോലും ഉരിയാടാതെ അതു കണ്ടു നിൽക്കുകയായിരുന്നു. അതിനുശേഷം ഗുരു ഇങ്ങനെ പറഞ്ഞു:  “അരിഷ്ടതകളും ദുരിതങ്ങളുമെല്ലാം ഇതോടെ അവസാനിച്ചു...!'* 

*📚 ക്രമേണ മുളയ്ക്കൽ ഭവനത്തിൻ്റെ ദുരിതങ്ങൾക്ക് ശമനമുണ്ടായി. വൈകാതെ അവർ അഭിവൃദ്ധിയിലേക്കുയരുകയും ചെയ്തു...!* 

 📚📚 ഗ്രന്ഥം :- ഗുരുദേവ കഥാമൃതം...

കടപ്പാട്...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Christian Contribution

കുന്തക്കാരൻ പത്രോസ്

സംവരണം മൂലം സാമൂഹ്യ വേർതിരിവ് നിലനിൽക്കുന്നു..