TIPPU SULTAN


ക്ഷേത്രധ്വംസകനായ ടിപ്പു സുല്‍ത്താന്‍
*
   “ക്ഷേത്രധ്വംസകനായ ടിപ്പു സുല്‍ത്താന്‍” ഈയുള്ളവന്‍റെ ഇനിയും പൂര്‍ത്തിയാകാത്ത ഒരു ചരിത്രപഠനത്തിന്റെ ഭാഗമാണ്. ഇതിൽ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് മലബാറിലെ ക്ഷേത്രങ്ങളെ കിടിലം കൊള്ളിച്ച മൈസൂര്‍ ഭരണാധിപന്‍ ടിപ്പു സുല്‍ത്താനെയും അദ്ദേഹവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചില ക്ഷേത്രങ്ങളെയും കുറിച്ചാണ്. ഈ ഉദ്യമത്തില്‍ എന്നോട് സഹകരിച്ച സുഹൃത്തും, ഗുരു തുല്യനുമായAbdulla Bin Hussain Pattambi സുഹൃത്തും, ചരിത്രവകുപ്പിലെ ജീവനക്കാരനായ Joyson Devasy എന്നിവരോടും എന്‍റെ കടപ്പാട് രേഖപ്പെടുത്തുന്നു. മുഖവുരകള്‍ ഒന്നും കൂടാതെ തന്നെ നമുക്ക് ക്ഷേത്ര ധ്വംസകന്‍റെ ക്ഷേത്രങ്ങളിലേക്ക് കടക്കാം.

1) തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരിയില്‍ സ്ഥിതിചെയ്യുന്ന പ്രശസ്ഥമായ ഒരു ക്ഷേത്രമാണ് തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം. ടിപ്പുവിന്‍റെ ധ്വംസനത്തിനിരയായ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്ന്. ഈ ക്ഷേത്രവും ടിപ്പുവുമായുള്ള ബന്ധം ഇങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു; ടിപ്പുവിന്റെ സൈന്യങ്ങൾ പീരങ്കി വേദികൾ പൊട്ടിച്ച് ഗോപുരവും ക്ഷേത്രമതിലും തകർത്തു ഉള്ളിലേയ്ക്ക് നീങ്ങിയപ്പോൾ ക്ഷേത്രത്തിലും ക്ഷേത്രസങ്കേതത്തിലും അഭയം തേടിയിരുന്നവർ ഭയപ്പെട്ട് തിരുവങ്ങാട് പെരുമാളെ ശരണം വിളിച്ചുതുടങ്ങി. തത്സമയം ഒരാൾ കുതിരപ്പുറത്തു കയറി കിഴക്കോട്ടു പോകുകയും ക്ഷേത്രത്തെ ഉന്നം വെച്ച് വരുന്ന ടിപ്പുവിന്റെ സേന കലഹിച്ച് അന്യോന്യം യുദ്ധം ചെയ്തു നശിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.

ഇനി നമുക്ക് ചരിത്രപരമായ വശത്തിലേക്ക് കടക്കാം. ഈ പറയപ്പെടുന്ന സംഭവവികാസങ്ങള്‍ 1781ല്‍ രണ്ടാം ആന്‍ഗ്ലോ - മൈസൂര്‍ യുദ്ധത്തിലാണ് അരങ്ങേറുന്നത്. അന്ന് ടിപ്പു ഒരു രാജകുമാരന്‍ മാത്രമായിരുന്നു, ടിപ്പുവിന് നേരിട്ടോ, അല്ലാതയോ ഒരു ബന്ധവും ഈ സംഭവത്തിലില്ല. ആന്‍ഗ്ലോ -മൈസൂര്‍ യുദ്ധത്തില്‍ ഹൈദര്‍ അലിയുടെ പടനായകന്‍ സര്‍ദാര്‍ ഖാന്‍ ബ്രിട്ടീഷുകാരുടെ തലശ്ശേരി ഫാക്ടറി ആക്രമിച്ചു മയ്യഴി, കുറിച്ചി, വടകര എന്നിവിടങ്ങളില്‍ സ്വാധീനം ഉറപ്പിച്ച നാള്‍. മേജര്‍ കൊട്ട് ഗ്രെവിനും അനുയായികള്‍ക്കും തലശേരിയിലെ സ്വാധീനം നഷ്ടമായ ഈ അവസരത്തില്‍ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ മേജര്‍ അബിങ്ടന്‍ ബോംബെയില്‍നിന്നും റിവഞ്ച് എന്ന കപ്പലില്‍ തലശ്ശേരിയില്‍ എത്തി ചേരുകയും തിരുവങ്ങാട്ട് അമ്പലത്തില്‍ 12 പൗണ്ടര്‍ പീരങ്കികള്‍ വച്ചു 1781ല്‍ സർദാർ ഖാനെ നേരിടുകയും ചെയ്തു. ഇതാണ് ചരിത്രപരമായ വശം. ഇതിനെ കുറിച്ചുള്ള രേഖകളും, വിവരങ്ങളും തലശ്ശേരി ഫാക്ടറി രേഖകളിലും, അബിങ്ടന്‍ ഡയറി നമ്പര്‍ 1516ലും നമുക്ക് ലഭ്യമാണ്. 
തിരുവങ്ങാട് ക്ഷേത്രത്തിന് 1781ന് ശേഷം  സമാന അനുഭവം നേരിടേണ്ടിവന്നത് പിന്നീട് 1797ല്‍ പഴശ്ശി യുദ്ധങ്ങളിലാണ്. അന്ന് കൈതേരി അമ്പുവിന്റെ മാനന്തേരിയിലുള്ള മണ്‍കോട്ടയും, മതില്‍ കെട്ടിയ വീടും തകര്‍ക്കാന്‍ പുറപ്പെട്ട ലഫ്റ്റനന്റ് വാര്‍ഡന്‍, ക്യാപ്റ്റന്‍ ബൌമന്‍ എന്നിവരെ അമ്പുവിന്റെ പടയാളില്‍ തുരത്തുകയും, ബൌമന്‍ മാനന്തേരിക്ക് സമീപം ഒരു ക്ഷേത്രത്തെ സൈനികകേന്ദ്രമാക്കി യുദ്ധം ചെയ്തുവെങ്കിലും കൊല്ലപ്പെട്ടു. ഇവരെ സഹായിക്കാന്‍ എത്തിയ ക്യാപ്റ്റന്‍ ലോറന്‍സ് ഒരു പള്ളി കേന്ദ്രമാക്കി യുദ്ധം ചെയ്തുവെങ്കിലും തോല്‍ക്കപ്പെട്ടു. പിന്നീട് ഇവരെ സഹായിക്കാന്‍ തലശേരിയില്‍ നിന്നും പുറപ്പെട്ട രണ്ടു സംഘങ്ങളില്‍ ഒന്ന് ക്യാപ്റ്റന്‍ ഹൌടന്‍റെയും മറ്റേത് ഫിറ്റ്‌സ് ജെറാള്‍ടിന്‍റെയും ആയിരുന്നു. ഈ സംഘങ്ങൾ തിരുവങ്ങാട്ട് ക്ഷേത്രം പിടിച്ചെടുത്ത് സൈനികരെയും മറ്റും ഒരുക്കിനിന്നാണ് പുറപ്പെട്ടത്‌ എന്ന് കാണാം. ഇതിന്‍റെ രേഖകളും വിവരങ്ങളും നാഷണല്‍ ആര്‍ക്കൈവിലെ ഫോറിന്‍ ഡിപ്പാര്‍ട്ട്മെന്റ്, പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടെഷന്‍സില്‍ കാണാവുന്നതാണ്. ബ്രിട്ടീഷ് ഉധ്യോഗസ്ഥന്‍ പെലെ ബ്രിട്ടീഷ് കമ്മീഷന് ജനുവരി 1797 ജനുവരി 8നു നല്‍കിയ റിപ്പോര്‍ട്ടിലും, തലശ്ശേരിയില്‍ നിന്നും കമ്മിഷന് 1797 ജനുവരി 7 ന് നല്‍കിയ റിപ്പോര്‍ട്ടിലും ഇവ കാണാവുന്നതാണ്‌.

2) തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം

     ടിപ്പുവിന്‍റെ വാള്‍തലപ്പിന് ഇരയായ മറ്റൊരു പ്രധാന ക്ഷേത്രമാണ് തൃശൂര്‍ പൂരം കൊണ്ടാടുന്ന വടക്കുംനാഥൻ ക്ഷേത്രം. ഇനി നമുക്ക് ചരിത്ര വശത്തിലേക്ക് കടക്കാം. ചരിത്രത്തില്‍ രണ്ട് തവണയാണ് മൈസൂര്‍ സൈന്യം വടക്കുംനാഥ ക്ഷേത്രപരിസരത്ത് തമ്പടിച്ചിട്ടുള്ളത് ഒന്ന് ഹൈദര്‍ അലിയുടെ കാലത്തും, മറ്റൊന്ന്‍ ടിപ്പുവിന്‍റെ കാലത്ത് 1789ലെ തിരുവിതാംകൂര്‍ യുദ്ധത്തെ തുടര്‍ന്നും. ക്ഷേത്രം ഗ്രന്ഥവരിയിലെ വിവരണങ്ങളില്‍ ഹൈദറും, ടിപ്പുവും താവളം അടിച്ചു എന്നല്ലാതെ ക്ഷേത്രം ആക്രമിച്ചതായോ, നശിപ്പിച്ചതായോ രേഖകളോ, പൂജാരിയുടെ ദൃക്സാക്ഷി വിവരണമോ രേഖപെടുത്തുന്നില്ല. പക്ഷെ തൽപ്പരകക്ഷികളുടെ ചരിത്രം വന്നെത്തി നില്‍ക്കുന്നത് ക്ഷേത്രം തകര്‍ത്തു എന്ന രീതിയില്‍ ആണ്. പൂജാരിയുടെ വിവരണം ഹൈദറുടെ കാലത്തേത് ഇങ്ങനെ വിവരിക്കുന്നു ഹൈദറും സൈന്യവും വടക്കുനാഥ ക്ഷേത്രത്തിനു സമീപം തമ്പടിച്ചതിനു പിറ്റേദിവസം 27 ന് കാലത്ത് എല്ലാവരും കൂടി ത്രിശുവപേരുര്‍ക്ക് വന്ന് വടക്കേനട തുറന്നപ്പോള്‍ ക്ഷേത്രത്തിന്റെ വകയായിട്ടുള്ള പാത്രങ്ങളും പുറമേ ഉള്ളതൊന്നും കൊണ്ടുപോയിട്ടില്ല. ശ്രീകോവില്‍ ഒന്നും തുറന്നിട്ടില്ല. 27, 28, 29 തീയതികളില്‍ അശുദ്ധികള്‍ ഒക്കെയും നിക്കി 30 ന് ഗോദാനവും പുണ്യാഹവും കഴിച്ച് പൂജയും അടിയന്തരങ്ങളും തുടങ്ങുകയും ചെയ്തു. മതില്‍ക്കകത്തു അശുദ്ധിയും ഒരു ഏറ്റ കുറച്ചിലും വന്നിട്ടില്ല എന്നുമാണ്. അതേസമയം ടിപ്പു സുല്‍ത്താന്‍ ഇവിടെ തമ്പടിച്ചടിച്ചതല്ലാതെ ക്ഷേത്രത്തിന് കേടുപാടുകള്‍ വരുത്തിയതായി കാണാനും ഇല്ല. ടിപ്പുവിന്‍റെ കാര്യത്തില്‍ വടക്കുംനാഥന്‍ ക്ഷേത്രസമീപത്ത് കൂടി ടിപ്പു കടന്നുപോയാല്‍ ബഹുമാനാര്‍ത്ഥം തന്‍റെ തൊപ്പി ഊരി മാറ്റി സല്യൂട്ട് ചെയ്യുമായിരുന്നു എന്നൊരു വാദവും പ്രചരിക്കപ്പെടുന്നുണ്ട്, ഒരു പക്ഷെ സത്യമായിരിക്കാം, ചിലപ്പോൾ അല്ലാതിരിക്കാം.

3) തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം

     തൃശൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. ഈ ഷേത്രവും ടിപ്പുവിന്‍റെ അതിഭീകരമായ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട് ഭക്തര്‍ക്ക് നടയടച്ചു രാത്രി രക്ഷപ്പെടേണ്ടി വന്നുവെന്ന് പറയപ്പെടുന്നു. 1776ല്‍ ആണ് ഈ പറയപ്പെടുന്ന സംഭവം അരങ്ങേറുന്നത് അന്ന് നടയടക്കാന്‍ ഉണ്ടായ കാരണം മറ്റൊന്നുമല്ല അവസാനപൂജക്ക്‌ ശേഷം 1776ല്‍ ടിപ്പു സുല്‍ത്താന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് ഉപചാരമര്‍പ്പിച്ചുകൊണ്ട് നടത്തിയ ഒരു വെടിക്കെട്ടിനെ തുടര്‍ന്നാണിത്. ഈ വെടിക്കെട്ട് സുല്‍ത്താന്‍ വേദി എന്നറിയപ്പെടുന്നു. കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവിലെ ഇനാം രജിസ്റ്റര്‍ 123 പേജ് നമ്പര്‍ 6 പരിശോധിക്കുക. ഈ സംഭവങ്ങള്‍ക്ക് ശേഷം ടിപ്പു 123.06 ഏക്കര്‍ ഭൂമി ദാനം നല്‍കിയതായി ഇനാം രജിസ്റ്ററില്‍ കാണാവുന്നതാണ്.

4) മുത്തൂര്‍കുന്ന് ഭഗവതി ക്ഷേത്രം

    മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ സ്ഥിതിചെയ്യുന്ന മുത്തൂര്‍കുന്ന് ഭഗവതിക്ഷേത്രം ടിപ്പുവിന്‍റെ വാള്‍ തലപ്പിനിരയായി എന്ന് പറയപ്പെടുന്നു. നമ്മള്‍ ചരിത്രത്തിലേക്ക് കടന്ന് ചെല്ലുകയാനെങ്കില്‍ 1784ല്‍ ആണ് ക്ഷേത്രം തകര്‍ക്കപ്പെടുന്നത് എന്ന് കാണാം. ഈ സംഭവത്തിന് ടിപ്പുവുമായി യാതൊരു പങ്കുമില്ലെന്നും. സാമൂതിരിയുടെ കീഴിലും പിന്നീട് ടിപ്പുവിന്‍റെ കീഴിലും കരംപിരിവുകാരനായ അത്തന്‍ മൊയീന്‍, അല്ലെങ്കില്‍ മഞ്ചേരി ഗുരുക്കള്‍ എന്ന് അറിയപ്പെടുന്ന അത്തന്‍ ഗുരുക്കളാണ് ഈ ഉദ്യമത്തിനു പിന്നില്‍ എന്ന് നമുക്ക് കാണാം. 1784ല്‍ മഞ്ചേരി രാജ കരം കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് അത്തന്‍ ഗുരുക്കളും സംഘവും മഞ്ചേരി രാജക്കെതിരെ തിരിഞ്ഞു. അത്തന്‍ ഗുരുക്കളോട് ഈ ഉദ്യമത്തില്‍ പിന്തിരിയാന്‍ ടിപ്പു കല്‍പ്പിച്ചതിനെ തുടര്‍ന്ന് ടിപ്പുവും അത്തനും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുക്കുകയും 1784ല്‍ ഇത് ഒരു മാപ്പിളകലാപമായി പരിണമിക്കുകയും മഞ്ചേരി രാജയുടെ കോവിലകം ഇടിച്ചു നിരപ്പാക്കി, രാജയുടെ കീഴിലുള്ള മുത്തൂര്‍കുന്ന് ഭഗവതി ക്ഷേത്രം ആക്രമിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് അത്തനില്‍ നിന്നും രാജയെ സഹായിക്കാന്‍ ടിപ്പുവിന്‍റെ, വക്കീലും വിശ്വസ്തനുമായ ഗുലാം മുഹമ്മദും സംഘവും ശ്രീരംഗപട്ടണത്തുനിന്ന് ടിപ്പുവിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് എത്തിച്ചേരുകയും അത്തനെയും സംഘത്തെയും കീഴടക്കുകയും, അത്തനെയും, മകനെയും ശ്രീരംഗപട്ടണത്ത് തടവില്‍ പാര്‍പ്പിക്കുകയും, ഏതാനും മാപ്പിളമാര്‍ വധിക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങളെ തുടര്‍ന്ന് ടിപ്പു സുല്‍ത്താന്‍ കരം ഒഴിവാക്കി 194.51 ഏക്കര്‍ ഭൂമി ക്ഷേത്രത്തിന് ദാനം ചെയ്യുകയുമുണ്ടായി കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവിലെ ഇനാം രജിസ്റ്റര്‍ 122ലെ പേജ് നമ്പര്‍ 5ല്‍ ഇത് കാണാവുന്നതാണ്.

5) മണത്തന ക്ഷേത്രം

കണ്ണൂർ ജില്ലയിലാണ് മണത്തന എന്ന പ്രദേശം. പുരാതനമായ ധാരാളം ക്ഷേത്രങ്ങൾ ഇവിടെയുള്ളതിനാല്‍ മണത്തണ, ക്ഷേത്രനഗരി എന്ന പേരിലും അറിയപ്പെടുന്നു. മണത്തണയിലെ അമ്പതോളം ക്ഷേത്രങ്ങള്‍ ടിപ്പു കല്ലിന്മേല്‍ കല്ല്‌ അവശേഷിക്കാതെ നശിപ്പിച്ചതായി പറയപ്പെടുന്നു. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ടിപ്പുവും മണത്തന ക്ഷേത്രവും തമ്മിലുള്ള ബന്ധം അജ്ഞാതമാണ്. ടിപ്പുവും സൈനികരും ഇവിടെ പ്രവേശിച്ചതായി പോലും ഒരു തെളിവ് വരെ ഇല്ലതാനും. പക്ഷെ ടിപ്പു 1792ല്‍ മലബാര്‍ വിട്ടതിന് ശേഷവും, 1799ല്‍ മരണമടഞ്ഞതിന് ശേഷവും 1800 വരെ ക്ഷേത്രം നിലനിന്നിരുന്നതായി ചരിത്രം നമുക്ക് വെളിവാക്കിത്തരുന്നു. അതിന് നമുക്ക് പഴശ്ശിയുടെ ചരിത്രത്തിലേക്ക് ഒന്നു പോകേണ്ടതുണ്ട്. 1800 ഒക്ടോബര്‍ 10ന് തന്‍റെ വിശ്വസ്തനായ ആയില്യത്ത് നമ്പ്യാര്‍ക്ക് പഴശ്ശിരാജ എഴുതിയ കത്തില്‍ സൂചിപ്പിക്കുന്നത് “മണത്തനയില്‍ കമ്പനി നടത്തുന്ന യുദ്ധം ഭഗവതിക്കും, പെരുമാള്‍ക്കും എതിരെ മാത്രം നടത്തിയിട്ടുള്ള യുദ്ധമായതിനാല്‍ കമ്പനിക്കെതിരെ ഞാന്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു" എന്നാണ്. എന്തുകൊണ്ടാണ് പഴശ്ശി കമ്പനിക്കെതിരെ നടത്തുന്ന യുദ്ധം ഭഗവതിക്കും, പെരുമാള്‍ക്കും എതിരെ നടത്തുന്ന യുദ്ധമായി പരിഗണിക്കാന്‍ കാരണം. അതിന് നമുക്ക് നാഷണല്‍ ആര്‍ക്കൈവിലെ ഫോറിന്‍ ഡിപ്പാര്‍ട്ട്മെന്റ്, പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടെന്‍സിലെ പഴശ്ശിയും, കൂടാളിയിലെ കല്ല്യാടന്‍ കുഞ്ഞമ്മനും തമ്മിലുള്ള ഒരു കത്ത് പരിശോധിക്കേണ്ടതുണ്ട്. 1800 ജൂലായ്‌ 21നാണ് ഈ കത്ത് എഴുതിയിരിക്കുന്നത്.
“കൂടാളിയിലെ കല്ല്യാടന്‍ കുഞ്ഞമ്മനു പഴശിരാജവിന്‍റെ തരക്. നിങ്ങളുടെ എഴുത്ത് കിട്ടി. മണത്തനയിലെ കമ്പനി പോസ്റ്റില്‍നിന്നും അവിടത്തെ വലിയമ്പലത്തിലെ ആളുകള്‍ക്ക് നേരെ അവര്‍ നടത്തിയ വെടിവപ്പിനെ തുടര്‍ന്ന് ഞാന്‍ നിങ്ങളെ മുമ്പറിയച്ച പോലെ അവര്‍ക്കെതിരെ നമ്മുടെ ശക്തി പ്രയോഗിക്കാന്‍ തീരുമാനിക്കുകയുണ്ടായി. എന്‍റെ ദയ കൊണ്ടാണ് താങ്കള്‍ ഈ നിലയില്‍ എത്തിയതെന്ന് ഇവിടെ വിവരിക്കുന്നത് അനാവശ്യമാണ്. പഴയ വീട്ടില്‍ ചന്തുവിന് ഞാന്‍ എന്തു ചെയ്തിട്ടുണ്ടെന്നും എനിക്കെതിരെ എന്ത് ചെയ്തുവെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. നിങ്ങളുടെ പെരുമാറ്റം അങ്ങനെ അല്ലാത്തതിനാല്‍ എനിക്ക് താങ്കളോട് വെറുപ്പില്ല. ഇന്നാട്ടിലെ ദൈവങ്ങള്‍, ഭഗവതിയും പെരുമാളും നിങ്ങളുടെ മനസ്സിനെ സ്വാധിനിക്കുന്നുണ്ടെങ്കില്‍, എന്നെ പരിഗണിക്കുന്നെണ്ടെങ്കില്‍ ഇപ്പോഴാണ് നിങ്ങള്‍ സൗഹൃദം കാണിക്കേണ്ടത്. തങ്ങളുടെ പ്രിയപ്പെട്ട കാര്യങ്ങള്‍ ബലി കഴിക്കുകയും, ദൈവങ്ങളെ ഉപേഷിക്കുകയും ചെയ്തിട്ടുള്ള എന്‍റെ ശത്രുക്കള്‍ എനിക്ക് ഹാനികരമായി പ്രവര്‍ത്തിക്കുകയും, പറയുകയും ചെയ്യുന്നത് ഞാന്‍ പരിഗണിക്കുന്നില്ല. ഇംഗ്ലീഷുകാരുടെ ശക്തി എത്ര വലുതായാലും എനിക്ക് കഴിയുംവിധം പ്രതിരോധിക്കുമെന്നു ഞാന്‍ താങ്കള്‍ക്ക് ഉറപ്പു തരുന്നു. മണത്തനയിലുള്ള നമ്മുടെ ക്ഷേത്രങ്ങളിലെ പരിപാവനമായ ദൈവങ്ങള്‍ക്ക് നേരെ ഇംഗ്ലീഷുകാര്‍ കാണിച്ച അപമാനങ്ങള്‍ക്ക് പകരം ചോദിക്കാതെ മറ്റൊരു വിധം പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലന്നും, നമ്മള്‍ നില്‍ക്കേണ്ടത് ധര്‍മ്മത്തിന്റെ കൂടെയാണെന്നും, ഞാന്‍ നില്‍ക്കുന്നത് സ്ഥൈര്യത്തോടെയാണെന്നും ജനങ്ങളെ അറിയിക്കുക. ഇപ്പറഞ്ഞ കാര്യം കൈതേരി അമ്പുവിനെയും, മറ്റുള്ളവരെയും അറിയിക്കുമെന്ന് വിശ്വസിക്കുന്നു.

6) ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം

പ്രശസ്തമായ ഗുരുവായൂര്‍ ക്ഷേത്രം തൃശൂര്‍ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ഇതും ടിപ്പുവിന്‍റെ വാള്‍ തലപ്പിനിരയായ മറ്റൊരു ക്ഷേത്രം! 1789ലെ തിരുവതാംകൂര്‍യുദ്ധത്തെ തുടര്‍ന്ന് ക്ഷേത്രം ആക്രമിക്കുനമെന്ന് ഭയന്ന്  മല്ലിശേരിയും, കക്കാട്‌ ഒതിയനും ഗുരുവായൂരപ്പന്റെ വിഗ്രഹം അമ്പലപ്പുഴയിലേക്ക് മാറ്റി എന്നുള്ളത് സത്യം. ഇതേതുടര്‍ന്ന് ചെറിയ അമ്പലങ്ങള്‍ തീവച്ചു നശിപ്പിച്ചെന്നും മഴ മൂലം ക്ഷേത്രം കത്തി നശിച്ചില്ല എന്നും, അതല്ല മതിലുകള്‍ മാത്രമേ തകര്‍ത്തുള്ളൂ എന്നും കഥകള്‍ പറയുന്നു! പക്ഷെ, അമ്പലപ്പുഴക്ക് വിഗ്രഹം ടിപ്പുവിന്‍റെ ആക്രമണത്തെ ഭയന്ന് മാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് സാമൂതിരിപ്പാടിന്റെയും, മറ്റു രേഖകള്‍ പറയുന്നു. പക്ഷെ പ്രചരിക്കപ്പെടുന്ന ചരിത്രം തകര്‍ത്തു എന്ന രീതിയില്‍ ആണ്. ചരിത്രത്തില്‍ രണ്ടുതവണയാണ് ഗുരുവായൂര്‍ക്ഷേത്രം തകര്‍ക്കപ്പെട്ടിട്ടുള്ളതും, കൊള്ളയടിക്കപ്പെട്ടിട്ടുള്ളതും.ആദ്യത്തേത് 1715-16 കാലത്ത് സാമൂതിരിക്കെതിരെ ഡച്ച് കമാന്‍ഡര്‍ ബേക്കര്‍ ജേക്കബും, കൊച്ചി രാജാവ്‍ രാമവര്‍മ്മ അഞ്ചാമനും ചേര്‍ന്ന് നടത്തിയ സംയുക്ത ആക്രമണത്തിലും, രണ്ടാമത്തേത് 1755ല്‍ ഡച്ച് – കൊച്ചി സംയുക്ത ആക്രമണത്തിലും. ഈ ആക്രമണങ്ങളില്‍ തൃക്കണ്ണാമതിലകം, കൊടുങ്ങല്ലൂര്‍, ചേറ്റുവായ് മുതലായ പ്രദേശങ്ങളിലെ മറ്റു ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടതായി കാണാം. 

ടിപ്പുവിലേക്ക് തിരിച്ചുവരികയാണെങ്കില്‍ കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവിലെ ഇനാം രജിസ്റ്ററും, ദേവസ്വം ആര്‍ക്കൈവിലെ രേഖകളും പരിശോധിച്ചാല്‍ ഇത് കാണാവുന്നതാണ്. 1786ല്‍ ക്ഷേത്രത്തിനായി 46.02 ഏക്കര്‍ കൃഷി നിലവും, 458.02 ഏക്കര്‍ ഗാര്‍ഡന്‍ ലാന്‍ഡും, അത് കൂടാതെ നിത്യ പൂജള്‍ക്കും മറ്റുമായി 8000 പഗോഡ വാര്‍ഷിക ഇനാമായി നല്‍കിയതും. ഈ തുക വര്‍ഷാവര്‍ഷം നല്‍കുവാനായി ടിപ്പു ചന്ദനപ്പറമ്പില്‍ അവറോസുകുട്ടി മൂപ്പന്‍ എന്ന ചാവക്കാട് സ്വദേശിയായ ഉദ്യോഗസ്ഥനെ നിയമിച്ചതാതായും കാണാം.

7) തൃപ്പക്കുളം ശിവക്ഷേത്രം

തിരുവഞ്ചിക്കുളത്തിനടുത്താണ് തൃപ്പക്കുളം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ടിപ്പു നശിപ്പിച്ചതായി പറയപ്പെടുന്ന ഈ ക്ഷേത്രം 1715,1755 കാലത്ത് കൊച്ചിയുടെയും, ഡച്ചുകാരുടെയും ആക്രമണത്തിലാണ് തകര്‍ന്നടിഞ്ഞത്. ക്ഷേത്രത്തിന് തീകൊളുത്തുകയും, ശിവലിംഗം ഡച്ചുകാര്‍ കൊച്ചി തുറമുഖത്ത് കപ്പലിന്‍റെ നങ്കൂരം ഉറപ്പിക്കുവാനുള്ള കുറ്റിയായി ഉപയോഗിച്ചതും ചരിത്രസത്യം.

8) തിരുവഞ്ചിക്കുളം ശിവക്ഷേത്രം.

   ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു എന്ന് പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു ക്ഷേത്രം. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കൊച്ചിയുടെയും, ഡച്ചുകാരുടെയും ആക്രമണത്തിലാണ് ക്ഷേത്രം തകര്‍ക്കപ്പെട്ടതെന്ന് കാണാം. കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവിലെ ഇനാം രജിസ്റ്റര്‍ പരിശോധിക്കുകയാണെങ്കില്‍ നമുക്ക് കാണാം. 208.82ഏക്കര്‍ കൃഷിഭൂമിയും, 70.58 ഏക്കര്‍ നെല്‍പ്പാടവും നല്‍കിയതായി കാണാം.

     ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട കാലഘട്ടമായിരുന്നു ടിപ്പുവിന്റെ മൈസൂര്‍ ഭരണകാലം. ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് തകര്‍ക്കുക എന്നത് മൈസൂര്‍ സുല്‍ത്താന്‍റെ നയമായിരുന്നില്ല. പക്ഷെ യുദ്ധകാലത്ത്  ശത്രുക്കളും, മൈസൂര്‍ സൈന്യവും ക്ഷേത്രങ്ങളെ ഒളിത്താവളങ്ങളും, സൈനികകേന്ദ്രങ്ങള്‍ ആക്കിയത് മൂലം ചില ക്ഷേത്രങ്ങള്‍ക്ക് കേടുപാടുകൾ ഉണ്ടായതായി കാണാം. ഏറ്റുമുട്ടലുകള്‍ ഉണ്ടാകുമ്പോളുള്ള എല്ലാ കഷ്ടനഷ്ടങ്ങളും ഇവിടെയും സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇതില്‍ ഏറിയ പങ്കും പിൽക്കാല കെട്ടുകഥകളെ ആശ്രയിച്ച് വ്യാജമായി ഉരുത്തിരിഞ്ഞതാണ്. ഇവയ്ക്ക് ഏറെ പ്രചാരം നല്‍കിയത് ടിപ്പുവിന്‍റെ ആജന്മശത്രുക്കളായ ബ്രിട്ടീഷ് ചരിത്രകാരന്മാരുടെയും, ഉദ്യോഗസ്ഥരുടെയും ഗ്രന്ഥങ്ങളിലൂടെയും, അവരെ പിന്തുടര്‍ന്ന് വന്നവരിലൂടെയുമാണ്‌. പക്ഷെ ഇവരൊക്കെയും ടിപ്പു തകര്‍ത്തു എന്ന് ആരോപിക്കപ്പെടുന്ന പല ക്ഷേത്രങ്ങൾക്കും ഇനാമുകള്‍ നല്‍കി സംരക്ഷിച്ചു പോന്നിരുന്നതായി ആര്‍ക്കൈവുകള്‍ രേഖകള്‍ നമുക്ക് വെളിവാക്കിത്തരുന്നു. ടിപ്പുവിന്റെ അന്ത്യദിനമായ 1799 മെയ് 4  ആരംഭിക്കുന്നത് തന്നെ അദ്ദേഹം ചന്നപട്ടണത്തുള്ള ബ്രാഹ്മണർക്ക് ദാനം നൽകിക്കൊണ്ടാണ്. അതുപോലെതന്നെ മൈസൂറില്‍ 200ലേറെ ക്ഷേത്രങ്ങള്‍ ടിപ്പുവിന്‍റെ മേല്‍നോട്ടത്തില്‍ സംരക്ഷിച്ചു പോന്നിരുന്നതായി മൈസൂര്‍ ആര്‍ക്കൈവ്സിലെ രേഖകള്‍ സാക്ഷ്യം വഹിക്കുന്നു. കൂടാതെ മലബാറിലെ ഭൂമിയെല്ലാം സര്‍വ്വേ ചെയ്തു നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ ക്ഷേത്രത്തിന്റെതായാ വകയെല്ലാം നീക്കിവച്ചതിന് ശേഷം ബാക്കിയുള്ളവ മാത്രമേ സര്‍ക്കാരില്‍ ചേർത്തുള്ളൂ എന്നു കാണാം. പാലയൂര്‍ ക്രിസ്ത്യന്‍പള്ളി ഉള്‍പ്പെടെ ഏകദേശം നൂറിൽ പരം ക്ഷേത്രങ്ങള്‍ക്കും, സത്രങ്ങള്‍ക്കും ടിപ്പു ഇനാമുകള്‍ നല്‍കി സംരക്ഷിച്ച് പോന്നിരുന്നതായി കോഴിക്കോട് കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവിലെ ഇനാം രജിസ്റ്ററില്‍ കാണാവുന്നതാണ്. 

➤ തിരുനാവായ നാവാമുകുന്ദക്ഷേത്രം: 40.13 ഏക്കര്‍ നെല്‍പ്പാടം, 157. 05, 14.80 ഏക്കര്‍ ഭൂമി.
➤ തൃപ്പങ്ങോട് ശിവഷേത്രം: 198.88 ഏക്കര്‍ നെല്‍പ്പാടവും ഭൂമിയും.
➤ കൊടികുന്ന് ഭഗവതിക്ഷേത്രം – പട്ടാമ്പി: 16.40 ഏക്കര്‍ നെല്‍പ്പാടം
➤ മണ്ണൂര്‍ ശിവക്ഷേത്രം – മലപ്പുറം: 70.42 ഏക്കര്‍ കൃഷിഭൂമി, 3.29 ഏക്കര്‍ ഗാര്‍ഡന്‍ ലാന്‍ഡ്‌.
➤ തിരുവഞ്ചിക്കുളം ശിവക്ഷേത്രം: 208.82 ഏക്കര്‍ കൃഷിനിലം, 70.58 ഏക്കര്‍ നെല്‍പ്പാടം, 3.29 ഗാര്‍ഡന്‍ ലാന്‍ഡ്‌.
➤ ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം: 46.02 ഏക്കര്‍ കൃഷിനിലം, 458.02 ഏക്കര്‍ ഗാര്‍ഡന്‍ ലാന്‍ഡ്‌, 8000 പഗോഡ വാര്‍ഷിക ഇനാം
➤ പിഷാരിക്കാവ് ക്ഷേത്രം: 73.83ഏക്കര്‍ ഏക്കര്‍ നെല്‍പ്പാടം, 56.92 ഏക്കര്‍ ഭൂമി.
➤ കാപ്പില്‍ കരിങ്കാളി ക്ഷേത്രം, ഏറനാട് താലൂക്ക്: 1.37 ഏക്കര്‍ ഭൂമി
➤ ഉള്ളാനം ശിവക്ഷേത്രം, മലപ്പുറം: 12.73 ഏക്കര്‍ നെല്‍വയല്‍പ്പാടം
➤ കേരളാദീശപുരം ക്ഷേത്രം: 8.37 ഏക്കര്‍ നെല്‍പ്പാടം.
➤ നടുവത്ത് ക്ഷേത്രം: 1.88 ഏക്കര്‍ നെല്‍പ്പാടം.
➤ ചെമ്മത്തല ഭഗവതി ക്ഷേത്രം: 15.13 ഏക്കര്‍ ഭൂമി.
➤ കരിക്കാട്ട് ക്ഷേത്രം, എടയൂര്‍ അംശം: 7.33 ഏക്കര്‍ നെല്‍പ്പാടം.
➤ നിരംകൈതക്കോട്ട അയ്യപ്പക്ഷേത്രം: 16.72 ഏക്കര്‍ നെല്‍പ്പാടം, 2.75 ഏക്കര്‍ ഭൂമി.
➤ തൃക്കണ്ടിയൂര്‍ ക്ഷേത്രം: 20.63 ഏക്കര്‍ ഭൂമി, .41 ഏക്കര്‍ ഗാര്‍ഡന്‍ ലാന്‍ഡ്.
➤ തൃക്കലയൂര്‍ സമൂഹം ക്ഷേത്രം, കരപ്പുറം സത്രം – 5.48 ഏക്കര്‍ നെല്‍പ്പാടം
➤ മുത്തൂര്‍കുന്ന് ഭഗവതി ക്ഷേത്രം, മഞ്ചേരി- 194.51 ഏക്കര്‍ ഭൂമി
➤ പെരുമുടിശ്ശേരി വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം, വെളിയംകോട്‌: 21.43 ഏക്കര്‍ നെല്‍പ്പാടം, 6.26 ഏക്കര്‍ കൃഷിഭൂമി.
➤ പെരിത്തറ കോവില്‍ ശിവക്ഷേത്രം, കസബ അംശം: 66.49ഏക്കര്‍ നെല്‍പ്പാടം, 15.01 ഏക്കര്‍ ഭൂമി.
➤ കൊടികുന്ന്‍ ഭഗവതിക്ഷേത്രം, ചെമ്പലങ്ങാട് സമൂഹം സത്രം: 16.40 ഏക്കര്‍ നെല്‍പ്പാടം.
➤ ആനയംകുന്നത്ത് ക്ഷേത്രം, തിരുവമ്പാടി അംശം: 1.30 ഏക്കര്‍ നെല്‍പ്പാടം.
➤ തൃശ്ശില്ലേരി ക്ഷേത്രം, കോട്ടയം താലൂക്ക്: 93.66 ഏക്കര്‍ നെല്‍പ്പാടം, 81.31 ഏക്കര്‍ ഭൂമി.
➤ തൃക്കണ്ടിയൂര്‍ സമൂഹം സത്രം: 4.11 ഏക്കര്‍ നെല്‍പ്പാടം.
➤ തൃക്കണ്ടിയൂര്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം: 20.63 ഏക്കര്‍ കൃഷിഭൂമി, 73.36 ഏക്കര്‍ ഗാര്‍ഡന്‍ ലാന്‍ഡ്
➤ തൃപ്രങ്ങോട് ശിവക്ഷേത്രം: 198.88 ഏക്കര്‍ നെല്‍പ്പാടം.

  ലേഖകൻ: Anzary Muhammed
(അതിഗംഭീരമായ ഒരു എഴുത്തായിട്ടും അത് എഴുതിയ ആളുടെ പേര് ഏറ്റവും ഒടുവിൽ കൊടുത്തത് ബോധപൂർമാണ്.. അല്ലെങ്കിൽ സുഡാപ്പി വിളിയോടെയാകും കമൻ്റുകൾ , മുഴുവൻ വായിച്ചു കഴിഞ്ഞ ശേഷം സുഡാപ്പി വിളി വന്നാലും , അത്രയെങ്കിലും ചരിത്രത്തിൻ്റെ വെളിച്ചം അവരുടെയെല്ലാം ഉള്ളിലേക്ക് കടന്നിരിക്കും.. തീർച്ച..)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...