VELUKKUTTY ARAYAN

മെയ് 31: ഡോ. വി വി വേലുക്കുട്ടി അരയൻ ഓർമ്മദിനം

ഇങ്ങനേയും ഒരു യുക്തിവാദിയായ പത്രാധിപർ ഇവിടെ ജീവിച്ചിരുന്നു.  
1930ല്‍ ആലപ്പുഴ ശ്രീരാമകൃഷ്ണ മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഡോ. വി വി വേലുക്കുട്ടിഅരയന്‍ പറഞ്ഞു; ”മതത്തിന്റെ പേരില്‍ നടക്കുന്ന സമ്മേളനമല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ അദ്ധ്യക്ഷ സ്ഥാനലബ്ധിയില്‍ കൂടുതല്‍ സന്തോഷിച്ചേനെ. എന്തുകൊണ്ടെന്നാല്‍ ഞാനും മതവും തമ്മില്‍ അത്രമേല്‍ അകന്നാണ് നില്‍ക്കുന്നത്.” 

പഴയൊരു ശൂദ്രലഹളയിൽ പ്രസ്‌ തകർക്കപ്പെട്ട അവര്‍ണ്ണരുടെ ഇടയിലെ ആദ്യത്തെ പത്രാധിപർ പരവൂർ കേശവനാശാന്റെ ശിഷ്യനും കേരളത്തിലെ അവർണ്ണരുടെ ആദ്യപത്രം “സുജനാനന്ദിനി ‘യുടെ സഹപത്രാധിപരുമായിരുന്നു ഡോ.വേലുക്കുട്ടി അരയൻ. പറവൂര്‍ കേശവനാശാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സുജനനന്ദിനി നായന്മാരുടെ അസഹിഷ്ണുതയെ പറ്റി മുഖപ്രസംഗം എഴുതി. ക്ഷുഭിതരായ നായര്‍ പ്രമാണിമാര്‍ പത്രാഫീസും അത് അച്ചടിച്ചിരുന്ന കേശവനാശാന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കേരളഭൂഷണം അച്ചുകൂടവും കത്തിച്ചു പകരം വീട്ടി. ഡോക്ടര്‍ പല്‍പ്പു മുന്‍കൈ എടുത്ത് സര്‍ക്കാറില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ദിവാന്‍ മാധവറാവ് ഈഴവന്മാരുടെ ഒരു യോഗം വിളിച്ചുകൂട്ടി. കാവാലം നീലകണ്ഠപ്പിള്ളയായിരുന്നു സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത്. ആ യോഗ തീരുമാനപ്രകാരമാണ് ഇരുകൂട്ടരും അന്യോന്യമുള്ള അക്രമത്തിന് വിരാമം ഇട്ടത്.ശ്രീനാരായണ ഗുരുദേവനോടൊപ്പം എസ്.എന്‍.ഡി.പി യോഗത്തിന്റെ ആദ്യ നയരൂപീകരണ സമിതിയില്‍ അംഗമായിരുന്നുകൊണ്ട് നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ ബഹുമുഖ പ്രതിഭയായിരുന്നു പരവൂര്‍ വി.കേശവനാശാൻ. വേലുക്കുട്ടി അരയനെയും മഹാകവി കെ.സി.കേശവപിള്ളയെയും വാർത്തെടുക്കുന്നതിൽ കേശവനാശാന്റെ ഗുരുകുല കളരി വലിയ പങ്കാണു വഹിച്ചത്.

സഹോദരൻ അയ്യപ്പൻറെ മിശ്രഭോജനത്തിന് ശേഷം 1917-ൽ വീണ്ടും അന്നത്തെ സാമൂഹ്യാവസ്ഥയെ വെല്ലു വിളിച്ചുകൊണ്ട് വേലുക്കുട്ടി അരയന്‍ “അരയൻ’ എന്ന പത്രം ആരംഭിച്ചതുമുതൽ 1969 ൽ അന്തരിക്കും വരെ വ്യത്യസ്തങ്ങളായ നിരവധി പത്രമാസികകളുടെ പത്രാധിപരായും ഉടമയായും അരനൂറ്റാണ്ടിലധികംകാലം പ്രവർത്തിച്ചു. രാജഭരണത്തെ വിമർശിച്ചതിന്റെപേരിൽ 1921ലും 1938ലും “അരയൻ’ പത്രം കണ്ടു കെട്ടുകയും ശ്രീമൂലം പ്രജാസഭയിലേക്കുള്ള ഡോ.വേലുക്കുട്ടി അരയന്റെ നോമിനേഷൻ റദ്ദാക്കപ്പെടുകയും ചെയതു.സാമൂഹ്യപരിഷ്കർത്താവ്, സ്വാതന്ത്ര്യസമരസേനാനി, സാഹിത്യകാരൻ, നിരൂപകൻ, പത്രാധിപർ, പത്രമുടമ, കലാകാരൻ, അയിത്തോച്ചാടന പ്രക്ഷോഭനേതാവ്, ശാസ്ത്രഗവേഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഭിഷഗ്വരൻ, ബഹുഭാഷാപണ്ഡിതൻ, നിരവധി ട്രേഡ് യൂണിയനുകളുടെ സ്ഥാപകൻ, പ്രഭാഷകൻ, രാഷ്ട്രീയനേതാവ്, യുക്തിവാദി തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു.

1894 മാര്‍ച്ച് 11ന് പണ്ഡിതനും വൈദ്യനുമായിരുന്ന വേലായുധന്റെയും വെളുത്തകുഞ്ഞമ്മയുടെയും മകനായി ജനനം. പതിനാലാം വയസ്സിലാണ് വേലുക്കുട്ടി അരയന്‍ സാമൂഹ്യസേവനരംഗത്തേക്ക് കടന്നുവന്നത്. 

ജന്മനാടായ ചെറിയഴീക്കലില്‍ അരയവംശപരിപാലനയോഗം എന്ന സാമുദായിക സംഘടന ആരംഭിച്ചു. 1919ല്‍ സമസ്തകേരളീയ അരയമഹാജനയോഗം സ്ഥാപിച്ചുകൊണ്ട് കാസര്‍ഗോഡു മുതല്‍ കന്യാകുമാരി വരെയുള്ള അരയ സമുദായ അംഗങ്ങളെ അവകാശപോരാട്ടങ്ങള്‍ക്കായുള്ള വലിയ സമരത്തില്‍ അണിനിരത്തി. ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന സമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ‘അരയന്‍’ പത്രം ആരംഭിച്ചു. പിന്നീട് സമൂഹത്തില്‍ അവശതയനുഭവിക്കുന്ന എല്ലാ സമുദായത്തിന്റെയും ശബ്ദിക്കുന്ന നാവായി ‘അരയന്‍’ മാറി. 

അയിത്തത്തിന്റെ പേരില്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടിരുന്ന തന്റെ ജാതി പദത്തെ സ്വന്തം പേരിനൊപ്പവും പത്രത്തിന്റെ പേരിനൊപ്പവും ചേര്‍ത്തതോടെ ടി കെ മാധവന്‍, അയ്യങ്കാളി, സി വി കുഞ്ഞുരാമന്‍ തുടങ്ങിയ അയിത്തോച്ചാടന പ്രക്ഷോഭ നേതാക്കളും സി എസ് സുബ്രഹ്മണ്യന്‍ പോറ്റി, മന്നത്തു പദ്മനാഭന്‍, കേസരി ബാലകൃഷ്ണപിള്ള, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, കെ പി കേശവമേനോന്‍ തുടങ്ങിയ സാമൂഹ്യപരിഷ്‌ക്കരണ വാദികളും അരയനെ ശക്തമായി പിന്‍തുണച്ചു. ഇവരൊക്കെ അരയന്‍ പത്രത്തില്‍ നിരന്തരം എഴുതുകയും പത്രത്തിന്റെ പ്രചാരം കൂടുതല്‍ വര്‍ദ്ധിക്കുകയും ചെയ്തു. 1919ല്‍ വേലുക്കുട്ടി അരയന്‍ സ്വന്തമായി പ്രസ്സ് ആരംഭിച്ചു. ഇതോടെ തിരുവിതാംകൂറിലെ പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുന്ന പല പ്രസിദ്ധീകരണങ്ങളും ‘അരയന്‍’ പ്രസ്സില്‍ അച്ചടിക്കാന്‍ തുടങ്ങി. കേരളത്തിലെ ആദ്യത്തെ വനിതാ മാസികകളിലൊന്നായ ‘അരയസ്ത്രീജന’മാസിക പ്രസിദ്ധീകരിച്ചുകൊണ്ട് സ്ത്രീശാക്തീകരണത്തിനും സ്ത്രീവിമോചനത്തിനും ശക്തമായ പിന്‍തുണ നല്‍കി.

1924ല്‍ എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ അവര്‍ണരായ ഹിന്ദുക്കളുടെ മഹാസമ്മേളനം മുതുകുളത്തു കൂടി ‘അവര്‍ണ ഹിന്ദു മഹാസഭ’ രൂപീകരിച്ചപ്പോള്‍, അതിന്റെ ജനറല്‍ സെക്രട്ടറിയായി ഏകകണ്‌ഠേന തെരഞ്ഞെടുത്തത് വേലുക്കുട്ടി അരയനെയായിരുന്നു.ജാതിക്കുപരിയായി തൊഴിലാളികള്‍ തൊഴിലിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കേണ്ടതിന്റെ ആവശ്യകത വേലുക്കുട്ടി അരയന് ബോധ്യമുണ്ടായിരുന്നു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂര്‍ നാവികത്തൊഴിലാളി സംഘം, തിരുവിതാംകൂര്‍ മത്സ്യത്തൊഴിലാളി യൂണിയന്‍, തിരുവിതാംകൂര്‍ കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, മിനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, തിരുവിതാംകൂര്‍ പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നീ തൊഴിലാളി യൂണിയനുകള്‍ രൂപീകരിച്ചത്. തിരുവിതാംകൂറില്‍ വിപ്‌ളവത്തിന്റെ തീ തലപ്പുകൊണ്ട് ചരിത്രം രചിച്ച നാവികത്തൊഴിലാളി കലാപത്തിനു മുന്നില്‍ ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ മുട്ടുമടക്കിയതിനു പിന്നിലെ ബുദ്ധികേന്ദ്രം വേലുക്കുട്ടി അരയനായിരുന്നു.

പുന്നപ്ര-വയലാർ സമരത്തിന്റെയും ശൂരനാട് സമരത്തിന്റെയും നേതാക്കൾക്ക് ആലപ്പാട് പഞ്ചായത്തിലും സ്വഗൃഹത്തിലും സുരക്ഷിത താവളമൊരുക്കിയ ഡോ. വേലുക്കുട്ടി അരയന്റെ അച്ചടിശാലയിലാണ് അക്കാലത്തെ കമ്യൂണിസ്റ്റ‌് പാർടി രേഖകളും നോട്ടീസുകളും അച്ചടിച്ചിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച കാലത്ത് പാര്‍ട്ടിയുടെ രഹസ്യയോഗങ്ങള്‍ പലതും നടന്നത് തിരുവനന്തപുരത്തുള്ള അരയന്റെ വസതിയിലാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

SANATANA RATI

തീയർ നേരിട്ട പീഡനങ്ങൾ...