അമ്പനാട്ടു പണിക്കർ




പ്രസിദ്ധമായ ഈഴവ തറവാട് ആയ അമ്പനാട്ട് വീട്ടുമുറ്റത്ത് പണിക്കനും പണിക്കത്തിക്കും കണി കാണുവാനായി ചെമ്പകശ്ശേരി രാജാവിന്റെ ഏറ്റവും വലിയ കൊമ്പനാനയെ അണിയിച്ചു മുത്തുകുട ആലവട്ടം വെഞ്ചാമരം മുതലായ അലങ്കാരങ്ങളോടെ വാദ്യ ആഘോഷങ്ങളോടെ ശ്രീകൃഷ്ണ വിഗ്രഹം എഴുന്നള്ളിച്ചു കണി കാണിക്കാൻ എത്തുകയോ? ഇന്ന് പലർക്കും ഇങ്ങനെ ഒരു ചടങ്ങ് നടന്നിരുന്നോ എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാം.പക്ഷെ സംഭവം സത്യമാണ്.1919ൽ അമ്പലപ്പുഴയിലെ മണികണ്ഠൻ എന്ന കൊമ്പനാനയെ പണിക്കരെ കണി കാണിച്ചു തിരികെ കൊണ്ടുപോകുന്ന വഴി പാപ്പാന്മാർ വഴി തെറ്റിച്ച് ചതുപ്പിൽ ഇറക്കുകയും ചതുപ്പിൽ താഴ്ന്നു പോയ ആനയെ യന്ത്രസഹായത്താൽ രണ്ട് ദിവസത്തെ പരിശ്രമത്തിന്റെ ഫലമായി ഉയർത്തി കൊണ്ടുപോയതായാണ് ചരിത്രം.അതിന് ശേഷം ഈ ആചാരം ദേവസ്വം നിർത്തലാക്കുകയാണ് ഉണ്ടായത്.

അമ്പനാട്ടെ മൂത്ത കാരണവർ മരണമടഞ്ഞാൽ ആദ്യം അറിയിക്കേണ്ടത് അമ്പലപ്പുഴ ദേവസ്വത്തിൽ ആണ്.നെല്ല്,അരി,പട്ട്,കച്ച പുതിയ തൂമ്പ മുതലായ ആവിശ്യം ഉള്ള സകല സാധനസാമഗ്രികളോടും കൂടി ദേവസ്വത്തിൽ നിന്നും ചുമതലയുള്ളവർ വന്ന് യഥാവിധി ശവസംസ്ക്കാരവും മറ്റും നടത്തി കൊടുക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു.ചരമ സംസ്കാര ക്രിയകൾ എല്ലാം കഴിഞ്ഞാൽ ചില സ്ഥാന ചിന്ഹങ്ങളോട് കൂടി അടുത്ത അവകാശി ആയ മൂത്ത പണിക്കരെ തിരഞ്ഞെടുക്കുന്നത് വരെയുള്ള സർവ്വ കാര്യങ്ങളും ദേവസ്വത്തിൽ നിന്ന് ചെമ്പകശ്ശേരി രാജാവിന്റെ പ്രാധിനിധ്യത്തിൽ നടന്നിട്ടുള്ളതായിട്ടാണ് അറിയാൻ സാധിക്കുന്നത്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുലയ പെണ്ണിന്റെ ചിരട്ടയിലെ ഉപ്പുമാങ്ങ നിവേദ്യം പോലെ ശബരിമലയിലെ ചീരപ്പഞ്ചിറ കുടുംബത്തിനുള്ള അവകാശം പോയത് പോലെ അമ്പനാട്ട്കാർക്കും മുൻ പറഞ്ഞ രണ്ട് ചടങ്ങുകളും നഷ്ടപ്പെട്ടു പോവുകയോ ഒഴിവാക്കുകയോ ആണ് ഉണ്ടായത്.നാളെ അമ്പലപ്പുഴ ഉത്സവത്തിന്റെ പള്ളിവേട്ട ദിനം അമ്പനാട്ട് വീട്ടിലെ ശാസ്ത ക്ഷേത്രത്തിൽ നിന്ന് ഇപ്പോൾ പണിക്കർ സ്ഥാനമുള്ള ഉണ്ണി രവി ശശിധര പണിക്കർ ജന്മിഭോഗം വാങ്ങാൻ ക്ഷേത്രത്തിലേക്ക് പരിവാര സമേദങ്ങളോട് കൂടി വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അമ്പലപ്പുഴ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതും പണിക്കരെ ആദരിച്ചു ആനയിച്ചു ക്ഷേത്രത്തിൽ പ്രത്യേകം തയ്യാർ ആക്കിയ മുറിയിൽ ഇരുത്തുകയും തുടർന്ന് കുളത്തിവേല കാണാൻ ആയി ആനയിക്കുന്ന ഒരു ചടങ്ങ് ഒക്കെ ആഘോഷങ്ങൾ ഒക്കെ അല്പം കുറഞ്ഞെങ്കിലും ഇന്നും നടന്നുവരുന്നു.

ഒരു കാലത്ത് അമ്പലപ്പുഴ നാട്ടിൻപുറം മുഴുവൻ കൈവശം വെച്ച് സർവ്വതന്ത്ര സ്വതന്ത്രമായി ഭരിച്ചിരുന്നത് അമ്പനാട്ട് പണിക്കന്മാരായിരുന്നു.

എന്നാൽ വടക്കുനിന്ന് വന്ന ചില പടയാളികളുടെ സഹായത്താൽ പുളിക്കൽ ചെമ്പകശ്ശേരി ഇല്ലത്തെ ഉണ്ണി നമ്പൂതിരി ഉയർന്നു വന്നതോട് കൂടി ഇന്നത്തെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സ്ഥലവും പരിസരങ്ങളും അമ്പനാട്ട് പണിക്കന്മാർ നമ്പൂതിരിക്ക് വിട്ട് കൊടുക്കുകയും അങ്ങനെ ക്ഷേത്രവും കൊട്ടാരവും അവിടെ പണിയിച്ചു നമ്പൂതിരി രാജസ്ഥാനം ഉറപ്പിക്കുകയാണ് ഉണ്ടായത്.ക്രമേണ അമ്പനാട്ട് പണിക്കന്മാരുടെ അധികാര ശക്തിയും സമ്പത്തും ക്ഷയിച്ചു പോവുകയാണ് ഉണ്ടായത്.

അമ്പനാടെന്നും കരുമാടി പൂ കൈതയ്ക്കൽ എന്നുമുള്ള രണ്ട് ശാഖ കുടുംബങ്ങൾ 108 മുറി പുരയിടവും ആയിരപ്പറ നിലവും ഏതാനും ദശ വർഷങ്ങൾക്ക് മുൻപ് വരെ കരമൊഴിവായി അനുഭവിച്ചു വന്നിരിന്നു.

രണ്ടായിരപ്പറ നിലം കൃഷി ചെയ്യുമ്പോൾ രണ്ടായിരപ്പറ പഴനിലം ഇടത്തക്കവണ്ണം പുഞ്ചനിലങ്ങളും അനേകം പുരയിടങ്ങളും ഇത് കൂടാതെ കൈവശാവകാശത്തിൽ ഉണ്ടായിരുന്നു 

12 കൊല്ലം കൂടുമ്പോൾ അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാന (മൂറോത്തും പാനയും ) എന്നൊരു ചടങ്ങ് നടക്കാറുണ്ട്.ശ്രീകൃഷ്ണ സ്വാമിക്കും ദേവനാരായണൻ നമ്പൂതിരി രാജ കുടുംബത്തിനും ഉണ്ടാകുന്ന നാവിൻ ദോഷം മാറ്റുക എന്നുള്ളത് ആണ് ഈ ഉത്സവ ആഘോഷത്തിന്റെ ഉദ്ദേശം.12 ദിവസം നീണ്ടു നിൽക്കുന്ന ഈ ചടങ്ങ് ഭാരത വേലന്മാർ എന്നറിയപ്പെടുന്ന സമുദായത്തിൽ ഉൾപ്പെട്ടവരും അമ്പലപ്പുഴ താലൂക്കിന്റെ പല ഭാഗങ്ങളിൽ വസിക്കുന്നവരുമായ ആബാലവൃദ്ധം ജനങ്ങൾ ഈ 12 ദിവസവും രാവിലെയും വൈകുന്നേരവും ദേവന്റെയും രാജാവിന്റെയും നാവിൻ ദോഷം തീർക്കുന്നതിന് പറകെട്ടി മുറയോതുന്നതുമാണ്.പള്ളിപ്പാനയുടെ സമയം ആകുമ്പോൾ ദേവസ്വത്തിൽ നിന്ന് അമ്പനാട്ട് പണിക്കനെ അറിയിക്കും.പണിക്കൻ വേലൻമാരിൽ പ്രമാണികൾ ആയ 6"കൂത്താടി " കളെ അറിയിച്ചു അവർ മുഖേന അവരുടെ എല്ലാ ആളുകളെയും വരുത്തും.പണിക്കന്റെ നേതൃത്വത്തിലും ചുമതലയിലും ആയിരുന്നു ഇങ്ങനെ ഒരു ചടങ്ങ് നടന്നിരുന്നത്.ഇപ്പോൾ അധിനും ചെറിയ മാറ്റങ്ങൾ വന്നതായി തോന്നുന്നു.പള്ളിപ്പാനയുടെ 12ആം ദിവസം രാത്രി ചടങ്ങുകൾ സമാപിക്കുന്നതിന് അമ്പനാട്ട് പണിക്കർ സ്വർണ കലശത്തിൽ മധുവും എടുത്ത് അമ്പനാട്ട് കുടുംബത്തിൽ നിന്ന് പരിവാര സമേധം എഴുന്നള്ളുന്ന ഒരു ചടങ്ങ് ഇപ്പോളും നിലനിൽക്കുന്നു.

പരിവാര സമേധം അനേകം ആളുകൾ പഴയ പടയാളികളുടെ വേഷത്തിൽ ഉടുത്തൊരുങ്ങി ഊരുവാൾ,പരിച,വെൺമഴു,വില്ല്,അമ്പ്,കുന്തം,ഈട്ടി മുതലായ വിവിധ മാതൃകകളിൽ ഉള്ള ആയുധങ്ങൾ ധരിച്ചു രണ്ട് അണിയായി മുൻപിലും പിൻപിലും സേവിക്കും 

പണിക്കനും പണിക്കത്തിയും ഒരു മുത്തുകുടയുടെ കീഴിൽ സ്ഥാനോചിത വേഷത്തിൽ നിൽക്കുന്നുണ്ടാവും.ആലവട്ടം,വെഞ്ചാമരം,നെടിയകുട,മെഴുവട്ട കുട,ചങ്ങല വിളക്ക്,കുത്തുവിളക്ക് എന്നിങ്ങനെയുള്ള സ്ഥാന ചിന്ഹങ്ങൾ നിരത്തി ശംഖ്‌ നാദം മുഴക്കി വാദ്യാഘോഷങ്ങളോട് കൂടി അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നത്.ഇതിനെ അമ്പനാട്ട് പണിക്കന്റെ എഴുന്നള്ളത് എന്നാണ് പറയപ്പെടുന്നത്.ഘോഷയാത്ര നിശ്ചിത സ്ഥലത്ത് എത്തുമ്പോൾ ദേവസ്വത്തിൽ നിന്ന് യതോചിതം അവരെ എതിരേറ്റ് സ്വീകരിക്കും.ശ്രീകൃഷ്ണ സ്വാമിയുടെ ബിംബം എഴുന്നള്ളിച്ചിരുത്തി തന്ത്രിമാരും മറ്റും ഉപചാരപൂർവ്വം തയ്യാർ ആയി നിൽക്കുന്ന സ്ഥാനത്ത് പണിക്കനും പണിക്കത്തിയും പ്രവേശിക്കും.പണിക്കൻ തന്റെ സേവകനെ കൊണ്ട് ബിംബങ്ങളിലും മറ്റു ആളുകളിലും മധു തളിച്ച് ശുദ്ധി കർമം നടത്തും 

അമ്പനാട്ട് പണിക്കരെ പറ്റി കൂടുതൽ അറിയാൻ ആയി ഞാൻ ഈ കഴിഞ്ഞ ദിവസം അമ്പനാട്ട് കോട്ടയിൽ എത്തുകയുണ്ടായി.അവിടെ ഉള്ള കുടുംബങ്ങളും ആയി ഇപ്പോളത്തെ പണിക്കർ സ്ഥാനമുള്ള വൈക്കം സ്വദേശി ശശിധര പണിക്കരുമായി സംസാരിച്ചു.കുറെ വിവരങ്ങൾ ഒക്കെ അവരുടെ കയ്യിൽ നിന്ന് ശേഖരിക്കുവാൻ സാധിച്ചു.കൂടാതെ വലിയ മഠം ശ്രീകുമാർ സാർ,പുസ്തകരചന നടത്തിയിട്ടുള്ള പ്രേം കുമാർ സാറുമായും സംസാരിച്ചു കുറെ കാര്യങ്ങൾ അറിയുക ഉണ്ടായി.
 
വളരെ വിഷമം തോന്നിയ ഒരു കാര്യം അമ്പലപ്പുഴയിൽ ഉള്ള ഇന്നത്തെ തലമുറയിൽ പെട്ട പലരുമായും സംസാരിച്ചു.അവർക്കൊന്നും വിശദമായ വിവരങ്ങൾ ഇല്ലന്ന് ഉള്ളതാണ് സത്യം.

1949 ൽ കേരള കൗമുദി ഓണം വിശേഷാൽ പതിപ്പിൽ സ്വാമി ആര്യാഭടന്റെ ലേഖനത്തിലെ കുറെ ഭാഗങ്ങൾ ആണ് ഞാൻ വിവരിച്ചിട്ടുള്ളത്....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലദ്വാർ ഗോൾഡ് DYFI ക്ക് ജീവ വായു.

CONVERSION OF THIYA& EZHAVA INTO NAMBU & NAAYAN CASTES..