SWAMI ANANDA THEERDHAR





സനാതനികൾ തല്ലിക്കൊന്ന നാരായണ ഗുരുവിന്റെ ശിഷ്യൻ പയ്യന്നൂരിലെ ആനന്ദ ഷേണായി.. 🙏🙏🙏

ഇന്ന് ശ്രീകൃഷ്‌ണനെ ശോഭിപ്പിക്കാൻ പോകുന്ന പട്ടികജാതിയിൽപെട്ടവർക്ക് ഓർമ്മയുണ്ടാവണം ഈ മുഖം. ഗുരുവായൂർ ക്ഷേത്രത്തിലിട്ട് തല്ലിച്ചതച്ച ആനന്ദ തീർത്ഥനെയും കൂടെ തല്ലുകൊണ്ട കല്ലറ സുകുമാരൻ അടക്കമുള്ള ദളിതരെയും!
  
നാരായണ ഗുരു നേരിട്ട് സന്യാസം നൽകിയ അവസാന ശിഷ്യനും, ശിവഗിരിയുടെ അവസാനത്തെ  മഠാധിപതിയും ആയിരുന്ന ( ഇപ്പോൾ ഉള്ളത് ട്രസ്റ്റിന്റെ തിരഞ്ഞെടുക്കപ്പെട്ട  പ്രസിഡന്റുമാർ ആണ്) ഗൗഡ സരസ്വത ബ്രാഹ്‌മണൻ. നാരായണഗുരു സമാധിയാകുന്നതിനു മൂന്ന് ദിവസം മുൻപ്, പലതവണ സന്യാസം സ്വീകരിക്കാൻ വന്നിട്ടും ഗുരു നിരുത്സാഹപ്പെടുത്തി തിരിച്ചയച്ചിട്ടുള്ള ആനന്ദനെ ടെലഗ്രാം ചെയ്തു വരുത്തി. ആനന്ദന് സന്യാസം കൊടുത്തു ആനന്ദ തീർത്ഥൻ എന്ന പേരും കൊടുത്തു.

ആനന്ദൻ ടെലിഗ്രാം കിട്ടിയ സന്തോഷത്തിൽ ശിവഗിരിയിൽ എത്തിയപ്പോൾ ഗുരു കാപ്പി കുടിക്കുകയായിരുന്നു. കുടിച്ചുകൊണ്ടിരുന്ന കാപ്പിയുടെ പകുതി ആനന്ദന് കൊടുത്തു. അതായിരുന്നു ആനന്ദന്റെ സന്യാസ ദീക്ഷാ ചടങ്ങ്. ”നീ ഇപ്പോൾ തന്നെ പുറപ്പെട്ടോളൂ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്,നീ ദളിതർക്ക്  വേണ്ടി പ്രവർത്തിക്കണം” ഇതായിരുന്നു മദ്രാസ് യൂണിവേഴ്സിറ്റിയിലെ അന്നത്തെ എം എ രണ്ടാം റാങ്ക് കാരൻ കൂടിയായിരുന്ന ശിഷ്യന് ഗുരു നൽകിയ സന്ദേശം.ശിഷ്യൻ അത് ജീവിതാവസാനം വരെ പാലിക്കുകയും ചെയ്തു.സവര്‍ണ ഹിന്ദു സമുദായത്തെ ഹൃദയം കൊണ്ട് വര്‍ജിച്ച അദ്ദേഹം പിന്നോക്ക -ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായിട്ടാണ് അധികകാലം ജീവിച്ചിരുന്നത്. 1931 ൽ കണ്ണൂര്‍ കേന്ദ്രമാക്കി ‘ജാതിനാശിനിസഭ’ രൂപീകരിച്ചു.ഇതിൽ അംഗങ്ങളാകുന്നവർ പേരിനൊപ്പം ജാതിപ്പേര് ചേർക്കാത്തവരും ഒരുതരത്തിലും ജാതി പാലിക്കാത്തവരും ആയിരിക്കണമെന്ന് നിർബന്ധമായിരുന്നു. മിശ്രഭോജനം, മിശ്രവിവാഹം എന്നിവയും അവർ പ്രോത്സാഹിപ്പിച്ചു.   നാരായണ ഗുരുവിന്റെ തല്ലുകൊള്ളി ശിഷ്യന്മാരിൽ പ്രധാനിയായി അറിയപ്പെടുന്ന ആനന്ദ തീർത്ഥൻ ഒടുവില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ബ്രാഹ്മണസദ്യയെ ചോദ്യംചെയ്തുകൊണ്ട് ദളിതരുമായി  ഊട്ടുപുരയിൽ പ്രവേശിച്ചതിന് കിട്ടിയ ക്രൂരമായ മര്‍ദനമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്. 1905 ജനുവരി 2നു ജനിച്ച സ്വാമി1984 നവംബര്‍ 21നാണ് വിടപറഞ്ഞത്. 

പാലക്കാട് ശബരി ആശ്രമത്തില്‍ നിന്നും പട്ടിക ജാതിക്കാരേയും കൂട്ടി കല്ലേക്കുളങ്ങളര ക്ഷേത്രത്തിലേക്കു പോയപ്പോഴും  സ്വാമിയെ സവര്‍ണര്‍ വളഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ആ മര്‍ദ്ദനം ഏറ്റുവാങ്ങുമ്പോഴും ക്ഷതം സംഭവിച്ചത് ശരീരത്തിനു മാത്രമായിരുന്നു. 

അദ്ദേഹത്തെ വർക്കലയിൽനിന്നും തല്ലിയൊടിച്ചവരിൽ ഗുരുവിന് വട്ടായിരുന്നു എന്ന് കോടതിയിൽ അഭിഡവിറ്റ് കൊടുത്തവരുടെ പിന്മുറക്കാരും ഉണ്ടായിരുന്നു. 1959ല്‍ ശ്രീനാരായണ ധര്‍മസംഘത്തിന്റെ പ്രസിഡന്റും മഠാധിപതിയുമായിരുന്നു ആനന്ദതീര്‍ഥന്‍. എസ്എന്‍ഡിപി യോഗവുമായും ശിവഗിരി മഠവുമായും കലഹിച്ച് പയ്യന്നൂരിൽ നാരായണ ഗുരുവിൻറെ പേരിൽ തന്നെ  മറ്റൊരു ആശ്രമം ഉണ്ടാക്കിയിരുന്നുവെങ്കിലും 1974ല്‍ രാജിവയ്ക്കുന്നതുവരെ ശിവഗിരി ട്രസ്റ്റ് അംഗമായിരുന്നു.

ആറേഴുവര്‍ഷം തമിഴ്നാട്ടിലെ ഗ്രാമങ്ങളിലും പിന്നീട് കേരളം മുഴുവനും അലഞ്ഞുനടന്ന് അനീതിയോടും അയിത്തത്തോടും കലഹിച്ചു. ഹരിജനങ്ങള്‍, കൊറഗര്‍, ചക്ളിയര്‍, നായാടികള്‍ തുടങ്ങിയവരെ സംഘടിപ്പിച്ചു. ‘ജാതിനാശിനിസഭ’യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി  ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും ചായക്കടകളിലും ബാര്‍ബര്‍ ഷോപ്പുകളിലും അമ്പലക്കുളങ്ങളിലും ദളിതരെയും കൂട്ടി ചെന്നു. എല്ലായിടത്തും കൊടിയ മര്‍ദനം.

1952 ജനുവരി നാലിന് സ്വാമി ആനന്ദതീർഥൻ തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ മാങ്കുളം ഗ്രാമത്തിൽ എത്തി. അവിടെയുള്ള ദളിതരുടെ  കുടിലിൽ അവരോടൊപ്പം ഭക്ഷണം കഴിച്ചു അന്തിയുറങ്ങി. രാവിലെ സ്വാമിയുടെ സാന്നിധ്യത്തിൽ ഗ്രാമത്തിലെ പൊതു കിണറ്റിൽനിന്ന് ദളിതർ വെള്ളമെടുത്തു. അവരെയുംകൂട്ടി തൊട്ടടുത്തുള്ള ബ്രാഹ്മണന്റെ ഹോട്ടലിൽ കയറി കാപ്പി കുടിച്ചു. അതി ക്രൂരമായ മർദനമാണ് സ്വാമിക്കുനേരെ ഉണ്ടായത്. ഇടതുകാൽ അടിയിൽ തകർന്നു. കണ്ണിന്‌ പരിക്കുപറ്റി. ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചാണ് ജീവൻ രക്ഷിച്ചത്.   

ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ പ്രചാരണ ജാഥയുമായി പയ്യന്നൂര്‍ കണ്ടോത്തെ ക്ഷേത്രത്തിന് മുന്നിലൂടെ കടന്നുപോയ എ കെ ജിയെയും കേരളീയനെയും ജാതിപ്രമാണിമാരുടെ കുറുവടിസേന കൊല്ലാക്കൊലചെയ്തത് ചരിത്രം. അടിയേറ്റ് അര്‍ധപ്രാണരായ നേതാക്കളെ ആശുപത്രിയില്‍ പരിചരിക്കാന്‍ ഓടിയെത്തിയവരില്‍ ആനന്ദതീര്‍ഥനുമുണ്ടായിരുന്നു. അന്നുമുതല്‍ സ്വാമിയുടെ പ്രവര്‍ത്തനകേന്ദ്രമായി പയ്യന്നൂര്‍. 

മഹാത്മജിയെ കാണുന്നതിനായി സബര്‍മതിയിലേക്ക് കാല്‍ നടയായി സഞ്ചരിച്ച സ്വാമി പട്ടിക ജാതി ജനങ്ങളുടെ ചേരി പ്രദേശങ്ങളിലായിരുന്നു പലപ്പോഴും അന്തിയുറങ്ങിയിരുന്നത്. പൊതുവേ ദരിദ്രരായിരുന്ന അവര്‍ സവര്‍ണരെ ഭയന്ന് സ്വാമിജിക്ക് ഭക്ഷണവും വെള്ളവും പോലും നല്‍കിയിരുന്നില്ല. കടുത്ത വിശപ്പും ദാഹവും പട്ടിണിയും ശരീരത്തെ തളര്‍ത്തുമ്പോഴും സാമൂഹ്യ അവഗണനക്കെതിരെ ആഞ്ഞടിക്കുവാനുള്ള ഊര്‍ജം സംഭരിക്കുകയായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥ.

പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയം 

ഉത്തര മലബാറില്‍ ആഞ്ഞടിച്ച നവേത്ഥാന കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രമായിരുന്നു പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയം. ഈ വിദ്യാലയമുറ്റത്തെ ‘ഗാന്ധി മാവി’ന്റെ ഇലയനക്കങ്ങളിലുമുണ്ട് ചരിത്രത്തിന്റെ മര്‍മരങ്ങള്‍.  പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയം. ജാതിക്കെതിരായ പോരാട്ടവഴികളിലെ നിത്യസ്മാരകം കൂടിയാണ്. ദളിത് വിദ്യാർത്ഥികൾക്ക് മാത്രമേ ആ സ്‌കൂളിൽ അഡ്മിഷൻ നൽകിയിരുന്നുള്ളൂ. പയ്യന്നൂരിലും പരിസരങ്ങളിലുമുള്ള ദളിത് വിദ്യാര്‍ഥികള്‍ക്കുള്ള വീട്ടുവിദ്യാലയത്തിലെത്തുന്ന (റെസിഡൻഷ്യൽ സ്കൂൾ) കാറ്റിനും ചരിത്രത്തിന്റെ ചോരമണമുണ്ട്. ജാതിക്കോമരങ്ങളെ വെല്ലുവിളിച്ചതിന് അടിയേറ്റുവീണ പലതവണ സനാതനികളാൽ കൊലപ്പെടുത്താൻ ശ്രമിച്ച സ്വാമി ആനന്ദതീര്‍ഥന്റെ ചെറുത്തുനില്‍പ്പിന്റെ വീര്യമുണ്ട്.

കീഴ്‌ജാതിക്കാർക്ക് ഭംഗിയുള്ള പേരുകൾ ഇടാൻ പാടില്ല എന്നായിരുന്നു വ്യവസ്ഥ. ചാമി, പൊക്കൻ, ചപ്പില, കൊട്ടൻ, മരത്തൻ, കൊറുമ്പൻ, പോടൻ, പോക്കിണൻ തുടങ്ങിയവയായിരുന്നു അധഃകൃതരുടെ പേരുകൾ. ആനന്ദതീർഥൻ ആശ്രമത്തിലെ ദളിത്  കുട്ടികൾക്ക് പലതരത്തിൽ പേരിട്ടു. അങ്ങനെ ദാമോദര മാരാർ, പ്രഭാകര ശർമ, എൻ എ ഷേണായി, എൻ വി തമ്പുരാൻ, ജോർജ്, റഹിം  തുടങ്ങി വിവിധ പേരുകാർ ആശ്രമത്തിൽ വളരാൻ തുടങ്ങി. ചക്ലിയ സമുദായത്തിലെ ‘മാലിംഗൻ’ പയ്യന്നൂർ സ്കൂളിൽ എത്തിയത് തമ്പുരാൻ എന്ന പേരുമായി ആയിരുന്നു.  

1934 ജൂൺ 26ന്‌ തിയോസഫിക്കൽ സൊസൈറ്റിയിൽ ഔപചാരികമായി അംഗത്വമെടുത്തു. ഹിന്ദു മതത്തിനോടുള്ള ശക്തമായ വിമർശത്തിന്റെ ഭാഗമായി അംബേദ്കറോട് യോജിച്ചുകൊണ്ട് താഴ്ന്ന ജാതിക്കാർ ഹിന്ദുമതം വിട്ടുപോകട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  

“ദൈവത്തെ അന്വേഷിച്ച്‌ ഞാൻ ഒരിക്കലും ക്ഷേത്രങ്ങളിൽ പോകാറില്ല” –-സ്വാമി പറഞ്ഞു: ക്ഷേത്രമാണ് അയിത്തമെന്ന അധർമത്തിന്‌ സംരക്ഷണമരുളുന്ന ഏറ്റവും ശക്തിയുള്ള സ്ഥാപനം”. എന്നാൽ, അദ്ദേഹം എല്ലാ ക്ഷേത്രത്തിലും പോയി. തനിച്ചല്ല, ദളിതരായ കുട്ടികളുമൊത്ത്‌. ഏതൊക്കെ ക്ഷേത്രങ്ങളിൽ ദളിതർക്ക്  വിലക്കുണ്ടോ അവിടെയൊക്കെ സ്വാമി അവർക്കൊപ്പം പോയി. പല സ്ഥലത്തും മർദനത്തിന് ഇരയായി. അച്ഛൻ പ്രസിഡന്റായിരുന്ന ഗൗഡ സരസ്വത ബ്രാഹ്മണരുടെ തലശേരി നരസിംഹക്ഷേത്രത്തിൽനിന്നും സവർണരുടെ കടുത്ത മർദനമേറ്റു.  

ഗുരുവിന്റെ അവസാനത്തെ ശിഷ്യനും ശിവഗിരി മഠാധിപതിയുമായിരുന്ന ആനന്ദതീര്‍ഥന്റെ ഓര്‍മകള്‍ക്ക് എന്തുകൊണ്ടും തിളക്കമേറെയാണ്. അയിത്തോച്ചാടനം ജീവിതവ്രതമാക്കിയ പോരാളിയുടെ നിശ്വാസങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന നാരായണവിദ്യാലയവും മുറ്റത്ത്, ഹരിജന്‍ സേവാസംഘത്തിന് ഫണ്ട് പിരിക്കാനെത്തിയപ്പോള്‍ ഗാന്ധിജി നട്ട മാവും പുതിയകാലത്തിനുള്ള താക്കീതും സന്ദേശവുമാണ്. 83വര്‍ഷംമുമ്പ് ഇവിടെയെത്തിയ ഗാന്ധിജി ആനന്ദതീര്‍ഥന്റെ ജാതിയെന്തന്നറിയാന്‍ ഒരു ശ്രമം നടത്തി. വെറുമൊരു കൌതുകത്തിന്. ഗാന്ധിജിക്ക് പക്ഷേ, ക്ഷമചോദിച്ച് പിന്‍വാങ്ങേണ്ടി വന്നു. അതാണ് ആനന്ദതീര്‍ഥന്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...