മാപ്പിള സമരം...

ആശാൻ്റെ 'ദുരവസ്ഥ' നാലുവരി അടർത്തി വായിച്ചാലോ ഗാന്ധിജിയുടെയും ആനി ബസൻ്റിൻ്റെയും അംബേദ്കറുടെയും വിലയിരുത്തലുകൾ മുറിച്ചെടുത്ത് ഉദ്ധരിച്ചാലോ ചരിത്രം പൂർണ്ണമാവില്ല. ഭാഗികസന്ദർഭങ്ങളോടോ ഒറ്റതിരിഞ്ഞ സംഭവങ്ങളോടോ  നേതാക്കൾ നടത്തുന്ന ഉടനടിപ്രതികരണങ്ങൾ ആ ഒരു ചരിത്രഘട്ടത്തിൻ്റെ സമഗ്രവിലയിരുത്തലുകൾ ആവില്ല. അതുപോലെ ഒന്നോ രണ്ടോ സംഭവങ്ങളെ മാത്രം അടർത്തിയെടുത്ത് ഉദ്ധരിച്ചാലും ചരിത്രം അപൂർണ്ണമാകും. വ്യക്ത്യാനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള സങ്കുചിതവായനയല്ല, ചരിത്രവത്കരിച്ചുകൊണ്ടുള്ള സമഗ്രവായനയാണ് അഭികാമ്യം. അതിനുള്ള ശ്രമമാണ് സാമാന്യം ദീർഘമായ ഈ കുറിപ്പ്. 

മലപ്പുറം ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി പ്രദേശങ്ങളിൽ ബ്രിട്ടീഷ്-ജന്മി സംഖ്യത്തിനെതിരായി നൂറ്റാണ്ടിലധികം കാലം മാപ്പിള കുടിയാന്മാർ നടത്തിയ നൂറുകണക്കിന് കലാപങ്ങളാണ് മാപ്പിള ലഹളകൾ എന്ന് പൊതുവെ അറിയപ്പെടുന്നത്. ആ കലാപങ്ങൾ ഏറെക്കുറെ പ്രവചനാത്മകമായ മട്ടിലാണ് തുടങ്ങിയതും വികസിച്ചതും ഒടുങ്ങിയതും. പ്രാദേശികമായ പ്രശ്നങ്ങൾ പൊടുന്നനെ സംഘർഷങ്ങളായി ആളുന്നതായിരുന്നു സാധാരണ രീതി. പള്ളികൾ കേന്ദ്രീകരിച്ച്  പലപ്പോഴും കലാപകാരികള്‍ സംഘടിച്ചു. മറുവശത്ത് ഹിന്ദു ജന്മികൾക്ക് വേണ്ടി ബ്രിട്ടീഷ് പട്ടാളം രംഗത്ത് ഇറങ്ങിയിരുന്നു. കുടിയാന്മാർ തങ്ങളെ ആക്രമിച്ച/ചൂഷണം ചെയ്ത ജന്മികളുടെ തലയറുക്കുകയും പ്രതികാരമായി ബ്രിട്ടീഷ് പട്ടാളം കലാപകാരികളെ 'ശുഹദാക്കളാ'ക്കുകയും ചെയ്തു പോന്നു. കലാപങ്ങളുടെ ഒരു വശത്ത് ബ്രിട്ടീഷ് രാജ്-സവർണ്ണജന്മി അച്ചുതണ്ടും മറുവശത്ത് കുടിയാന്മാരായ മാപ്പിളമാരും അണിനിരന്നതിനാൽ  പിൽക്കാലത്ത് ഈ കലാപങ്ങളത്രയും വർഗീയമായി മാത്രം വിലയിരുത്തപ്പെടാനുള്ള പശ്ചാത്തലം സ്വാഭാവികമായും ഒരുക്കപ്പെട്ടു. എന്നാൽ സൂക്ഷ്മമായ വിശകലനം ആ നിഗമനത്തെ വലിയ തോതിൽ അസ്ഥിരപ്പെടുത്തുന്നതാണ്. 

പശ്ചാത്തലം :
-------------------
 
#ജാതിക്കെണികളും ജന്മിച്ചാട്ടയും: 

ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ പ്രത്യേകിച്ചും 'ഹിന്ദു' എന്ന സംജ്ഞ അതിൻ്റെ എല്ലാ പ്രയോഗസാധ്യതകളിലും പ്രതിനിധാനം ചെയ്തിരുന്നത് ചാതുർവർണ്ണ്യം അനുസരിക്കുന്നവരെ മാത്രമായിരുന്നു. ശൂദ്രർക്ക് 'കീഴുള്ള' ജനസാമാന്യം പൊതുവെ ആ പരിഗണനയ്ക്ക് പുറത്തായിരുന്നു. സവർണ്ണരിൽ നിന്ന് നേരിട്ടു കൊണ്ടിരുന്ന ജാതീയമായ കൊടിയ പീഡനങ്ങളാലും കുടിയാൻ വിരുദ്ധ നിലപാടുകളാലും പൊറുതിമുട്ടിയ കീഴാളർ മോചനവ്യാമോഹത്തോടെ ഇസ്ളാമിലേക്ക് മതം മാറിയത് സവിശേഷമായ ഒരു സാമൂഹ്യസന്നിഗ്ദ്ധാവസ്ഥ ഉണ്ടാക്കി. മതം മാറിയ അടിയാളർ മേലാളരെ അനുസരിക്കാതായതും നൂറ്റാണ്ടുകളായി സവർണ്ണർ അനുഭവിച്ചുപോന്ന ജാതിസൗകര്യങ്ങൾക്ക് പൊടുന്നവെ വിഘ്നം വന്നതും ജന്മികളെ സ്വാഭാവികമായി പ്രകോപിപ്പിച്ചു. കുടിയൊഴിപ്പിക്കൽ, അന്യായമായ നികുതി പിരിവ്, ഉയർന്ന പാട്ടം എന്നിങ്ങനെയുള്ള സാമ്പത്തികചൂഷണങ്ങൾക്കൊപ്പം ജാതിന്യായങ്ങളുടെയും പാരമ്പര്യവാദങ്ങളുടെയും പേരിലുള്ള അക്രമങ്ങളും അതോടെ വർദ്ധിച്ചു വന്നു; ഒപ്പം  മാപ്പിളയായി വേഷം മാറിയ അടിയാളജനതയുടെ ചെറുത്തുനിൽപ്പുകളും.   

നിലവിലിരുന്ന സാമൂഹ്യസംവിധാനം അവർണ്ണരാൽ നിരന്തരം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുകയായിരുന്നു. നികുതിഭാരവും കുടിയൊഴിപ്പിക്കലുകളും കൊള്ളപ്പാട്ടവും അനേകം കർഷകരെ ഭൂരഹിതരും അഗതികളുമാക്കി മാറ്റി. സാമൂഹ്യമായ അസംതൃപ്തി വർദ്ധിക്കുന്നതിനൊപ്പം ലഹള/കലാപങ്ങൾ അടിയ്ക്കടി സംഭവിച്ചു തുടങ്ങി. ബ്രിട്ടീഷ് ഇന്ത്യാ രൂപീകരണത്തിന് മുമ്പ് തന്നെ നെടിയിരുപ്പിൽ പെട്ട പ്രദേശങ്ങളിൽ ലഹളകൾ പലതു നടന്നു. തിരൂരങ്ങാടി- ഓമാനൂർ ലഹളകൾ ഉദാഹരണങ്ങളാണ്. സാമൂതിരിയുടെ നാടുവാഴിയായിരുന്ന പാറനമ്പിക്കെതിരെ അരങ്ങേറിയ മലപ്പുറം പട, മാപ്പിള ലഹളകൾക്കു മുൻപ് അരങ്ങേറിയ പോരാട്ടങ്ങളിൽ പ്രധാനപ്പെട്ടതാണ്. 

#തോക്കേന്തിയ വെള്ളക്കാരനും കൊല്ലും കൊലയുമുള്ള അധികാരിയും:  
 
1841- 1921 കാലയളവിൽ ആകട്ടെ എൺപതിലധികം സായുധസമരങ്ങൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരെ മാത്രം ഉണ്ടായിട്ടുണ്ട്. 1841 ൽ വള്ളുവനാട്ടെ പള്ളിപ്പുറത്തും മണ്ണൂരിലുമുണ്ടായ കലാപങ്ങൾക്ക് കാരണമായത് കർഷകരും ജന്മിമാരും തമ്മിലുള്ള തർക്കമായിരുന്നു. 1849 ൽ മഞ്ചേരിയിലും 1851 ൽ കുളത്തൂരിലും 1852 ൽ മട്ടന്നൂരിലും അസംതൃപ്തരായ മാപ്പിളമാർ ഭൂഉടമകൾക്കും ബ്രിട്ടീഷുകാർക്കുമെതിരെ കലാപങ്ങൾ നടത്തി. 1854-ൽ നടപ്പാക്കിയ 'മാപ്പിള ഔട്ട്റേജസ് ആക്ട്' എന്ന കരിനിയമത്തിന്റെ സഹായത്തോടെ ബ്രിട്ടീഷുകാർ മാപ്പിളമാരെ അടിച്ചമർത്തി. തുടർച്ചയായല്ലെങ്കിലും നൂറ്റാണ്ടുകൾ നീണ്ടു നിന്ന പോരാട്ടങ്ങൾ ഉച്ചസ്ഥായിയിലെത്തിയത് 1921 ലെ മലബാർ കലാപത്തോടെയാണ്. 

1918ൽ വരുത്തിയ മൊൻ്റെഗു-ചെംസ്ഫോഡ് ഭരണപരിഷകരണം ചർച്ച ചെയ്യാനായി മഞ്ചേരിയിൽ സംഘടിപ്പിച്ച അഞ്ചാമത്തെ അഖില മലബാർ സമ്മേളനത്തിൽ കുടിയാന്മാരും ജന്മിമാരും തമ്മിലുള്ള വൈരുധ്യം പ്രകടമായിരുന്നു. ഭൂമി തങ്ങളുടേതു മാത്രമാണെന്ന് ജന്മിമാർ നിലപാടെടുത്തു. കുടിയാന്മാർക്കൊപ്പം നിന്ന കോൺഗ്രസിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ജന്മിമാർ യോഗം ബഹിഷ്കരിച്ചു.  ആയിരത്താണ്ട് തങ്ങളുടെ ചൊൽപ്പടിക്ക് നിന്നവരും ഇസ്‌ളാമായതോടെ തങ്ങളെ ധിക്കരിക്കുന്നവരുമായ അവർണ്ണകുടിയാന്മാർക്ക് നേരെ കൊടിയ ജാതിപീഡനങ്ങൾ ജന്മിമാർ ഭരണപരമായ തങ്ങളുടെ അധികാരം ഉപയോഗിച്ച് അഴിച്ചുവിട്ടു. കമ്പനി സർക്കാർ ആകട്ടെ അമ്പതോളം വരുന്ന അത്യാവശ്യ ഉൽപ്പന്നങ്ങൾക്ക് വൻതോതിൽ നികുതി ചുമത്തി. സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾ ഏറനാട്ടിലേയും വള്ളുവനാട്ടിലേയും പാവങ്ങളുടെ ജീവിതം ദുരിതമയമാക്കി. നികുതി ഭാരം  താങ്ങാൻ പറ്റാത്തതാണെന്ന് വ്യക്തമാക്കിക്കൊണ്ട് അയച്ച പരാതികൾ പോലും കമ്പനി അവഗണിച്ചു. അതിജീവനം തന്നെ അസാധ്യമാക്കിയ സാമൂഹ്യസാഹചര്യം മാപ്പിളമാരെ അങ്ങേയറ്റം ക്ഷുഭിതരാക്കി. 

വ്യാപകമായ പട്ടിണിയും പീഡനവും മലബാറിലെ ജീവിതം അസഹനീയമാക്കിയിരുന്നു. ബ്രിട്ടീഷുകാരുടെ കരംപിരിവ് കങ്കാണികളും കരിനിയമങ്ങൾ നടപ്പാക്കാനുള്ള അധികാരികളുമായിരുന്നു സവർണ്ണജന്മികൾ. പരാന്നജീവിയായ 'അധികാരി' സ്വാഭാവികമായും സാധാരണക്കാരൻ്റെ കൺകണ്ട ശത്രുവായിത്തീർന്നു. ചെറിയ പ്രകോപനം പോലും ആളിക്കത്തിക്കുന്നത്ര സന്നിഗ്ദ്ധമായിരുന്നു തെക്കൻമലബാർ. ആ കരിമരുന്നിലേക്കാണ് കോൺഗ്രസ് ഖിലാഫത്ത് കത്തിച്ചെറിഞ്ഞത്. 

ഖിലാഫത്തിലെ താക്കീത്:
------------------------------------------

തുർക്കിയിലെ ഖലീഫയെ അട്ടിമറിച്ച ബ്രിട്ടീഷ് നടപടി ഇന്ത്യൻ ദേശീയപ്രക്ഷോഭത്തിൽ മുസ്ലീങ്ങളെ വിളക്കിച്ചേർക്കാനുള്ള സാധ്യതയായി കോൺഗ്രസ്സ് ഉപയോഗപ്പെടുത്തുവാൻ ആഗ്രഹിച്ചു. "ശുദ്ധരായ മാപ്പിളമാർക്ക് നിസ്സഹകരണ പ്രസ്ഥാനം മനസ്സിലാകില്ലെന്നും അവർ ആയുധമെടുക്കും" എന്ന എം.പി. നാരായണമേനോൻ്റെ മുന്നറിയിപ്പ്, അവരെ കൂടാതെ ബ്രിട്ടീഷ്‌വിരുദ്ധസമരം ശക്തിപ്രാപിക്കില്ല എന്ന ബോധ്യമുണ്ടായിരുന്ന ഗാന്ധിജിയും കോൺഗ്രസ്സും ചെവിക്കൊണ്ടില്ല. കൊളോണിയൽ വിരുദ്ധസമരമായി ഖിലാഫത്ത് പ്രസ്ഥാനത്തെ ആസൂത്രണം ചെയ്തതും സംഘടിപ്പിച്ചതും കോൺഗ്രസ് ആയിരുന്നു. അതിലൂടെ മലബാറിലെ വിപ്ലവബഹുജനപ്രസ്ഥാനത്തിൻ്റെ തലപ്പത്തേക്ക് മുസ്ളീം മതനേതാക്കളും എത്തപ്പെട്ടു. എന്നാൽ നിസ്സഹകരണപ്രസ്ഥാനത്തിൻ്റെ അഹിംസാത്മക മൂല്യബോധം പരിപൂർണ്ണമായും സ്വാംശീകരിക്കാനോ അനുയായികൾക്ക് പകർന്ന് കൊടുക്കാനോ അവർക്ക് സാധിച്ചിരുന്നില്ല. 

1921 ആഗസ്ററ് മാസം മലബാർ ഖിലാഫത്ത് പ്രക്ഷോഭം സമാരംഭിച്ചു. ഏറനാട് കേന്ദ്രീകരിച്ച് തുടങ്ങിയ സമരം മലബാർ ജില്ലയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. വലിയ ആവേശത്തള്ളിച്ചയോടെ മാപ്പിളക്കുടിയാന്മാർ സമരം ഏറ്റെടുത്തു. നുകങ്ങൾ പേറി തഴമ്പിച്ച തോളുകളിൽ നിന്ന് ഭാരമിറക്കാനും നട്ടെല്ലുകൾ നിവർത്തി കുനിഞ്ഞ ശിരസ്സുകൾ ഉയർത്തിപ്പിടിയ്ക്കാനും കാൽച്ചങ്ങലകൾ പൊട്ടിച്ചെറിയാനും അവസരം കിട്ടിയപ്പോൾ ഒക്കെയും എല്ലാ സ്വതന്ത്രരായ അടിമകളും ചരിത്രത്തിൽ ചെയ്തതിലും ഒരു പടി കടന്ന് അവർ പ്രവർത്തിച്ചു. തങ്ങളുടെ പരിമിതികൾക്കനുസരിച്ചുള്ള സ്വതന്ത്രരാഷ്ട്രം വിഭാവനം ചെയ്യുകയും അതിന് എതിർ നിൽക്കുന്നവരെ നിഷ്കരുണം നേരിടുകയും ചെയ്‌തു. 

സമരത്തെ ബ്രിട്ടീഷുകാർക്ക് ഒറ്റു കൊടുക്കാൻ ശ്രമിച്ച മുസ്ലീങ്ങളും ഹിന്ദുക്കളും ഒരുപോലെ വലിയ അക്രമങ്ങൾക്ക് ഇരയായി. ബ്രിട്ടീഷുകാരുടെ ഭരണത്തിനെതിരെ സമരം ചെയ്യുക എന്നാൽ പ്രായോഗികാർത്ഥത്തിൽ അവരുടെ ഭരണപങ്കാളികളും പ്രത്യക്ഷ മർദ്ദനോപകാരണങ്ങളുമായ സവർണ്ണജന്മിമാർക്കെതിരെ അടരാടുക എന്നാവുക സ്വാഭാവികമായിരുന്നു. പല തലമുറകളായി തങ്ങളുടെ ജീവിതത്തെ ദുരിതപ്പെടുത്തിയ, തങ്ങളുടെ സ്ത്രീകളെ കശക്കിയെറിഞ്ഞ, കള്ളപ്പറയും കൊള്ളക്കരവും അടിച്ചേൽപ്പിച്ച് തങ്ങളുടെ മക്കളെ പട്ടിണിക്കിട്ട പ്രാദേശിക ജന്മി-നാടുവാഴി കുടുംബങ്ങളോട് കണക്ക് തീർക്കുക എന്നതിലേക്ക് ഒരു ഘട്ടത്തിൽ പല ഉൾനാടൻഗ്രാമങ്ങളിലും സമരം ദിശമാറിയെത്തി. 

ഒറ്റനേതൃത്വത്തിന് കീഴിൽ സുഘടിതമായി സംഘടിക്കപ്പെട്ടവരായിരുന്നില്ല മറിച്ച് പ്രാദേശിക നേതൃത്വങ്ങൾക്ക് കീഴിൽ പലയിടങ്ങളിലായി സംഘം ചേർന്നവരായിരുന്നു സമരക്കാർ. പ്രഖ്യാപിതസമരലക്ഷ്യങ്ങൾ പൂർണ്ണമായും മനസിലാക്കാൻ പോലും കഴിയാത്തവരായിരുന്നു പോരിനിറങ്ങിയ മാപ്പിളമാർ. വാർത്താവിനിമയസൗകര്യങ്ങളുടെ അഭാവത്തിൽ സമരനേതൃത്വത്തിന് പ്രാദേശിക പോരാളിക്കൂട്ടങ്ങളുടെ മേൽ കാര്യമായ നിയന്ത്രണങ്ങൾ ചെലുത്താൻ കഴിഞ്ഞില്ല. വാളെടുത്തവരൊക്കെ വെളിച്ചപ്പെടുന്ന അവസ്ഥയിൽ ആസൂത്രണം അസാധ്യമായിരുന്നു. മാപ്പിളക്കുടിയാന്മാരെ ഒരുമിപ്പിക്കുവാനും സമരപ്രചോദനമായും മതവിശ്വാസം ഉപയോഗിച്ചത് വളരെ വേഗം പ്രകോപനപരമായ വർഗീയകാരണമായി ചിലർ ദുരുപയോഗിച്ചു. 

വീരാരാധനയും വീരമൃത്യു വാഗ്ദാനം ചെയ്യുന്ന മരണാനന്തരജീവിതവും ചിത്രീകരിച്ചുകൊണ്ട് പടപ്പാട്ടുകൾ രചിക്കപ്പെട്ടു. പോരാളികളെ ഉത്തേജിപ്പിക്കുകയായിരുന്നു ലക്ഷ്യമിട്ടതെങ്കിലും മതാത്മകമായ ചായ്‌വ് പ്രകടമാക്കുന്നതായിരുന്നു അവയത്രയും. പെട്ടന്ന് കൈവന്ന നിയമരഹിത സാഹചര്യം ഉപയോഗപ്പെടുത്തി മതമൗലികവാദികൾ മതപരിവർത്തനവും കൊള്ളയും കൊലയും നടത്തി. കലാപകാരികളെ ഉപയോഗിച്ച് ഹിന്ദു ജന്മികളെ തകര്‍ക്കുവാനും അവരുടെ വസ്തുവകകൾ തട്ടിയെടുക്കുവാനുമുള്ള ശ്രമങ്ങളും ചില മുസ്ളീം പ്രമാണിമാർ നടത്തിയിട്ടുണ്ട്. പരിപൂർണ്ണമായും മതനിരപേക്ഷവും ആദർശാത്മകവും ആയ സാമ്രാജ്യത്തവിരുദ്ധ കർഷക കലാപം മാത്രമായിരുന്നില്ല ഈ ലഹളകൾ എന്നർത്ഥം. 

ഖിലാഫത്ത് പ്രസ്ഥാനത്തിലെ മതപരമായ ഉള്ളടക്കം മാപ്പിളമാരെ ബ്രിട്ടീഷുകാർക്കെതിരെ ഒരുമിപ്പിക്കുന്നത് എളുപ്പമാക്കിയത് വിശദീകരിച്ചല്ലോ. മലബാറിലെ മാപ്പിള കുടിയാന്മാർ അനുഭവിച്ച കൊടിയ സാമ്പത്തികവിവേചനങ്ങളും യാതനകളും ആണ് അവരെ ബ്രിട്ടീഷ്-നാടുവാഴിവ്യവസ്ഥയ്ക്ക് എതിരെ തിരിച്ചത്. ബ്രിട്ടീഷ് ചൂഷണത്തിൻ്റെ പ്രത്യക്ഷോപകരണങ്ങളായി നിലകൊണ്ട  ജന്മിമാരും വെള്ളക്കാരൻ്റെ ഒറ്റുകാരായി പ്രവർത്തിച്ച സവർണ്ണരും ആക്രമിക്കപ്പെടുന്നത് സ്വാഭാവികമായിരുന്നു. പലതലമുറകളായി അനുഭവിച്ചുപോന്ന ജാതീയവിവേചനങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തോടൊപ്പം മതവിദ്വേഷവും ചേർന്നപ്പോൾ കലാപം അപകടകരമായ സ്വഭാവം പ്രകടിപ്പിച്ചു. കുടിയാൻ കലാപം വർഗീയകലാപമായി അസുഖപ്പെട്ടു തുടങ്ങി.

മുസ്‌ലിം 'കലാപകാരി'യും ഹിന്ദു 'ഇരയും' ആയി ആ സമരത്തെ പിന്നീട് ന്യൂനീകരിക്കാൻ ചിലർക്ക് അവസരമൊരുങ്ങിയത് അങ്ങനെയാണ്.

അവർണ്ണകുടിയൻമാർ നിസംഗരായത് എന്തുകൊണ്ട്!
-------------------------------------------------------

സവർണ്ണജന്മികളുടെ കൊടിയ പീഡനത്തിന് ആയിരത്താണ്ട് വിധേയമായിട്ടും എന്തുകൊണ്ട് കീഴാളരായ ഹിന്ദുക്കൾ തങ്ങളുടെ ജന്മിമാർക്കെതിരെ കലാപം അവസരമാക്കിക്കൊണ്ട് അക്രമോത്സുകമായി തിരിഞ്ഞില്ല എന്ന തികച്ചും 'ന്യായമായ' സംശയം ഉയരാം. അവർ കീഴാളരായത് കൊണ്ട് തന്നെ എന്നതാണ് ഉത്തരം. 

കീഴാളരുടെ ആത്മീയവും ഭൗതികവുമായ ഉടയോരായ ജന്മികളെ ധിക്കരിക്കാൻ ആ സാധുക്കൾക്ക് ആകുമായിരുന്നില്ല. നൂറ്റാണ്ടുകൾ കൊണ്ട് ശീലപ്പെട്ട ശ്രേണീകൃത അസമത്വം എന്ന് അംബേദ്‌കർ വിശദീകരിച്ച ജാതിവ്യവസ്ഥ അവരെ അത്രമേൽ കീഴടക്കിയിരുന്നു. മതമേധാവികളും ജന്മികളും ഒരേ കൂട്ടരായ സംവിധാനത്തിൽ മറിച്ചു സംഭവിക്കാൻ ഇടയില്ലല്ലോ. നവോത്ഥാനപൂർവ അടിയാളർ നൂറുനൂറു ജാതികളായി പരസ്പരം അയിത്തവും തീണ്ടലും പാലിച്ച് ശിഥിലമായിരുന്നു. ആത്മീയമായോ ആശയപരമായോ അവരെ ഒരുമിപ്പിക്കാൻ നേതാക്കൾ ഉണ്ടായിരുന്നില്ല. അതോടൊപ്പം അടിമത്തത്തോട് കീഴ്‌പ്പെടുന്ന അവരുടെ സഹസ്രാബ്ദ ശീലം അദൃശ്യചങ്ങലകളാൽ അവരെ കുരുക്കിയിട്ടു. 'ചട്ടം പഠിച്ച' ആന ദുർബലനെങ്കിലും വടിയേന്തിയ പാപ്പാനെ അനുസരിക്കുന്നത് പോലെ അവർ തമ്പാൻ്റെ വിശ്വസ്ത അടിമകളായി തുടർന്നു. 

കുടിയാന്മാരായ മാപ്പിളമാർ ഇത്തരം ജഡഭാരങ്ങളിൽ നിന്ന് ഉപരിപ്ലവമായെങ്കിലും മോചിതരായിരുന്നല്ലോ. വിവിധ അധഃസ്ഥിത ജാതികളിൽ നിന്ന് വർണ്ണാശ്രമ ചങ്ങലകൾ ഭേദിച്ച് മറുകണ്ടം ചാടിയവരെ മതപരമായി ഏകീകരിക്കുവാനും അവരെ കായികമായി പോലും സംരക്ഷിക്കുവാനുമുള്ള സംഘടിതശേഷി മാപ്പിളമാർക്ക് ഉണ്ടായിരുന്നു. സംഘടിതമായ അവരുടെ മതഘടനയും പള്ളികളും മാപ്പിളമാരെ ഒരുമിപ്പിച്ചപ്പോൾ, അവർ മാത്രം കലാപത്തിനിറങ്ങിയതിൽ അതുകൊണ്ടുതന്നെ അസ്വാഭാവികമായി ഒന്നും ഇല്ല.  

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
----------------------------------------------------------------

എന്നാൽ ആ സന്ദർഭത്തിലും കാലാതിവർത്തിയായ ദീർഘവീക്ഷണത്തോടെ കലാപത്തിന് ദിശാബോധം നൽകാനും വിമോചിതമായ പ്രദേശത്തിന് പ്രായോഗികസ്വത്വം നൽകാനും ശ്രമിച്ച നേതാവാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. 

മതം കുഞ്ഞഹമ്മദ് ഹാജിക്ക് ആന്തരികപ്രചോദനവും ദിശാബോധവും നൽകിയിരിക്കാമെങ്കിലും ആ സമരം ഉദാത്തമായ ചില ലക്ഷ്യങ്ങൾ മുൻനിർത്തി ആകണമെന്നും കുടിയാന്മാരായ ഹിന്ദുക്കൾ ഉപദ്രവിക്കപ്പെടരുതെന്നും ക്രൂരന്മാരായ ജന്മികളും വെള്ളക്കാരും പോലീസുകാരും മാത്രം ആക്രമിക്കപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അനുസരിക്കാത്ത സ്വസമുദായക്കാരെ ശിക്ഷിക്കാനും തിരുത്താനും അദ്ദേഹം തയ്യാറായി. മാപ്പിളഖിലാഫത്തെന്നല്ല, 'മലയാളരാജ്യ'മെന്നാണ് തൻ്റെ വരുതിയിൽ വന്ന പ്രദേശത്തെ അദ്ദേഹം നാമകരണം ചെയ്തത്. മതമല്ല, മാതൃഭാഷ മാത്രമേ പ്രജകളെ ഒരുമിപ്പിക്കൂ എന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയകുശലത അദ്ദേഹത്തിന് തീർച്ചയായും ഉണ്ടായിരുന്നു.

കീഴാള പ്രതിബദ്ധത ഉയർത്തിപ്പിടിച്ചുകൊണ്ട് കുമ്പിൾ കഞ്ഞി, കാണഭൂമി എന്നിവ അവസാനിപ്പിച്ചും കുടിയാന്മാരെ ഭൂഉടമകളാക്കിയും പ്രഖ്യാപനം നടത്തി. ഒരു കൊല്ലം നികുതിയിളവ് നൽകി. വയനാട്ടിൽ നിന്നും തമിഴ് നാട്ടിലേക്കുള്ള ചരക്കു നീക്കത്തിന് നികുതി ഏർപ്പെടുത്തി. ബ്രിട്ടീഷ് രീതിയിൽ തന്നെയായിരുന്നു ഹാജിയുടെ ഭരണവും.

അക്രമികൾ സമരത്തെ വർഗീയാക്രമണമാക്കി അധഃപതിപ്പിക്കുന്നതും അതിലുള്ള അപകടവും അദ്ദേഹം വളരെ വേഗം തിരിച്ചറിഞ്ഞു. ആദ്യകാലത്ത് സമരത്തെ പിന്തുണച്ച ഗാന്ധിജിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നതിനെതിരെ വലിയ വിമർശമുയർത്തി. 'ദ ഹിന്ദു' ദിനപ്പത്രത്തിന് തങ്ങൾ ഹിന്ദുക്കൾക്ക് എതിരല്ല എന്ന് സ്വയം വിശദീകരിച്ചു കൊണ്ടുള്ള കുഞ്ഞഹമ്മദ് ഹാജി കത്തയയ്ക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ബ്രിട്ടീഷുകാർ മാത്രമാണ് തങ്ങളുടെ ശത്രുക്കളെന്നും ഹിന്ദു-മുസ്ലീം ലഹളയായി ഇതിനെ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും മഞ്ചേരി പ്രഖ്യാപനത്തിൽ അദ്ദേഹം ഊന്നുന്നുണ്ട്.

"അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താൽ ഞാൻ അവരെ ശിക്ഷിക്കും.ഇത് മുസൽമാന്മാരുടെ രാജ്യമാക്കാൻ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനിൽ ചേർക്കരുത്. അവരുടെ സ്വത്തുക്കൾ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഹിന്ദുക്കളെ നമ്മൾ ദ്രോഹിച്ചാൽ അവർ ഈ ഗവണ്മെൻറിൻറെ ഭാഗം ചേരും അതു നമ്മുടെ തോൽവിക്ക് കാരണമാവും." എന്ന ആഹ്വാനത്തിൽ രാഷ്ട്രതന്ത്രജ്ഞതയും പ്രായോഗികതയും പ്രകടമാണ്. "മുസൽമാന്മാരുടെ രാജ്യമാക്കാൻ ഉദ്ദേശ്യമില്ല" എന്ന വാക്യവും സുവർണ്ണാക്ഷരികളാണ്.  തീർച്ചയായും കൊള്ളയും കൊള്ളിവയ്പ്പും മതപരിവർത്തനവും നടത്തുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടുതന്നെയാണ് അദ്ദേഹം ഈ ഊന്നിപ്പറച്ചിൽ നടത്തിയത് എന്ന് ഉറപ്പ്. 

മതഭേദമന്യെ ഒറ്റുകാരായ തദ്ദേശവാസികളെയും ജന്മികളെയും സർക്കാർ അനുകൂലികളെയും കർശനമായി കുഞ്ഞഹമ്മദ് ഹാജി ശിക്ഷിച്ചിരുന്നു. ബ്രിട്ടീഷ് സിൽബന്ദികളായ പൂക്കോട്ടൂർ കോവിലകം ആക്രമിച്ച മാപ്പിള സൈന്യം സ്വത്തുക്കൾ കവർന്നെടുത്ത് കുടിയാന്മാർക്കു വീതിച്ചു നൽകിയത് ശ്രദ്ധേയമാണ്. മണ്ണാടൻ മൊയ്തീൻ കുട്ടിയും കൊണ്ടോട്ടി തങ്ങന്മാരും ആക്രമിക്കപ്പെട്ടതിന് കാരണം അവരുടെ ബ്രിട്ടീഷ് പക്ഷപാതിത്വം ആയിരുന്നു. ബ്രിട്ടീഷ് അനുകൂലിയായ ഖാൻ ബഹാദൂർ ചേക്കുട്ടിയെ  കൊന്ന് തലയറുത്ത് പ്രദർശിപ്പിച്ചു കൊണ്ട് മഞ്ചേരിയിൽ കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രഖ്യാപനം കലാപത്തിൻ്റെ രാഷ്ട്രീയവിശദീകരണം തന്നെയായിരുന്നു. 

അനന്തരം 
----------------
ലഹള നിർദാക്ഷിണ്യം അടിച്ചമർത്തപ്പെട്ടു. സവർണ്ണരോട് വിധേയത്വം പുലർത്തിയ കോൺഗ്രസ് അട്ടംപരതികളായി ബ്രിട്ടീഷുകാർക്ക് വിടുപണിചെയ്തു. സമരം ആഹ്വാനം ചെയ്തതും സംഘടിപ്പിച്ചതും ഒക്കെ കോൺഗ്രസുകാർ ആയിരുന്നെങ്കിലും അവർ കലാപകാരികളെ പരിപൂർണ്ണമായി ഒറ്റുകൊടുത്തു. 

മർദ്ദനങ്ങൾ, പീഡനങ്ങൾ,ബലാത്സംഗങ്ങൾ തുടങ്ങി സംഘടിതമായ ആക്രമണങ്ങൾക്ക് മാപ്പിളമാർ വിധേയരായി. ലഹളക്കാരെ അടിച്ചമർത്തുക എന്നതിനേക്കാൾ നിസ്സഹകരണപ്രസ്ഥാനത്തിൻ്റെ നടുവൊടിക്കുക എന്ന ലക്ഷ്യം കൂടി ബ്രിട്ടീഷുകാർ പോലീസിനെ ഉപയോഗിച്ച് നടപ്പാക്കുകയായിരുന്നു. ‘‘ഈ ക്രൂരമർദ്ദനങ്ങൾക്കെതിരായി ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഒരു ചെറുവിരലെങ്കിലും അനക്കിയിരുന്നുവെങ്കിൽ ഗവൺമെന്‍റിന് ഇത്രയും മൃഗീയമായ മർദ്ദനങ്ങൾ നടത്താൻ ധൈര്യമുണ്ടാകുമായിരുന്നില്ല. മർദ്ദനം വർധിച്ചിരുന്നില്ലെങ്കിൽ ലഹളയും ഇത്രത്തോളം പടർന്നു പന്തലിക്കില്ലായിരുന്നു..." എന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷുകാർ ജയിലിൽ അടച്ച ശ്രീ.മൊഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് തൻ്റെ 'ഖിലാഫത്ത് സ്മരണകൾ' എന്ന കൃതിയിൽ പരിതപിക്കുന്നത് ശ്രദ്ധേയമാണ്. ജാതിവിവേചനത്തോടും ജന്മി-ബ്രിട്ടീഷ് പീഡനങ്ങളോടും മലബാറിലെ കീഴാളർക്കിടയിൽ ഉമിനീറിയിരുന്ന വെറുപ്പിൻ്റെ ചരിത്രഭാരമോ പ്രാദേശികകോൺഗ്രസ് നേതാക്കളുടെ മുന്നറിയിപ്പുകളോ കണക്കിലെടുക്കാൻ ദേശീയ നേതാക്കൾക്ക് കഴിഞ്ഞില്ല എന്ന പിൽക്കാലവിമർശനം ഉയർന്നതോടൊപ്പം മോഴിക്കുന്നത്തിൻ്റെ നിരീക്ഷണവും ചേർത്ത് വായിക്കണം.

പിൽക്കാലത്ത് പ്രചരിപ്പിക്കപ്പെട്ട പതിനായിരക്കണക്കിന് കൊലപാതകങ്ങളുടെയും മതപരിവർത്തനങ്ങളുടെയും കണക്കുകൾ അതിശയോക്തിപരമാകാനേ വഴിയുള്ളൂ. മദ്രാസ് ഹൈക്കോടതിയിൽ പരിഗണനയ്‌ക്കെടുത്ത 195 കേസുകളിൽ 159 എണ്ണത്തിലും വ്യക്തിപരമായി ആരെയെങ്കിലും ഉപദ്രവിച്ചതായ പരാതി ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായ സൂചകമാണ്. 

ആഹ്വാനം:
-------------------

കഠിനജോലിക്ക് കുറഞ്ഞ കൂലി നല്‍കി മിച്ച മൂല്യം തട്ടിയെടുക്കുന്നതിലൂടെ തൊഴിലാളികൾ ദരിദ്രവല്‍ക്കരിക്കപ്പെടുന്നു. അവർ അനുഭവിക്കുന്ന ചൂഷണത്തിനും അനീതിക്കും പരിഹാരം, രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയുടെ പുനഃസംഘടനയും സമ്പത്തിൻ്റെ പുനര്‍വിതരണവും ആകുന്നു. ഒപ്പം പീഡിതരുടെ ഭാഷയും കലയും വിശ്വാസങ്ങളും വളരാനും വികസിക്കാനും വഴിയൊരുക്കുകയും വേണം. സാംസ്‌കാരിക വൈവിധ്യത്തെ ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്താൽ മാത്രമേ സമൂഹത്തില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക അനീതിക്ക് പരിഹാരമാകൂ. പൊതുശത്രുവിനെതിരെ ഒന്നിച്ചു നില്‍ക്കേണ്ടവരെ വിശ്വാസത്തിൻ്റെ പേരില്‍ പരസ്പരം പടവെട്ടുന്നവരാക്കിയതിലൂടെ വിജയിച്ചത് ശത്രുവായിരുന്നെന്നും മതേതരമല്ലാത്ത ആശയാവലികള്‍ സമരോപകരണമാക്കി മാറ്റുന്നതോടെ എത്ര മൂല്യവത്തായ സമരവും ഉദാത്തലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ച് മനുഷ്യവിരുദ്ധമായി അധഃപതിക്കും എന്ന ഭാവിപാഠവും മലബാര്‍ കലാപം നൽകുന്നുണ്ട്. 

ശേഷം:
-------------
1921ലെ കലാപം വർഗീയലഹളയെന്നും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും തീവ്രവാദികളും ആയി അപഹസിക്കുന്നവർ ചരിത്രത്തെ അപൂർണ്ണമായി വായിക്കുന്നവർ തന്നെയാണ്. തദ്ദേശീയരും വിദേശികളുമായ അനേകർ കൊള്ളയ്ക്കും കൊലയ്ക്കും വിധേയമായത് കൊണ്ട്, പിൽക്കാലത്ത് ഒന്നാം സ്വാതന്ത്ര്യസമരം എന്ന് പുകഴ്‌പെറ്റ 1847 ലെ സായുധസമരത്തെ ബ്രിട്ടീഷുകാർ ശിപ്പായി ലഹള എന്ന് ഇകഴ്ത്തിയത് പോലെ അർത്ഥശൂന്യമാണത്. അല്ലെങ്കിൽ, ചൗരിചൗരാ ആക്രമണം പോലുള്ള സംഭവങ്ങളുടെ പേരിൽ സ്വാതന്ത്ര്യ സമരത്തെ, ഇന്ത്യൻ കലാപം എന്ന് ആരെങ്കിലും വികലപ്പെടുത്തുന്നതിന് സമാനവും. 

1921ൽ തീർച്ചയായും ഹിന്ദുക്കൾ മതം മാറ്റപ്പെട്ടിട്ടുണ്ട്, പലായനം ചെയ്തിട്ടുണ്ട്, ആക്രമിക്കപ്പെട്ടിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുണ്ട്. മുസ്ലീങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്, ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്, നാടുകടത്തപ്പെട്ടിട്ടുണ്ട്, ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുണ്ട്. മതം സമരസേനാനികൾക്ക് ആന്തരികോർജ്ജം പകർന്നിട്ടുണ്ട്. തീർച്ചയായും മലബാർ കലാപം ഹിംസാത്മകമായിരുന്നു. അതുകൊണ്ടാണല്ലോ അത് കലാപമെന്ന് വിളിക്കപ്പെടുന്നത്. എന്നാൽ വൈരുദ്ധ്യാത്മകമായി മലബാർ കലാപത്തെ വിലയിരുത്തുമ്പോൾ, അത് അടിസ്ഥാനപരമായി ബ്രിട്ടീഷ് രാജും ജാതിജന്മി വ്യവസ്ഥയും അനിവാര്യമാക്കിത്തീർത്ത വിമോചനസമരം തന്നെയാണ് എന്നേ തീർച്ചപ്പെടുത്താൻ കഴിയൂ. 
-------------------------------------------------------------------
Against lord and state:Religion and Peasant Uprisings in Malabar, 1836-1921 by K. N. Panikkar
The Malabar Rebellion. By M. Gangadharan.
ആഹ്വാനവും താക്കീതും, ഇഎംഎസ് നമ്പൂതിരിപ്പാട് 
'ഖിലാഫത്ത് സ്മരണകൾ', മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് 

 
#മലബാർകലാപം #മാപ്പിളലഹള #വാരിയൻകുന്നത്ത് #കുഞ്ഞഹമ്മദ്ഹാജി #1921

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തീയർ നേരിട്ട പീഡനങ്ങൾ...

SANATANA RATI