വ്യാസൻ ദലിതനല്ല
വാല്മീകി
കാട്ടാളനല്ല;
വ്യാസൻ മുക്കുവനുമല്ല.
(രാമായണ മാസം.
ഇതിഹാസ വിമർശനം)
ഭൃഗു പാരമ്പര്യത്തിൽ വരുന്ന ബ്രാഹ്മണനായ വാല്മീകിയെ ഒരു നിഷാദനായും വസിഷ്ഠഗോത്രത്തിൽ പെടുന്ന വ്യാസനെ അഥവാ കൃഷ്ണദ്വൈപായനനെഒരു മുക്കുവനായും ചിത്രീകരിച്ച് പ്രാചീനഭാരതത്തിൽ അല്ലെങ്കിൽ ഹിന്ദുപുരാണത്തിൽ ചാതുർവർണ്ണം ഇപ്പറയുന്നതുപോലെ പ്രവർത്തിച്ചിട്ടില്ല എന്നും കണ്ടില്ലേ, മഹാ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും എഴുതിയിട്ടുള്ളത് രണ്ട് ശൂദ്ര ജാതിയിൽ പെട്ടവരാണ് എന്നും ശൂദ്രന് അക്ഷരാഭ്യാസം നിഷേധിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ സംഭവിക്കുമോ എന്നുള്ള ഒരു നരേഷൻ ഉണ്ട്.
അടുത്തകാലത്തായി ഈയൊരു നരേഷൻ്റെ ഏറ്റവും വലിയ വക്താക്കൾ സംഘപരിവാർ പ്രൊഫൈലുകളാണ്.
അവർക്ക്
ആധുനിക ഇന്ത്യൻ സാഹചര്യത്തിൽ വാത്മീകിയേയും വ്യാസനേയും ശൂദ്രരാക്കേണ്ടുന്നത് അവരുടെ രാഷ്ട്രീയ തന്ത്രത്തിൻ്റെ ഒരു ഭാഗം കൂടിയാണ്.
ഒരു കളവ് നിരന്തരം ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നാൽ പൊതുബോധത്തികത്ത് അതൊരു സത്യമായി തീരും എന്നുള്ളത് ഒരു സാമൂഹ്യ സത്യമാണ്.
അങ്ങനെ ഇടതും വലതുമായ ഒരുപാട് മലയാളി ബുദ്ധിജീവികളുടെ പ്രഭാഷണങ്ങളിൽ കൂടിയും ലേഖനങ്ങളിൽ കൂടിയുമൊക്കെ പൊതുധാരണയിൽ തറക്കപ്പെട്ട ഒരു നുണയാണ് വ്യാസൻ മുക്കുവനാണ് എന്നും വാല്മീകി കാട്ടാളനാണ് എന്നുമുള്ള തെറ്റായ ഒരു ധാരണ.
അതുകൊണ്ടുതന്നെ അവരുടെ ജാതിയും ഗോത്രവും യഥാർത്ഥത്തിൽ ഏതായിരുന്നു എന്ന് അവരുടെ തന്നെ ഗ്രന്ഥങ്ങൾ വച്ച് പരിശോധിക്കുവാനാണ് ഞാനിവിടെ ശ്രമിക്കുന്നത്.
ആദ്യം നമുക്ക് വ്യാസൻ്റെ വർണ ജാതി ഗോത്രം ഏതാണെന്ന് പരിശോധിക്കാം.
നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ പരാശര മഹർഷിക്ക് സത്യവതി എന്ന മുക്കുവ സ്ത്രീയിൽ ഉണ്ടാകുന്ന പുത്രനാണ് കൃഷ്ണദ്വൈപായനൻ അഥവാ വ്യാസൻ .
മുക്കുവ സ്ത്രീയിൽ ഉണ്ടായ കുട്ടിയായതുകൊണ്ടാണ് വ്യാസൻ മുക്കുവനായി അറിയപ്പെടുന്നത്.
സത്യവതി യഥാർത്ഥത്തിൽ മുക്കുവൻ്റെ പുത്രിയായിരുന്നുവോ?
എല്ല എന്നുള്ളതാണ് മഹാഭാരതം ആദിപർവ്വം നമ്മെ പഠിപ്പിക്കുന്നത്.
സത്യവതിയുടെ അച്ഛനും അമ്മയും ആരായിരുന്നു എന്ന് നോക്കാം.
കഥ ഇങ്ങനെയാണ്.
ദേവശാപം മൂലം മത്സ്യകന്യകയായി മാറി തീർന്ന ഒരു സ്ത്രീയായിരുന്നു അദ്രിക. അവളൊരു മത്സ്യമായി യമുനയിൽ ജീവിക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഛേദി രാജാവായ ഉപരിചരവസുവിന് യമുനാതീരത്ത് വെച്ച് കാമാസക്തി ഉണ്ടാക്കുകയും സ്ഖലനം സംഭവിക്കുകയും ചെയ്യുന്നു.
യമുനയിൽ പതിച്ച രാജരേതസ് ശാപം മൂലം മത്സ്യമായി തീർന്ന അദ്രിക എന്ന ദേവ സ്ത്രീ ഭക്ഷിക്കുന്നു.
അങ്ങനെ അവർ ഗർഭിണിയാകുന്നു. (അങ്ങനെയൊക്കെ ഗർഭമുണ്ടാകുമോ എന്ന് ചോദിക്കരുത്.
കഥയിൽ ചോദ്യമില്ല)
അങ്ങനെയിരിക്കെ ഒരിക്കൽ
മീൻ പിടിക്കുവാൻ
നദിയിൽ വലയെറിഞ്ഞ മുക്കു വർക്ക് അദ്രികയെ ലഭിക്കുകയും അവർ ആ മത്സ്യത്തിൻ്റെ വയർ കീറിയപ്പോൾ അതിൽ ഒരു ആൺകുട്ടിയേയും ഒരു പെൺകുട്ടിയും കാണുകയും ചെയ്യുന്നു.
അങ്ങനെ അദ്രികയുടെ വയറിൽ നിന്ന് ലഭിച്ച ആ പെൺകുട്ടിയെ മുക്കുവൻമാർ വളർത്തുകയും അവൾക്ക് സത്യവതി എന്ന് പേരിടുകയും ചെയ്യുന്നു.
ഇതാണ് മഹാഭാരതം ആദിപർവ്വ പ്രകാരം സത്യവതിയുടെ ജന്മവൃത്താന്തം'
അപ്പോൾ സത്യവതിയുടെ യഥാർത്ഥ അച്ഛൻ ആരാണ് ?
ഉപരിചരവസു എന്ന ക്ഷത്രിയൻ.
അമ്മ അദ്രിക എന്ന ദേവസ്ത്രീ.
അപ്പോൾ ഇവിടെയെവിടേയും സത്യവതിക്ക് ശൂദ്ര പാരമ്പര്യമില്ല.
പിന്നീട് വളർന്ന് യുവതിയായി തീർന്ന സത്യവതി യമുനയിൽ കടത്തുതോണിയുമായി ചെന്നപ്പോൾ അതുവഴി വന്ന പരാശര മഹർഷിക്ക് സത്യവതിയിൽ അനുരാഗം തോന്നുകയും അവളെ നദി മധ്യത്തിൽ വച്ച് ഭോഗിക്കുകയും ചെയ്യുന്നു (സത്യത്തിൽ അതൊരു ബലാത്സംഗമായിരുന്നു)
ആ ബന്ധത്തിൽ ജനിക്കുന്ന കുട്ടിയാണ് കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യാസൻ .
അപ്പോൾ വ്യാസൻ്റെ അമ്മ വഴിയുള്ള പാരമ്പര്യം രാജ ദേവപാരമ്പര്യവും അച്ഛൻ വഴിയുള്ള പാരമ്പര്യം പരാശരമുനിയുടെ വസിഷ്ഠ ബ്രാഹ്മണ ഗോത്ര പാരമ്പര്യവുമാണ്. പിന്നെ എങ്ങനെയാണ് വ്യാസൻ ശൂദ്രനാകുന്നത്.
ജന്മമാണ് ഒരാളുടെ ജാതി നിർണ്ണയിക്കുന്നതെങ്കിൽ വ്യാസൻ്റെത് ബ്രാഹ്മണ ക്ഷാത്രീയ ദേവ പാരമ്പര്യമാണ്. കർമ്മമാണ് വർർണ്ണത്തിന് ആധാരമെങ്കിൽ വേദങ്ങളെ നാലായി വിഭജിച്ച വേദാദ്ധ്യായനം എന്ന ബ്രാഹ്മണ ഗുണത്തിൽ ജീവിച്ച വ്യാസനോളം വലിയ ഒരു ബ്രാഹ്മണൻ മഹാഭാരതത്തിൽ മറ്റൊരാളും ഇല്ല.
പിന്നെ ഏത് അർത്ഥത്തിലാണ് വ്യാസനെ ശൂദ്രനാക്കുന്നത്.
ഇന്ത്യൻ സാമൂഹ്യ സാഹചര്യത്തിൽ ജാതി എന്ന അശ്ലീലതയുടെ അടിവേരുകൾ കുടികൊള്ളുന്നത് ഭഗവത്ഗീതയിലെ ചാതുർവർണ്ണ പരാമർശത്തിലാണ്.
ഹിന്ദുത്വ രാഷ്ട്രീയം അതിനെ നേരിടാറുള്ളത്
ജാതിയുടെ മാനിഫസ്റ്റോയാണ് ഭഗവത്ഗീതയെങ്കിൽ അത് എഴുതിയ വ്യാസൻ ഒരു ശൂദ്രനാണ് എന്ന മറുചോദ്യത്തിൽ കൂടിയാണ്.
അതുപോലെ ഒരു കാട്ടാളനായ വാല്മീകി വേദം കേട്ട് പഠിച്ചതിനാൽ ശംബുകൻ്റെ ചെവിയിൽ ഈയ്യം ഒഴിക്കുവാൻ അനുവദിക്കുമോ എന്നും അപ്പോൾ ജാതിയായിരുന്നില്ല ശംബുകൻ്റെ പ്രശ്നമെന്നും മറ്റെന്തോ ആയിരുന്നു കാരണങ്ങൾ എന്നൊക്കെയുള്ള വ്യാഖ്യാനങ്ങളിൽ കൂടിയാണ്.
രാമായണവും മഹാഭാരതവും
ഹിന്ദുത്വ രാഷ്ട്രീയം തങ്ങളുടെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്ന വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ, വാല്മീകിയേയും വ്യാസനേയും ശൂദ്രരാക്കുക എന്നുള്ളത് അവരുടെ രാഷ്ട്രീയ തന്ദ്രവും അതുവഴി അവർക്കതിൽ ലാഭവുമുണ്ട്. അപ്പോൾ ഇവരുടെ ജാതി തുറന്നുകാട്ടപ്പെടുക എന്നുള്ളത് മറ്റൊരു തരത്തിലുള്ള പ്രതിരോധം കൂടിയാണ്.
( വാല്മീകിയുടെ ജാതിയുമായി തുടരും )
M Sudheesh Kumar
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ