വയലേരി ചാത്തുക്കുട്ടി..






ചാത്തുക്കുട്ടിയെ അറിയുമോ? 
വയലേരി ചാത്തുക്കുട്ടിയെ?.
അറിയാനിടയില്ല.
വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ എന്ന വാഗ്ഭടാനന്ദ ഗുരുവിനെ മലയാളികൾ കേട്ടിട്ടുണ്ട്. 1885-1939 ആയിരുന്നു വാഗ്ഭടാനന്ദൻ്റെ കാലഘട്ടം. 
കണ്ണൂർ ജില്ലയിലെ കൂത്ത്പറമ്പിനടുത്ത് പാട്യത്തെ ഒരു തീയ്യക്കൂടുംബത്തിലാണ് വാഗ്ഭടാനന്ദൻ ജനിച്ചത്. അദ്ദേഹത്തിൻ്റെ ഇളയ സഹോദരനായിരുന്നു വയലേരി ചാത്തുക്കുട്ടി.

കോഴിക്കോട് ജില്ലയുടെ അതിർത്തി ഗ്രാമമായ ഇരിങ്ങണ്ണൂരിൽ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ 'ആത്മവിദ്യാ സംഘം' സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിച്ച് കൊണ്ടിരിക്കെ അദ്ദേഹത്തിന് സംരക്ഷണം നൽകാൻ സ്വമേധയാ എത്തിച്ചേർന്ന ചാത്തുക്കുട്ടിയെ 'മേൽജാതി'ക്കാരായ യാഥാസ്തിതിക സംഘം ഒരു തെങ്ങിൽ കെട്ടിയിട്ട് തല്ലിക്കൊല്ലുകയായിരുന്നു. പ്രഭാഷണം കഴിഞ്ഞ്‌ തിരിച്ച് വരുന്ന വഴി വാഗ്ഭടാനന്ദൻ ചാത്തുക്കുട്ടിയെ മൃതപ്രായനായ അവസ്ഥയിൽ കാണുന്നുണ്ട്. 

പക്ഷെ വയലേരി ചാത്തുക്കുട്ടി 
എന്ന രക്തസാക്ഷി ചരിത്രത്തിൽ ഇല്ല!. 

'' ആചാരങ്ങളെ (അനാചാരങ്ങളെ) വെല്ലുവിളിച്ചാൽ വാഗ്ഭടാനന്ദനെ പാന്തം കൊണ്ട് കെട്ടിയിട്ട് തല്ലും '' എന്ന 'മേൽജാതി'ക്കാരുടെ വെല്ലുവിളി സ്വീകരിച്ചാണ് വാഗ്ഭടാനന്ദൻ ഇരിങ്ങണ്ണൂരിൽ എത്തിയത്. ചാത്തുക്കുട്ടി വിവരമറിഞ്ഞ് പിറകെ എത്തിയതായിരുന്നു. ദേവപ്രീതിക്ക് വേണ്ടി മൃഗങ്ങളെയും പക്ഷികളെയും ബലി കൊടുക്കുന്നതിനെതിരെ പ്രഭാഷണ പരമ്പരകളുമായി നടക്കുകയായിരുന്നു അക്കാലത്ത് വാഗ്ദാനന്ദൻ.
.... .... .... ....

1931 ൽ വടകരക്കടുത്ത പുതുപ്പണത്ത് തീയ്യ വിഭാഗം കൂടി ഉൾപ്പെടുന്ന അവർണരായ അയിത്തജാതിക്കാർക്ക് കുളിക്കാൻ മണൽത്താഴ രാമോട്ടി എന്ന അവർണൻ ഒരു പൊതുകുളം കുഴിച്ചിരുന്നു. ആ കുളം അയിത്തജാതിക്കാർക്ക് വിട്ടുനൽകുന്ന ചടങ്ങിൽ വച്ചാണ് വാഗ്ഭടാനന്ദൻ മൃഗ -പക്ഷി ബലികൾക്കെതിരെ ആഞ്ഞടിക്കുന്നത്. പിന്നീടദ്ദേഹം മലബാറിലെങ്ങും വിഗ്രഹാരാധനക്കും മൃഗ -പക്ഷി ബലിക്കുമെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിക്കുന്നുണ്ട്.

മയ്യഴിയിലെ പുത്തലം ക്ഷേത്ര പരിസരത്ത് കുട്ടിച്ചാത്തൻ സേവക്കാരായ ചില ഭക്തൻമാർ വാഗ്ഭടാനന്ദനെ എതിർക്കുന്നുണ്ട്. കുട്ടിച്ചാത്തൻ കാവുകളിൽ നടക്കുന്ന കോഴിയറവ് പ്രാണിഹിംസയാണെന്നും അത്തരം ഹിംസ ദൈവിക സങ്കല്പങ്ങളുമായി ഒത്ത് പോകുന്നില്ലെന്നും അദ്ദേഹം ജാത്യാചാരാന്ധരായ ജനസമൂഹത്തോട് ആവർത്തിച്ച് പറയുന്നുണ്ട്. വിശ്വാസത്തിൻ്റെ അകക്കാമ്പ് മുറിക്കാൻ പിന്നീടദ്ദേഹം തികച്ചും ഭൗതികമായ ഒരു വഴിയാണ് തേടുന്നത്. തൻ്റെ കൈവശമുള്ള ചില കടലാസുകൾ അവിടെ മേശപ്പുറത്ത് വച്ച് അതിന് മുകളിൽ ചെറിയൊരു കല്ല് വച്ച് ചാത്ത ഭക്തൻമാരോട് അദ്ദേഹം ഒരു വെല്ലുവിളിയുടെ മട്ടിൽ പറയുന്നുണ്ട്.
'' നിങ്ങളുടെ കുട്ടിച്ചാത്തന് ശക്തിയുണ്ടെങ്കിൽ
ഈ പേപ്പറുകളെ പറപ്പിക്കട്ടെ.. ''
പിന്നീടവിടെ നടന്നത് ഊഹിക്കാവുന്നതേയുള്ളൂ.

👽

സംഘർഷ ഭരിതമായ ഒരു കാലത്തിലൂടെ സഞ്ചരിച്ച വാഗ്ഭടാനന്ദൻ ചരിത്രത്തിൽ ഉണ്ട്. കാലം ഏൽപ്പിച്ച ദൗത്യത്തെ തിരിച്ചറിഞ്ഞ് ഒരു കാവ് പോലെ ചുമലിലേന്തിയ വയലേരി കുഞ്ഞിക്കണ്ണൻ ഗുരിക്കൾ എന്ന പണ്ഡിതൻ തൻ്റെ ആശയപരിസരത്തോട് നീതി പുലർത്തുന്നുണ്ട്. ആദ്യന്തം ആ ജീവിതമൊരു പോരാട്ടമായിരുന്നു. അദ്ദേഹം സ്ഥാപിച്ച തൊഴിലാളികളുടെ പടയണി പിന്നീട് വളർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി മാറിയതും ചരിത്രമാണ്.

ഇന്നത്തെ പൊള്ളുന്ന സമകാലിക സംഭവങ്ങളും നാളെയുടെ ചരിത്രമാണ്. 
പക്ഷെ വയലേരി ചാത്തുക്കുട്ടി എന്ന കൂറുള്ള കൂടപ്പിറപ്പ് കേവലം ഒരു നൂറ്റാണ്ട്‌ മുമ്പ് രക്തസാക്ഷിയായത് ചരിത്രത്തിൽ രക്തലിപികളിൽ അടയാളപ്പെട്ടിട്ടില്ല.
ചരിത്രം പലപ്പോഴും അഭിജാതമാണ്.
ഇരിങ്ങണ്ണൂരിൽ ഇപ്പോൾ ജീവിക്കുന്ന
മനുഷ്യർക്കും ചാത്തുക്കുട്ടിയെ അറിയില്ല..

🚩

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലദ്വാർ ഗോൾഡ് DYFI ക്ക് ജീവ വായു.

CONVERSION OF THIYA& EZHAVA INTO NAMBU & NAAYAN CASTES..